എം.ബി.എ ട്രാവൽ & ടൂറിസം കോഴ്‌സിന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/09/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഗാന്ധിജയന്തി: സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ നടത്തുന്നു. യു. പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം. മലയാളം ഉപന്യാസ രചന, ചിത്രരചന, മലയാള കവിതാ രചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ [email protected]
എന്ന മെയിൽ വിലാസത്തിൽ ബയോഡാറ്റ, സ്കൂളിന്റെ പേര്, പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം, സ്കൂൾ തിരിച്ചറിയൽ കാർഡ് പകർപ്പ് എന്നിവ സഹിതം ഒക്ടോബർ ആറിന് വൈകുന്നേരം അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0495-2370225.

സീറ്റൊഴിവ്

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സിൽ പ്രവേശനം നേടുന്നതിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബർ 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0484- 2401008

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിട്ടൂട്ടായ കിറ്റ്‌സിൽ കേരള സർവ്വകലാശാലയുടെ കീഴിൽ എഐസിടിഇ അംഗീകാരത്തോടെ നടത്തുന്ന എംബിഎ ട്രാവൽ &ടൂറിസം കോഴ്‌സിൽ ഒഴിവുളള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446529467,9447013046

നിയമനം നടത്തുന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗേജ് പാത്തോളജിസ്‌ററ്/ഓഡിയോളജിസ്‌ററ് എന്നി തസ്തികകളിലാണ് നിയമനം. ഒക്ടോബർ 06 ന് രാവിലെ 10.30 മണിക്ക്കൂടിക്കാഴ്ചനടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0495 2371486

നിയമനം നടത്തുന്നു

കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 6 ന് രാവിലെ 10.30മണിക്ക് കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾക്ക് : 0495 2371486

സീറ്റൊഴിവ്

കോഴിക്കോട് ഗവ:ഐടിഐ എംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുളള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് 8129412079, 9048902926

കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

യുവജന ക്ഷേമ ബോർഡ് ഒക്‌ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോടിൽ ബിച്ചിൽ നിർവഹിക്കും.

ശില്പശാല സംഘടിപ്പിച്ചു

ഗണിത ശാസ്ത്ര മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര നഗരസഭയിലെ അധ്യാപകർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. എൽപി, യുപി സ്കൂളുകളിലെ അധ്യാപകർക്കായാണ് ശില്പശാല നടത്തിയത്.

വടകര ജെ ബി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു. സ്പെയ്സ് കോ-ഓർഡിനേറ്റർ കെ.സി. പവിത്രൻ സ്വാഗതം പറഞ്ഞു. കൗൺസിലർ പ്രതീശൻ നന്ദി അർപ്പിച്ച് സംസാരിച്ചു.

കൂരാച്ചുണ്ടില്‍ ന്യൂ ഇന്ത്യ ലിറ്ററസി സര്‍വ്വേ ഒക്ടോബര്‍ രണ്ടിന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ – തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ രണ്ടിന് നിരക്ഷരരെ കണ്ടെത്താന്‍ പഞ്ചായത്തില്‍ സര്‍വേ നടത്തും. വാര്‍ഡ് സമിതികള്‍ രൂപീകരിച്ച് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി നിരക്ഷരരെ കണ്ടെത്താനാണ് തീരുമാനം.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് കഴിയാതെ വന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാക്ഷരതാ മിഷന്‍ പരിഷ്‌കരിച്ച് തയ്യാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും ക്ലാസുകള്‍. 120 മണിക്കൂറായിരിക്കും ക്ലാസ്സുകളുടെ ദൈര്‍ഘ്യം. അടിസ്ഥാന സാക്ഷരതയും ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടര്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ക്ലാസുകള്‍. ജില്ലയിലെ 7000 പേരെയാണ് പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷ വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ അമ്മത് ജില്ലാ സാക്ഷരതാ മിഷന്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് ബാലചന്ദ്രന്‍ വി.എം, സാക്ഷരത മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ മോഹനന്‍ കെ, റിസോഴ്‌സ് പേഴ്‌സണ്‍ ഈപ്പന്‍ പി.ജെ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക വിജയന്‍, ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ ബിജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിമിലി ബിജു സ്വാഗതവും സാക്ഷരത സമിതി അംഗം ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി ഒരു കുടക്കീഴിൽ: ‘കുടുംബശ്രീ ബസാർ’ ബാലുശ്ശേരിയിൽ പ്രവർത്തനം തുടങ്ങി

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും ഒരു കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ അവസരമൊരുക്കുകയാണ് ‘ കുടുംബശ്രീ ബസാർ’. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിര വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബാലുശ്ശേരിയിൽ കുടുംബശ്രീ ബസാറിന് തുടക്കമായി. പ്രാദേശിക സാമ്പത്തിക വികസനം മുന്നിൽ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാലുശ്ശേരി പഞ്ചായത്തിന്റെ ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ബസാർ കെ.എം സച്ചിൻ ദേവ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.

അച്ചാർ, കറിപൗഡർ, വെളിച്ചെണ്ണ, സ്‌ക്വാഷ്‌, പേപ്പർ പേനകൾ, സോപ്പ്, മറ്റ് നാടൻ ഉത്പന്നങ്ങൾ തുടങ്ങിയവ ബസാറിൽ ലഭ്യമാവും. രുചിയിലും ഗുണമേന്മയിലും ഒട്ടും വിട്ടുവീഴ്ച ഇല്ലാതെയാണ് കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിലേക്ക് എത്തുന്നത്. അറുപതോളം ഉൽപ്പന്നങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള ജില്ലാതല ബസാറിൽ വില്പനക്ക് എത്തിച്ചിരിക്കുന്നത്.

എഴുനൂറോളം ചതുരശ്ര അടിയാണ്‌ വിസ്‌തീർണം. ഇതിനായി രൂപീകരിച്ച കൺസോർഷ്യമാണ്‌ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. അടുത്തഘട്ടത്തിൽ സൂപ്പർ മാർക്കറ്റായി ഇതിനെ ഉയർത്താനാണ്‌ ലക്ഷ്യമിടുന്നത്. സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്ന് 20 ലക്ഷം രൂപയും എൻ. ആർ. എൽ.എം ഫണ്ടായ 20 ലക്ഷവുമാണ് പദ്ധതിക്കായി അനുവദിച്ചത്.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ആദ്യവില്പന നടത്തി. കുടുംബശ്രീ ജില്ലാമിഷൻ എ. ഡി. എം.സി കെ. അഞ്ജു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടമ്പള്ളിക്കുന്നത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ അശോകൻ, പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മിഷൻ കോഡിനേറ്റർ ഗിരീശൻ പി.എം സ്വാഗതവും കൺസോർഷ്യം സെക്രട്ടറി മഞ്ജുള ടി കെ നന്ദിയും പറഞ്ഞു.

ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണം – സ്പീക്കർ എ.എൻ ഷംസീർ

ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. പൊക്കുന്ന് ​​ഗവ.ഗണപത് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഭരണഘ‌ടനയുമായി പുതുതലമുറയെ കൂടുതല‌ടുപ്പിക്കാൻ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു. ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം നീക്കങ്ങളെ എതിർക്കണം. വിദ്യാലയം ഒരുക്കിയ പ്രദർശനം മാതൃകാപരമാണെന്നും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേ​ഹം പറ‍ഞ്ഞു.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ മുനീർ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അക്കാദമിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി. ശാരുതി ഉദ്ഘാടനം ചെയ്തു. വീഡിയോ പ്രദർശനം, സ്വാതന്ത്ര്യ സമര സോനാനികളുമായി കുട്ടികളുടെ അഭിമുഖം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ, കോർപ്പറേഷൻ കൗൺസിലർമാരായ ഈസ അഹമ്മദ്, എം.പി.സുരേഷ്, ടി. റിനീഷ്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ വെള്ളരിക്കൽ മുസ്തഫ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി സി.പി. മനോജ് കുമാർ, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ജയകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സോജി.എൻ, പ്രധാനാധ്യാപകൻ പി.റഷീദ്, പി.ടി.എ. പ്രസിഡണ്ട് ടി.പി. മുനീർ തുടങ്ങിയവർ പങ്കെടുത്തു.

‘പോഷൻ മാ’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

‘പോഷൻ മാ’ ആചരണത്തിന്റെ ഭാഗമായി മാവൂർ പഞ്ചായത്തിൽ ‘കുട്ടികളിലെ ജീവിത ശൈലി രോഗങ്ങളും ആരോഗ്യകരമായ ഭക്ഷണശീലവും ‘ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

വനിതാ ശിശുവികസന വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ് ‘പോഷന്‍ മാ’ ആചരണം. ആറു വയസ്സിനു താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണിത്.

മാവൂർ ഗവ.ആയുർവേദ ആശുപത്രിയിലെ ഡോ. അനു മനോജ് ക്ലാസിന് നേതൃത്വം നൽകി. തൂക്കകുറവുള്ള കുട്ടികൾക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർ ബിനി പി വർഗീസ്, അങ്കണവാടി വർക്കർ പ്രസന്ന കുമാരി
തുടങ്ങിയവർ പങ്കെടുത്തു.

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 19 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 19 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്‌ പരാതികൾ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കളെയും ഉൾപ്പെടുത്തികൊണ്ടുള്ള ബോധവത്‌കരണവും കർശന പരിശോധനയും നടപടികളും എടുക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാലിന്യ വിഷയുമായി ബന്ധപ്പെട്ടു നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ ജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്തം വളർത്തുക എന്നതാണ് ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബേപ്പൂർ വാട്ടർ ഫസ്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നടത്തും -മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുമെന്നും കൂടുതൽ ജനകീയമാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം ബേപ്പൂർ മാത്തോട്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ കൂട്ടായ്മയുടെ അടയാളമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്. ജനങ്ങൾ ഒറ്റക്കെട്ടായി വാട്ടർ ഫെസ്റ്റിന് ഒരുങ്ങണമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിലെ ഗതാഗതക്കുരുക്കിന് സമീപഭാവിയിൽ പരിഹാരമുണ്ടാകും. ബേപ്പൂർ മറീന പദ്ധതി വികസനത്തിന്റെ പാതയിലാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സർഫിങ് സ്കൂൾ ബേപ്പൂരിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായിരുന്നു. എല്ലാ കമ്മിറ്റി അംഗങ്ങളും സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായ കമ്മിറ്റിയിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ,മേയർ ബീന ഫിലിപ്പ്, എം പിമാരായ എം.കെ രാഘവൻ,എളമരം കരീം,ബിനോയ് വിശ്വം,പി.ടി ഉഷ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയാണ് വാട്ടർ ഫെസ്റ്റ് കമ്മിറ്റിയുടെ ചെയർമാൻ. 18 സബ് കമ്മിറ്റികളും രൂപീകരിച്ചു.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ് കമ്മറ്റി രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. സബ്കലക്ടർ വി ചെത്സാസിനി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ വി.അനുഷ, സ്പോർട്സ് കൗൺസിൽ ചെയർമാൻ ഒ.രാജഗോപാൽ, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ് രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.

കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയിലി ബുക്ക്ലെറ്റ് സഹായകമാകും- മന്ത്രി പി.എ മുഹമ്മദ് റിയാസ്; ബ്രെയിലി ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ജില്ലയിലെ ടൂറിസം വിദ്യാർത്ഥികൾ ബ്രെയിൻ ലിബിയിൽ തയ്യാറാക്കിയ ബ്രെയിലി ബുക്ക് ലെറ്റിന്റെ പ്രകാശനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കാഴ്ച പരിമിതിയുള്ളവർക്ക് ബുക്ക് ലെറ്റ് ഉപയോഗപ്രദമാകുമെന്നും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങൾ ജില്ലയിലെ ടൂറിസത്തെ വികലാംഗ സൗഹൃദമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

12 പേജുള്ള ബ്രെയിലി ബുക്ക്ലെറ്റിൽ കോഴിക്കോടുള്ള പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നരിക്കുനി ബൈത്തുൽ ഇസാ കോളേജിലെ ടൂറിസം വിദ്യാർത്ഥികൾ, താമരശ്ശേരി ​ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ കെ.എ ശിഹാബിന്റെ നേതൃത്വത്തിൽ ഐഡിബിഐ ബാങ്കിന്റെയും സഹായത്തോടുകൂടിയാണ് ബ്രയിലി ബുക്ക്ലെറ്റ് തയ്യാറാക്കിയത്.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള എല്ലാ സെൻററുകളിലും ബുക്ക്ലെറ്റ് ലഭ്യമാകും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വിവരണങ്ങൾ ഓപ്പൺ ആപ്പ് സോഴ്സ് ആയ ജിയോ വഴി വിദ്യാർത്ഥികൾ ഓഡിയോ ​ഗെെഡ് അസിസ്റ്റൻസ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ഡി.ടി.പി.സി യുടെ കീഴിലുള്ള ഡെസ്റ്റിനേഷനുകളുടെ വിവരങ്ങൾ ഓഡിയോ ഗൈഡ് വഴി ജിയോ ടൂറിസ്റ്റ് ആപ്പിലൂടെ ലഭ്യമാകും.

മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ്, കെ.എ ശിഹാബ്, ഐഡിബിഐ ബാങ്ക് റീജ്യണൽ ഹെഡ് റോണി ജോസ്, ബൈത്തുൽ ഇസാ കോളേജ് വെെസ് പ്രിൻസിപ്പൽ കെ.ഷമീർ എന്നിവർ സംസാരിച്ചു.