‘മിനിമം ചാര്‍ജ് 12 രൂപ, വിദ്യാര്‍ഥികള്‍ക്ക് മിനിമം ആറുരൂപയാക്കണം’; ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം


കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് അര്‍ധരാത്രി ആരംഭിക്കും. മിനിമം ചാര്‍ജ് 12 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 1.10 രൂപയും ആക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കുക, രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയും പൊതു അവധി ദിനങ്ങളിലും യാത്രനിരക്കിന്റെ 50 ശതമാനം അധിക നിരക്ക് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഈ ആവശ്യത്തിനുമേല്‍ പലതവണ ചര്‍ച്ച നടന്നെങ്കിലും ചര്‍ച്ചയ്ക്കുശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് പറയുന്നതല്ലാതെ എത്രകൂട്ടും എപ്പോള്‍ നടപ്പിലാക്കും എന്നിങ്ങനെയുള്ള ഉറപ്പ് മന്ത്രിയില്‍ നിന്ന് ലഭിക്കാത്തതിനാലാണ് ബസുടമകള്‍ സമരവുമായി മുന്നോട്ടുപോകുന്നത്.

വിദ്യാര്‍ഥികളുടെ കണ്‍സഷന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് നിരക്ക് വര്‍ധന പ്രഖ്യാപനം വൈകിക്കുന്നത്. കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെടുമ്പോള്‍ അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കാമെന്ന് സര്‍ക്കാറും നിര്‍ദേശം വെച്ചിട്ടുണ്ട്. എന്നാല്‍ ഒരു രൂപപോലും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.