നന്തിയിലെ വഗാഡ് ലേബര്‍ ക്യാമ്പിനെ മാലിന്യങ്ങള്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യക്ഷസമരവുമായി പ്രദേശവാസികള്‍: ശുദ്ധജലം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യം


കൊയിലാണ്ടി: നന്തി ശ്രീശൈലം കുന്നിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന വഗാഡ് ലേബര്‍ ക്യാമ്പിലെ മാലിന്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യക്ഷസമരവുമായി പ്രദേശവാസികള്‍. ഇതിന്റെ ഭാഗമായി സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സമിതി രൂപീകരിക്കുകയും മാര്‍ച്ച് 17ന് ലേബര്‍ ക്യാമ്പിനു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ലേബര്‍ ക്യാമ്പിലെ മാലിന്യങ്ങള്‍ ശരിയാംവിധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകാരണം ശ്രീശൈലം കുന്നിനു താഴെയുള്ള കിണറുകളിലെ വെള്ളം ഒരു കാര്യത്തിനും ഉപയോഗിക്കാന്‍ കഴിയാത്തവിധം മലിനമായിരുന്നു. പത്തിലേറെ കുടുംബങ്ങളാണ് നിലവില്‍ ഇതുകാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇതോടെയാണ് നാട്ടുകാര്‍ വഗാഡ് ലേബര്‍ ക്യാമ്പിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

200ഓളം ആളുകള്‍ വഗാഡ് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ടെന്നാണ് ജനകീയ സമിതി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. കക്കൂസ് മാലിന്യങ്ങള്‍ പ്രാചീന കാലത്തെന്നപോലെ മണ്ണില്‍ കുഴിയുണ്ടാക്കി അതിലേക്ക് പൈപ്പുവഴി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. പലയിടത്തും കുഴി സ്ലാബിട്ട് മൂടുകപോലും ചെയ്തിട്ടില്ല. ഈ മാലിന്യങ്ങള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങി കുന്നിനു താഴത്തെ വീടുകളിലെ കിണറുകളിലെത്തുന്നതാണ് കിണര്‍ ജലം മലിനമാകാന്‍ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായതായും ഇവര്‍ പറഞ്ഞു.

മൂന്നുമാസം മുമ്പുതന്നെ പ്രദേശവാസികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഫെബ്രുവരി 25ന് ജനകീയ കമ്മിറ്റി രൂപീകരിച്ച് ലേബര്‍ ക്യാമ്പ് അധികൃതരുമായി സംസാരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും പഴയ സ്ഥിതിയില്‍ മുന്നോട്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാര്‍ച്ച് ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ജനപ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും യോഗം ചേര്‍ന്നിരുന്നു. മാര്‍ച്ച് 12ന് ക്യാമ്പില്‍ തല്‍ക്കാലത്തേക്ക് ഫൈബര്‍ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുമെന്നും പതിനാറിനുശേഷം കോണ്‍ക്രീറ്റ് ചെയ്ത വലിയ ടാങ്കുകള്‍ തയ്യാറാക്കുമെന്നും യോഗത്തില്‍ കമ്പനിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത പി.ആര്‍.ഒ ജിനില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഫൈബര്‍ സെപ്റ്റിക് ടാങ്ക് പോലും സ്ഥാപിച്ചിട്ടില്ലെന്നാണ് ജനകീയ സമിതി ഭാരവാഹികള്‍ പറയുന്നത്.

കിണര്‍ജലം മലിനമായതിനു പിന്നാലെ പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടലിന്റെ ഫലമായി മാര്‍ച്ച് 11നും 12നും ആര്‍.ഡി.ഒ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പതിനൊന്നിന് ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ആര്‍.ഡി.ഒ അവിടുത്തെ ന്യൂനതകളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പിറ്റേദിവസം പ്രദേശത്തെ മലിനമായ കിണറുകള്‍ പരിശോധിക്കുകയും ദുരിതബാധിതരുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ലേബര്‍ ക്യാമ്പ് ഇവിടെ നിന്ന് മാറ്റണമെന്ന നിലപാടാണ് യോഗത്തില്‍ പ്രദേശവാസികള്‍ സ്വീകരിച്ചത്. ക്യാമ്പ് മാറ്റുന്നില്ലെങ്കില്‍ സര്‍ക്കാറും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 16ാം തിയ്യതി വരെ നിലവില്‍ കുടിവെള്ളം എത്തിക്കുന്നവര്‍ ദിവസവും എത്തിക്കുകയും അതിന്റെ ചിലവ് കമ്പനിയില്‍ നിന്ന് ഈടാക്കാനും 16ന് ശേഷം കമ്പനി വല്ല ഏജന്‍സിയെയോ ഏല്‍പ്പിച്ച് ആവശ്യത്തിനുള്ള വെള്ളം ദിവസവും എത്തിക്കണമെന്നും ആര്‍.ഡി.ഒ നിര്‍ദേശിച്ചു. മലിനമായ കിണര്‍ കമ്പനി ക്ലീന്‍ ചെയ്ത് കൊടുക്കാനും പ്രദേശത്തെ മറ്റ് കിണറുകളും പരിശോധനക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാന്റില്‍ ഇപ്പോള്‍ ഒഴുകി കൊണ്ടിരിക്കുന്ന മലിനജലം ഉടനെ നിറുത്താനും 23-ാം തിയ്യതിക്കുള്ളില്‍ ശാസ്ത്രീയമായ രീതിയില്‍ സെപ്റ്റിക്ക് ടാങ്ക് നിര്‍മ്മിക്കാനും, മലിനജലം റീസൈക്ലിങ്ങ് ചെയ്യാന്‍ വേണ്ടത് ചെയ്യാനും കമ്പനി പി.ആര്‍.ഒ ജിനിലിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് വേണ്ടതെന്നാണ് ജനകീയ സമിതി ആവശ്യപ്പെടുന്നത്. സമിതി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍:

ലേബര്‍ ക്യാമ്പ് അവിടെ നിന്നും മാറ്റുനില്ലെങ്കില്‍ സര്‍ക്കാറും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദേശിക്കുന്ന എല്ലാ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളുമുണ്ടായിരിക്കണം

പ്രദേശത്തെ മലിനമായ കിണറുകള്‍ കമ്പനി ചെലവില്‍ ശുദ്ധീകരിക്കാന്‍ ഏര്‍പ്പാടുണ്ടാക്കണം. ഒപ്പം മലിനജലം പമ്പു ചെയ്തതിനാല്‍ പ്രദേശവാസികളുടെ ടാങ്കുകളും ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഈ ടാങ്കുകള്‍ തുടര്‍ന്ന് ഉപയോഗിക്കരുതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ലഭിച്ച നിര്‍ദേശം. ചിലപ്പോള്‍ പ്ലംബിങ് അടക്കം പുതുക്കി ചെയ്യേണ്ടിവരും. ഈ സാഹചര്യത്തില്‍ ഇതിന്റെ ചെലവും കമ്പനി വഹിക്കണം.

നിലവില്‍ 200 ലിറ്റര്‍ വെള്ളമാണ് ഒരുദിവസം പ്രശ്‌നബാധിത കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ആവശ്യങ്ങള്‍ക്ക് ഉതകുന്നതല്ല. അതിനാല്‍ ആയിരം ലിറ്ററിന്റെ ടാങ്ക് വാങ്ങി നല്‍കി അതില്‍ വെള്ളം ശേഖരിച്ചുവെയ്ക്കാനുള്ള സംവിധാനം ഏര്‍പ്പാടു ചെയ്യണം.

ലേബര്‍ ക്യാമ്പിന്റെ കാലപ്പഴക്കം ചെന്ന കോമ്പൗണ്ട് മതില്‍ അപകടാവസ്ഥയിലാണ്. ഇത് എത്രയും പെട്ടെന്ന് പുതുക്കി പണിയാന്‍ ഏര്‍പ്പാടു ചെയ്യണം.