കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അളവ്-തൂക്ക പുനഃപരിശോധനാ ക്യാമ്പ് 23 ലേക്ക് മാറ്റി

രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വ്യാപാരികൾക്കായി മാർച്ച് 24ന് നടത്താനിരുന്ന അളവ്-തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് മാർച്ച് 23 ലേക്ക് മാറ്റിയതായി ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 8281698108.

ലീഗൽ മെട്രോളജി അദാലത്ത്; രജിസ്‌ട്രേഷൻ ഏപ്രിൽ 10 വരെ

കോവിഡ് സാഹചര്യത്തിലും മറ്റ് കാരണങ്ങളാലും അളവ്-തൂക്ക ഉപകരണങ്ങൾക്ക് യഥാസമയം മുദ്ര പതിപ്പിക്കാൻ സാധിക്കാതിരുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ച് നൽകാൻ ലീഗൽ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. 500 രൂപ രജിസ്‌ട്രേഷൻ ഫീസും പരമാവധി ആറ് ക്വാർട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും ഈടാക്കും. അദാലത്തിനായി ഏപ്രിൽ 10 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ലീഗൽ മെട്രോളജി ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8281698107, 8281698108, 8281698109, 8281698106 (ഓട്ടോ), 8281698105 (കോഴിക്കോട്), 0496 2623032 (കൊയിലാണ്ടി), 0496 2524441(വടകര), 0495 2980040 (താമരശ്ശേരി).

ഇലക്ട്രിക്കൽ എൻജിനീയർമാരുടെ പാനൽ: ഇന്റർവ്യൂ 25ന്

ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെൻഡർ രേഖകൾ തയ്യാറാക്കുക, നിർവഹണ മേൽനോട്ടം വഹിക്കുക, അളവുകൾ രേഖപ്പെടുത്തുക, ബിൽ തയ്യാറാക്കുക, എസ്റ്റിമേറ്റുകൾ പരിശോധിച്ച് സാങ്കേതികാനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഇലക്ട്രിക്കൽ എൻജിനീയർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ മാർച്ച് 25 രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.പൊതുമരാമത്ത് ഇലക്ട്രിക്കൽ, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽ നിന്നും വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കാണ് അവസരം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 0495-2371907, 9496 361 831.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റിവെച്ചു

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി മാർച്ച് 23, 24 തീയതികളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് ചെയർമാന്റെ നിർദ്ദേശം പ്രകാരം മാറ്റിയതായി സെക്രട്ടറി ആൻഡ് ഹുസൂർ ശിരസ്തദാർ അറിയിച്ചു.

കാന്റീൻ നടത്തിപ്പിന് പുനർ ക്വട്ടേഷൻ ക്ഷണിച്ചു

കാരപ്പറമ്പിലെ ഗവ. ഹോമിയോ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള കാന്റീൻ നടത്തിപ്പിന് പുനർ ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ രണ്ടിന് രാവിലെ 11.30 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0495 2371989.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂർ, എരുമപ്പെട്ടി, പാണ്ടിക്കാട്, തൂണേരി, നീലേശ്വരം, വി.ആർ.പുരം എന്നീ ഐ.ടി.ഐകളിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങൾ വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവരങ്ങൾക്ക് ഫോൺ: 8547630005, 9947895238.

ഒറ്റത്തവണ വെരിഫിക്കേഷൻ മാർച്ച് 30ന്

കോഴിക്കോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ചിക്ക് സെക്‌സർ (കാറ്റഗറി നമ്പർ: 102/2019) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഒ.റ്റി.വി പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്കായി ഒറ്റത്തവണ വെരിഫിക്കേഷൻ മാർച്ച് 30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മസ്സേജ് എന്നിവ മുഖേന നേരിട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതും വെരിഫിക്കേഷൻ ദിവസം തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം പി.എസ്.സി ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി. ഓഫീസുകളിലോ നേരിട്ട് ഹാജരാകാം.

റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്.എ എൻസിഎ-ഒബിസി തസ്തികയുടെ (കാറ്റഗറി നം.177/2020) ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകൾ ലഭിക്കാത്തതിനാൽ വിജ്ഞാപന പ്രകാരമുളള തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.