തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24/11/22) അറിയിപ്പുകൾ



കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

നഷ്ടപരിഹാര തുകയും പുനരധിവാസ പാക്കേജും നവംബർ 26 ന് വിതരണം ചെയ്യും

മാനാഞ്ചിറ- വെളളിമാട്കുന്ന് റോഡ് വികസത്തിനു വേണ്ടി കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസ്തുത ഏറ്റെടുക്കലിൽ കൈവശഭൂമി നഷ്ടപ്പെട്ട ഭൂവുടമകൾക്കുളള നഷ്ടപരിഹാരം, പ്രസ്തുത ഭൂമിയിലുൾപ്പെട്ട കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുളള പുനരധിവാസ പാക്കേജ് എന്നിവ ഉൾപ്പെടുന്ന അവാർഡ്  നവംബർ 26 ന് വിതരണം ചെയ്യും.

വൈകുന്നേരം 6.00 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്  അവാർഡുകൾ വിതരണം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും.

അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കൾ നവംബർ 26 ന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ സഹിതം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം.

അറിയിപ്പുകൾ

 

സീറ്റുകൾ ഒഴിവ്

ഗവ കോളേജ് തലശ്ശേരി ചൊക്ലിയിൽ ബി സി എ , ബികോം കോഴ്സുകളിൽ പി.ഡബ്ള്യു.ഡി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 28 ന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് : 04902966800
സ്‌കോളര്‍ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു

പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, മെഡിക്കല്‍ /മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04952377786 .

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 1 ന്   വൈകുന്നേരം 5 മണിവരെ ടെണ്ടര്‍ സ്വീകരിക്കും. ഇ ടെണ്ടര്‍ തുറക്കുന്ന തീയ്യതി ഡിസംബര്‍ 3 ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് :0496 2630800

ഖേലോ ഇന്ത്യ ബോക്സിങ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ ബോക്സിങ് പരിശീലന കേന്ദ്രത്തിലേക്ക് ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആധാർകാർഡിന്റെ കോപ്പിയും ഫോട്ടോയും സഹിതം മാനാഞ്ചിറയിലുള്ള ജില്ലാ സ്പോർട്സ് കൗൺസിലിൽ നവംബർ 30 നുള്ളിൽ  പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷ  ജില്ലാ സ്പോർട്സ് കൗൺസിലിന്റെ . www.sportscouncil Kozhikode.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്;  0495-2722593

വാഹന ഗതാഗതം നിരോധിച്ചു

ഫറോക്ക് -ചുങ്കം- ചന്തക്കടവ് റോഡിന്റെ നവീകരണ പ്രവർത്തിയിൽ ഉൾപ്പെട്ട കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 25 മുതൽ പ്രവൃത്തി തീരുന്നതു വരെ ഈ  റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ്എഞ്ചീനിയർ അറിയിച്ചു.

ഉദ്ഘാടനത്തിന് ഒരുങ്ങി സ്കൂളുകളിലെ വെതർ സ്റ്റേഷനുകൾ

ജില്ലാതല ഉദ്ഘാടനം കായണ്ണ ​ഗവ. ഹയർസക്കണ്ടറി സ്കൂളിൽ നാളെ (നവംബർ 25-ന്) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

സ്കൂളുകളിൽ നടപ്പാക്കുന്ന വെതർ സ്റ്റേഷന്റെ ജില്ലാതല ഉദ്ഘാടനത്തിന് ഒരുങ്ങി കായണ്ണ ​ഗവ. ഹയർസക്കണ്ടറി സ്കൂൾ. ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനാണ് സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ 18 സ്കൂളുകളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതർ സ്റ്റേഷനുകൾ സഹായിക്കും. മഴയുടെ തോത് അളക്കുന്നതിനുള്ള ‘മഴമാപിനി’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ‘വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ’, കാറ്റിന്റെ ദിശ അറിയുന്നതിനായുളള ‘വിൻഡ് വെയ്ൻ’ കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടർ അനിമോമീറ്റർ’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്കൂളുകളിൽ സ‍ജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമാണ് പദ്ധതി നടപ്പാക്കുന്നത്.

കായണ്ണയിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 25-ന്) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. അഡ്വ കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, പഞ്ചായത്ത് അം​ഗങ്ങൾ, ഉദ്യോ​ഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പാഠ്യപദ്ധതി പരിഷ്കരണം – മണിയൂരിന്റെ അഭിപ്രായ രേഖ പൂർത്തിയായി

മണിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 27 വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ച സംഘടിപ്പിച്ചു. മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പഞ്ചായത്ത് തല ജനകീയ ചർച്ചയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് നിർവ്വഹിച്ചു. സമഗ്രശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്റ്റ് കോർഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം മുഖ്യപ്രഭാഷണം നടത്തി.

സാമൂഹ്യ ചർച്ചയ്ക്ക് വേണ്ടി എസ് സി ഇ ആർ ടി പുറത്തിറക്കിയ ചർച്ചാ കുറിപ്പിലെ 26 ഫോക്കസ് മേഖലകളെ കുറിച്ച്  വിദ്യാലയങ്ങളിൽ നിന്ന് എത്തിച്ചേർന്ന പൊതുജനങ്ങളും രക്ഷിതാക്കളും അധ്യാപകരും അഭിപ്രായം രേഖപ്പെടുത്തി. ക്ലാസ് മുറികളിൽ ഇരുന്നു കൊണ്ട് കുട്ടികളും പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയുടെ ഭാഗമായി. വിദ്യാലയങ്ങളിൽ നിന്നും വന്ന അഭിപ്രായ രേഖകൾ ക്രോഡീകരിച്ച് ചർച്ചയിൽ അവതരിപ്പിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ, തോടന്നൂർ ബി പി സി രാജീവൻ വളപ്പിൽ കുനി, സ്കൂൾ പ്രിൻസിപ്പാൾ കെ.വി. അനിൽകുമാർ , ഹെഡ്മിസ്ട്രസ് ലതിക ടി വി , പി ടി എ പ്രസിഡന്റ് കെ.വി. സത്യൻ മാസ്റ്റർ, വാർഡ് മെമ്പർമാർ, പ്രധാനാധ്യാപകർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവർ സംസാരിച്ചു. പി.ഇ.സി കൺവീനർ ബീന പുത്തൂർ സ്വാഗതവും ബി ആർ സി ട്രെയ്നർ വി ലിനീഷ് നന്ദിയും പറഞ്ഞു.

ജലജീവന്‍ പദ്ധതി;  കുന്ദമംഗലം മണ്ഡലതല യോഗം ചേർന്നു

കുന്ദമംഗലം മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിൽ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. പ്രവൃത്തികള്‍ നടന്നുവരുന്ന പൊതുമരാമത്ത് റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി നടത്തുന്നതിന് മുന്‍ഗണന നല്‍കാനും ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ എട്ട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തയ്യാറാക്കിയ പദ്ധതി ടാങ്കിന് സ്ഥലം ഏറ്റെടുക്കല്‍ നടപടി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികളുടെ പ്രവൃത്തികള്‍ നടത്തുന്നതില്‍ നിലവിലുള്ള തടസങ്ങള്‍ നീക്കുന്നതിനും സ്ഥലം സംബന്ധിച്ച ആശയകുഴപ്പങ്ങളുള്ള ഭാഗങ്ങള്‍  റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധിച്ച് സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നതിനും ധാരണയായി.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ജലജീവന്‍, കെ.ഡബ്ല്യു.എ, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനും അതാത് പ്രദേശങ്ങളിലെ  വിഷയങ്ങള്‍ പരിഹരിക്കുന്നതിനും മറ്റുതരത്തിലുള്ള തടസ്സങ്ങള്‍ കണ്ടെത്തുന്നപക്ഷം അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.രഞ്ജിത്, ഓളിക്കല്‍ ഗഫൂര്‍, എം.കെ സുഹറാബി, ഷാജി പുത്തലത്ത്, പി ശാരുതി, കെ.ഡബ്ല്യു.എ, ജലജീവന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, റവന്യൂ, എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വിവരങ്ങളെല്ലാം വിരൽതുമ്പിലേക്ക്; കൊയിലാണ്ടി നഗരസഭയിൽ ജി ഐ എസ് മാപ്പിങ് ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ നഗരസഭയുടെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ‌ ലക്ഷ്യം. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഡ്രോണ്‍ പറത്തി നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ നഗരസഭയിലെ റോഡുകളുടെ മാപ്പിങ്ങും പൊതു ആസ്തികളായ കുളങ്ങള്‍, തോടുകള്‍, പുഴകള്‍, തെരുവു വിളക്കുകള്‍, തുടങ്ങിയവയുടെ മാപ്പിംഗും പൂര്‍ത്തീകരിക്കും. റോഡ്, നടപ്പാത, ലാന്‍ഡ് മാര്‍ക്ക്, പാലം, ഡ്രെയിനേജ്, കനാല്‍, കള്‍വര്‍ട്ട്, റോഡ് ജങ്ഷന്‍, ഡിവൈഡര്‍, റോഡ് സിഗ്‌നല്‍, പാര്‍ക്കിങ് ഏരിയ, തരിശുനിലങ്ങള്‍, വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വീടുകള്‍, നഗരസഭയുടെ മറ്റ് ആസ്തികള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാവും. വിവരങ്ങൾ വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗതയാര്‍ന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. പത്തുലക്ഷം രൂപ അടങ്കല്‍ വകയിരുത്തിയ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യു.എൽ.ടി.എസ് ആണ് ഏറ്റെടുത്തത്.

ചടങ്ങിൽ ​ന​ഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ.ഇന്ദിര ടീച്ചര്‍, ഇ.കെ.അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, എ.ലളിത എന്നിവര്‍ സംസാരിച്ചു.

അഴിമതിക്കെതിരെ വിജിലന്‍സിന്റെ ‘സിവിൽ ഡെത്ത്’
അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങൾ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകമായ സിവിൽ ഡെത്ത്. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലെ എഞ്ചിനീയേഴ്‌സ് ഹാളിൽ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി.
 കൈക്കൂലി ശീലമാക്കിയ മുൻ സർക്കാർ ജീവനക്കാരന്റെ പ്രേരണയാൽ മകളുടെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വിജിലൻസിന്റെ പിടിയിലാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കൈക്കൂലി നേരിട്ട് വാങ്ങുന്നതിന് പകരം ഡിജിറ്റൽ ടെക്നോളജി ഉപയോഗിക്കുന്നതും ഇത് പിടികൂടാനുള്ള വിജിലൻസിന്റെ പുതിയ തന്ത്രങ്ങളും നാടകത്തിലൂടെ കാഴ്ചക്കാരിൽ എത്തിച്ചു. അഴിമതി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വിജിലൻസിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന എം. ഷറഫുദ്ദീൻ, കെ. ജുമുദ്ദീൻ, ദീപക് ജോർജ്, എസ് ആ ദേവി, സിബി പോൾ, എസ്. വി ജയകുമാർ, എസ്. ഗിരീഷ് കുമാർ, ഷിബ കുമാരി, ഹരികൃഷ്ണൻ, കെ.പി. ശ്രീജിത്ത് എന്നിവരാണ് അഭിനേതാക്കായി വേദിയിലെത്തിയത്.
നാടകപ്രവർത്തകനായ അസീം അമരവിളയാണ് സംവിധാനം നിർവഹിച്ചത്. വിജിലൻസ് സബ് ഇൻസ്‌പെക്ടറായ കെ നജുമുദ്ദീനാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
അഴിമതിരഹിത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും വകുപ്പിന്റെ നാടക സംഘം പര്യടനം നടത്തുന്നുണ്ട്. 45 മിനുട്ട് ആണ് നാടകത്തിന്റെ ദൈർഘ്യം.
ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഹാളിൽ സന്നിഹിതരായി.
പദ്ധതി നിർവ്വഹണം: അവലോകന യോ​ഗം ചേർന്നു
2022-23 ലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല അവലോകന യോ​ഗം ചേർന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിൽ ഉൾപ്പെടുന്ന ​ഗ്രാമപഞ്ചായത്തുകളുടെയും അവലോകന യോ​ഗമാണ് ചേർന്നത്. നിലവിലെ പദ്ധതി നിർവ്വഹണം, വരും വർഷത്തേക്കുള്ള പദ്ധതി ആസൂത്രണ പ്രക്രിയ എന്നിവയെ കുറിച്ച് യോ​ഗം ചർച്ച ചെയ്തു.
2022-23 സാമ്പത്തിക വർഷത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നിർവഹണം നടത്തുന്നതിനും പദ്ധതിയുടെ ഗുണമേന്മയും തുടർച്ചയും ഉറപ്പുവരുത്തണമെന്നുള്ള നിർദേശം ഉന്നതതല ഉദ്യോ​ഗസ്ഥർ നൽകി. പദ്ധതി നിർവ്വഹണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
2023 ജനുവരി 21 നുള്ളിൽ ​തദ്ദേശസ്ഥാപനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അം​ഗീകാരം നേടാനും ഡിസംബർ അവസാനത്തോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ 80 ശതമാനം പൂർത്തിയാക്കാനും നിർദ്ദേശം നൽകി. മാസം തോറും നിർവാഹക സമിതി ഉദ്യോ​ഗസ്ഥരെ ഉൾപ്പെടുത്തി അവലോകന യോ​ഗം ചേരണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ഡി.പി.സി യോ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് തലത്തിൽ അവലോകന യോ​ഗങ്ങൾ ചേർന്നത്.
പേരാമ്പ്ര ബ്ലോക്കിന് കീഴിൽ ചെറുവണ്ണൂർ, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, കായണ്ണ, നൊച്ചാട്, പേരാമ്പ്ര ​ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. ഈ പഞ്ചായത്തുകളിലെയും ബ്ലോക്കിലെയും 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനമാണ് നടന്നത്. ഓരോ പദ്ധതികളുടെയും നിലവിലെ പുരോ​ഗതി നിർവ്വഹണ ഉദ്യോ​ഗസ്ഥന്മാർ വിശദീകരിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, പഞ്ചായത്തു പ്രസിഡന്റുമാരായ വി.കെ പ്രമോദ്, ഉണ്ണി വേങ്ങേരി, സി.കെ ശശി, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷ്ണർ ജനറൽ എം.മിനി, പെർഫോമൻസ് ഓഡിറ്റർ സൂപ്പർവെെസർ പി ചന്ദ്രൻ, ഡി.പി.സി അം​ഗം സി.വി.എം നജ്മ, റിസേർച്ച് ഓഫീസർ ഹസീജ റഹ്മാൻ, റിസേർച്ച് അസിസ്റ്റന്റ് പി.പി ജയനി എന്നിവർ സംബന്ധിച്ചു. ​ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നീർത്തട നടത്തം സംഘടിപ്പിച്ചു
നീരുറവ് സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളും സന്ദർശിച്ച് വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായാണ് നീർത്തട നടത്തം സംഘടിപ്പിച്ചത്.
നീർത്തട പരിസരത്തെ ഭൂഗർഭജലവിതാനം ഉയർത്തുക, തോട് സംരക്ഷണം, നീരുറവ സംരക്ഷണം, ജലസേചന പദ്ധതികൾ, കുളം നവീകരണം, ഭൂമിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് പദ്ധതി നടപ്പാക്കുക.
 ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
 പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വിജിലേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റീന സുരേഷ്, ഹേമ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ മുരളി കുളങ്ങരത്ത്, എം.ഷിബിൻ, വനജ ഒതയോത്ത്, റിൻസി ആർ.കെ, ഷിനു, എ.രതീഷ്, ബ്ലോക്ക് നീർത്തട കോർഡിനേറ്റർ സി.പി.ശശി, എ.ഇ അശ്വിൻ കെ. മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
അറിയിപ്പുകൾ 
സീറ്റുകൾ ഒഴിവ്
ഗവ കോളേജ് തലശ്ശേരി ചൊക്ലിയിൽ ബി സി എ , ബികോം കോഴ്സുകളിൽ പി.ഡബ്ള്യു.ഡി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 28 ന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് : 04902966800
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോടഞ്ചേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ പരിധിയിൽ പ്രവർത്തിക്കുന്ന 2 സാമൂഹ്യ പഠനമുറികളിലേക്കാവശ്യമായ എൽ ഇ ഡി ഡിസ്പ്ലേ, കമ്പ്യൂട്ടേഴ്സ്, യുപിഎസ് എന്നിവ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്ന്‌ മത്സര സ്വഭാവമുളളതും മുദ്രവെച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസിൽ ഡിസംബർ 7 ന് 3 മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 22376364
തീയതി ദീർഘിപ്പിച്ചു
2022-23 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സിന് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്ത ഭടൻമാരുടെ മക്കളിൽ നിന്നും പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഓൺലൈനിൽ അപേക്ഷിച്ചതിനുശേഷം പ്രിന്റൗട്ടും മറ്റു അനുബന്ധരേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് 0495-2771881, www.ksb.gov.in
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
 എൽ. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ് ടു (കൊമേഴ്സ്) / ബി. കോം / എച്ച്. ഡി. സി. / ജെ ഡി. സി യോഗ്യതയുള്ളവർക്ക് ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), എന്നീ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2720250
അറിയിപ്പ് 
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ജനുവരി മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ,ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ,അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി/യൂണിയൻ പ്രസിഡന്റ് എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് 2022 ഡിസംബർ 15 ന് അതാതു ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ മുൻപാകെ ഹാജരാക്കണം. വാർഷിക മസ്റ്ററിങ് (2023) ചെയ്യുന്നതിന് സർക്കാർ നിർദേശം പുറപ്പെടുവിക്കുന്ന പക്ഷം സർക്കാർ നിർദേശം പാലിക്കേണ്ടതാണ് .ലൈഫ് സെർട്ടിഫിക്കറ്റിൽ തൊഴിലാളികളുടെ ഒപ്പ്, തിയ്യതി, സാക്ഷ്യപ്പെടുത്തുന്നയാളുടെ ഓഫീസ്‌ സീൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. 60 വയസ് പൂർത്തിയാവാത്ത സാന്ത്വന കുടുംബ പെൻഷൻ ഉപഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം വില്ലേജ് ഓഫീസിൽ നിന്നുള്ള നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് വെൽഫയർഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. വിവരങ്ങൾക്ക് :0495 -2384355
പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ ‘വർണ്ണ കൂടാരം’ ഒരുങ്ങി
കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി ‘വർണ്ണ കൂടാരം’ ഒരുങ്ങി. ചേളന്നൂർ ബി ആർ സി യുടെ ഇടപെടലിലൂടെ സമഗ്ര ശിക്ഷാ കേരളയിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നവംബർ 25ന് രാവിലെ 11 മണിക്ക് വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്യും. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. വർണശഭളമായ ചിത്രങ്ങൾ വരച്ച ചുമരുകൾ, ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ, കിഡ്സ് പാർക്ക്, ഇന്റർലോക്ക് പതിച്ച നടപ്പാതകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം: നവംബർ 30 ന് യോഗം ചേരും  
കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 30 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ സർക്കാർ സർവ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികളും നിവേദനങ്ങളും സ്വീകരിക്കും.
ഇതു സംബന്ധിച്ച് പിന്നോക്ക വിഭാഗ വികസനം, പട്ടികജാതി പട്ടികവർഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹ്യനീതി, തൊഴിലും നൈപുണ്യവും, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോഗത്തിൽ ചർച്ച നടത്തും.
കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് : പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും
ജില്ലയിൽ കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെയ്പ്പിൽ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. രോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ശാക്തീകരണത്തിന് ബ്ലോക്കുകളിൽ നടപ്പാക്കേണ്ട വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി പൂർണ്ണമായും കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാകാത്ത മേഖലകളിൽ ഡിസംബർ ഒന്ന് മുതൽ 14 വരെ പ്രത്യേക ക്യാമ്പയിൻ നടത്തും.
കുട്ടികൾക്ക് പൂർണമായും രോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ താഴെ തട്ടിൽ ശക്തിപ്പെടുത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ബോധവൽക്കരണ പരിപാടികളിൽ ആശാവർക്കർമാർ ഉൾപ്പടെയുള്ള പൊതുജനാരോഗ്യ പ്രവർത്തകർക്ക് വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്. ആശാ പ്രവർത്തകർ കുഞ്ഞുങ്ങളുടെ പട്ടിക തയ്യാറാക്കി പ്രതിരോധ കുത്തിവയ്പ്പ് പൂർണ്ണമായും എടുക്കാത്തതിനുള്ള കാരണങ്ങൾ കണ്ടെത്തണം. താഴെ തട്ടിൽ പഠനം നടത്തി കുത്തിവയ്‌പ്പിനൊടുള്ള സമീപനം ചോദിച്ചു മനസ്സിലാക്കണമെന്നും കലക്ടർ പറഞ്ഞു. ജനപ്രതിനിധികൾ ഊർജിതമായി പ്രവർത്തിച്ച് പ്രചരണം ശക്തിപ്പെടുത്തണം. രോഗ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്തതുകൊണ്ട് ഒരു മരണവും ഉണ്ടാകാൻ പാടില്ലെന്നും കലക്ടർ നിർദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ പ്രാദേശികമായി ഇടപെടലുകൾ നടത്തി ക്യാമ്പയിൻ നടത്തണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ 100% വാക്സിനേഷൻ കൈവരിക്കാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും യോഗത്തിൽ ഡി എം ഒ ഉമ്മർ ഫറൂഖ് നിർദ്ദേശിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ,ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡി എം ഒ സ്വാഗതവും ആർ സി എച്ച് ഓഫീസർ ടി മോഹൻദാസ് വിഷയാവതവരണവും നടത്തി.