കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (10/03/2022)


തൊഴിൽ സംരംഭത്തിന് ഒറ്റത്തവണ ടോപ്പ് അപ്പ് ആയി തുക നൽകുന്നു

കേന്ദ്ര സംസ്ഥാന ഏജൻസികൾ വഴിയോ ബാങ്കുകൾ വഴിയോ ധനസഹായം സ്വീകരിച്ച് വിമുക്തഭടന്മാർ/ ആശ്രിതർ എന്നിവർ നടത്തിവരുന്ന സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സൈനികക്ഷേമ വകുപ്പ് വഴി ഒറ്റത്തവണ ടോപ് അപ്പ് ആയി ധനസഹായം നൽകുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. അപേക്ഷകരുടെ സംരംഭം മൂന്ന് വർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നതും ലോണുകൾ കൃത്യമായി  അടച്ചുവരുന്നതുമായിരിക്കണം. മേൽ സഹായത്തിനു അർഹതയുളള വിമുക്തഭടന്മാർ, സർവ്വീസ് സംബന്ധിച്ച രേഖകൾ, ലോൺ സംബന്ധിച്ച രേഖകൾ എന്നിവ സഹിതം മാർച്ച് 15 നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ:  0495 2771881.

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ഡി.ടി.പി.സിയുടെ കീഴിലുള്ള തുഷാരഗിരി ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലെ നാല് കോട്ടേജ്,  കഫ്റ്റീരിയ, ഡോർമിറ്ററി,  കോൺഫറൻസ് ഹാൾ,  കംഫേർട്ട് സ്റ്റേഷൻ നിലവിലുള്ള അവസ്ഥയിൽ ഏറ്റെടുത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ  14 ഉച്ചയ്ക്ക് ഒരു മണി വരെ. ടെൻഡർ ഡോക്യുമെന്റ് http://www.dtpckozhikode.com-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2720012

മരം ലേലം

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പൊറ്റമ്മൽ – പാലാഴി – പുത്തൂർമഠം  റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 14 മരങ്ങൾ മാർച്ച് 22 രാവിലെ 11 മണിക്ക് പാലാഴി അങ്ങാടി പളളിക്ക് സമീപം ലേലം ചെയ്യും. ഫോൺ: 0495 2724727

മസ്റ്ററിംഗ്  നടത്തണം

കേരളഷോപ്പ്‌സ് ആൻഡ്  കമ്മേഴ്യൽ എസാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡിൽ  നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ മാർച്ച് 20 നകം മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വാഹനം ലേലം

പിവൈ-01-എച്ച്-9515 നമ്പർ ടാറ്റാ സുമോ വാഹനം നിലവിലെ അവസ്ഥയിൽ കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) ൽ മാർച്ച് 18 ന് വൈകീട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

കെ-സ്‌കിൽ ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കിൽ ജില്ലാതല ക്യാമ്പയ്ൻ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ ആശംസകൾ നേർന്നു.

സമഗ്ര നൈപുണ്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയ്ൻ കേരളത്തിന്റെ നൈപുണ്യ വികസനത്തിന് മുതൽക്കൂട്ടാകും. പതിനഞ്ചിലധികം തൊഴിൽ മേഖലകളും നൂറിലധികം സ്‌കിൽ കോഴ്സുകളുമാണ് കെ സ്‌കില്ലിന്റെ ഭാഗമായി അസാപ് വഴി നൽകുന്നത്. വിദ്യാർത്ഥികൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈനായും ഓഫ്ലൈനായും ക്‌ളാസുകൾ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999710, 9495999783, 9495999644.

വജ്രജൂബിലി ഫെലോഷിപ്പ് പ്രതിഭകളെ ആദരിച്ചു

ജനകീയാസൂത്രണം 25-ാo വാർഷികത്തിന്റെ ഭാഗമായി വജ്രജൂബിലി ഫെലോഷിപ്പ് കലോത്സവ വിജയികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. എംഎൽഎ അഡ്വ.കെ എം സച്ചിൻദേവ്  പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌ക്കാര സമർപ്പണവും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനന്ദൻ, ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി മനോജ്കുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കൺവീനർ ഹരിതകാർത്തിക എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെടിഎം കോയ , ജിഇഒകെ മണി, സുനിൽ തിരുവങ്ങൂർ, മുരളീധരൻ ചേമഞ്ചേരി, നാസർ കാപ്പാട്, ബിജു അരിക്കുളം എന്നിവർ പങ്കെടുത്തു.

ഒളവണ്ണയിൽ മൂന്നു റോഡുകൾ എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം എം.എൽ.എ പി.ടി.എ റഹീം നിർവഹിച്ചു. മൂർഖൻവയൽ റോഡ്, ഒടുമ്പ്ര പഴയ റോഡ്, തെക്കേചെരു കുരിക്കൾകണ്ടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് റോഡുകൾക്കുമായി 10.68 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി പറശ്ശേരി, കെ ബൈജു, പി ഷൈജു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാബുരാജൻ സ്വാഗതവും പി. ഫിറോസ്ഖാൻ നന്ദിയും പറഞ്ഞു.

 

സാധ്യതാ പട്ടിക

കോഴിക്കോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ചിക്ക് സെക്സർ  (കാറ്റഗറി നമ്പർ: 102/2019) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

ഓംബുഡ്സ്മാൻ  സിറ്റിംഗ് 17 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് മാർച്ച് 17 ന്  കോഴിക്കോട് ജില്ലാ എം.
ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിങ്ങ് നടത്തും.  രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് സിറ്റിങ്.

സൗജന്യ തൊഴിൽ പരിശീലന കോഴ്സ്

കേന്ദ്ര, കേരള സർക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഡിഡിയു-ജികെവൈ തൊഴിൽ നൈപുണ്യ പരിപാടിയുടെ ഭാഗമായുള്ള അക്കൗണ്ടിങ് കോഴ്സിലേക്ക് ബിപിഎൽ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുൾപ്പെട്ട 18നും 35നും ഇടയിൽ പ്രായമുള്ള എസ്.സി/ എസ്.ടി/ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അവസാന തീയതി മാർച്ച് 18. വിവരങ്ങൾക്ക് ഫോൺ: 8921773368

ലോക വൃക്കദിനം ആചരിച്ചു

കോഴിക്കോട് ജില്ലാപഞ്ചായത്ത് സ്നേഹസ്പർശം വിവിധ പരിപാടികളോടെ ലോക വൃക്കദിനം ആചരിച്ചു. ‘എല്ലാവർക്കും വൃക്ക ആരോഗ്യം’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് പ്രതീക്ഷ ഓർഗൻ റസീപ്പിയന്റ് ഫാമിലി അസോസിയേഷനുമായി സഹകരിച്ച് നഗരത്തിൽ ലോക വൃക്കദിന സന്ദേശയാത്ര നടത്തി.

വൃക്കരോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ വൃക്കയുടെ ആരോഗ്യത്തെകുറിച്ച്  ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.  ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോർഡ്‌സിൽ ഇടംനേടിയ വിഷ്ണു ഉടുമ്പ്രയുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സന്ദേശയാത്രയിൽ ജില്ലാപഞ്ചായത്ത് അംഗങ്ങൾ, പോർഫ അംഗങ്ങൾ, സ്നേഹസ്പർശം എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എജ്യുകെയറിന്റെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിലെ പാലിയേറ്റീവ് ബ്രിഗേഡ്, അഡോളസെന്റ് ബ്രിഗേഡ് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി ‘വൃക്കസംരക്ഷണവും വൃക്കരോഗ പ്രതിരോധവും എന്ന വിഷയത്തിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ഫിറോസ് അസീസ് വിദ്യാർത്ഥികളുമായി സംവദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.എം വിമല, കെ.വി റീന ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി ഗവാസ്, നാസർ എസ്റ്റേറ്റ്മുക്ക്, സി.എം ബാബു, സെക്രട്ടറി ടി.അഹമ്മദ് കബീർ, സ്നേഹസ്പർശം അംഗങ്ങളായ ടി. എം അബൂബക്കർ, ബി.വി ജഹഫർ, ടി.വി. ചന്ദ്രഹാസൻ, സുബൈർ മണലൊടി എന്നിവർ സംസാരിച്ചു.