സ്വകാര്യ ബസ് സമരം മൂന്നാം ദിനം; തുടരുന്നു….


കൊയിലാണ്ടി: പരീക്ഷാക്കാലമാണ്, ബാങ്കുകളിൽ വർഷാവസാനമാണ്, മറ്റുള്ളവർ കോവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറി വരുന്നതേയുള്ളു…. ആ അവസ്ഥയിലാണ് വല്ലാതെ വലച്ച് ബസ് സമരമെത്തിയത്. മൂന്നാം ദിനമായ ഇന്നും ബസ് സമരം തുടരുന്നു.

തെക്കന്‍ മേഖലയെ അപേക്ഷിച്ച് മലബാര്‍ മേഖലയില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ ഏറെയാണ്. മണിക്കൂറുകള്‍ ഇടവിട്ടെത്തുന്ന കെ.എസ്.ആർ.ടി.സി. ബസുകളും ജീപ്പുകളും സർവീസ് നടത്തിയെങ്കിലും ജനത്തിരക്ക് മാറ്റമില്ലാതെ തുടർന്നു. കെ എസ് ആര്‍ ടി സിയിലാകട്ടെ തിരക്ക് കാരണം കയറിപ്പറ്റാന്‍ പോലും കഴിയാതെ ജനം ഏറെ വലയുകയാണ്. നഗരത്തിൽനിന്ന് ഉൾഭാഗങ്ങളിലേക്കുള്ള യാത്രക്കാരെയാണ് സമരം കാര്യമായി ബാധിച്ച്ചത്. ചെറിയ ദൂരത്തിൽ സർവീസ് നടത്തുന്ന ഒട്ടേറെ ജീപ്പുകളെ ആശ്രയിച്ചാണ് പലരും യാത്ര നടത്തുന്നത്.

അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സര്‍ക്കാര്‍ ഇന്ന് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതും ഉത്‌കണ്‌ഠയുണ്ടാക്കുന്നു. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതേ സമയം മൂന്നു ദിവസമായി തുടർച്ചയായി ഇന്ധന വിലയും വർദ്ധിക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്നു.

സ്വകാര്യ വാഹനങ്ങളെയും ജീപ്പിനയുമൊക്കെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെ സാധാരണക്കാരുടെ കീശ കാലിയാകുന്ന അവസ്ഥയിലാണെന്നു യാത്രക്കാർ പറഞ്ഞു. സമാന്തര സര്‍വീസുകളും കുറവായതിനാല്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന അപേക്ഷയിലാണ് ജനങ്ങൾ.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്.