കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/09/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇരിങ്ങല്ലൂര്‍, അഴിയൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രി കാലപഠന മേല്‍നോട്ടചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബി.എഡും ഉളളവരായിരിക്കണം. നിയമനം 2022-2023 അധ്യയന വര്‍ഷത്തേക്ക് (2023 മാര്‍ച്ച് 31 വരെ) മാത്രമായിരിക്കും. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാപട്ടിക ജാതി വികസന ഓഫീസില്‍ കൂടികാഴ്ചക്ക് ഹാജരാകണം. ഫോണ്‍- 0495 2370379.

അപേക്ഷ ക്ഷണിച്ചു

ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രൊജക്ടിലേക്ക് സൈക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍ എന്ന തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ സെപ്തംബര്‍ 24ന് 5 മണിക്ക് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍- 0495 2359352.

ലേലം

കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ വളപ്പിലുളള പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ (ടൈപ്പ് എ, ടൈപ്പ് ബി, ടൈപ്പ് സി) എന്നീ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി സെപ്തംബര്‍ 30ന് രാവിലെ 11 ലേലം ചെയ്യും.ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഹാജരാകണം. ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് നിശ്ചിത നിരതദ്രവ്യമായ 4000 രൂപ അടച്ച് രസീത് വാങ്ങേണ്ടതാണ്. ഫോണ്‍- 0496-2523031.

പേവിഷബാധ- വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്

വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി കൊടിയത്തൂരില്‍ പ്രത്യേക ക്യാമ്പ് തുടങ്ങി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി പന്നിക്കോട് വെറ്ററിനറി ഡിസ്‌പെന്‍സറി മുഖേനയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ശനിയാഴ്ച സമാപിക്കും. ആദ്യ ദിവസം 12 വളര്‍ത്തുമൃഗങ്ങളെ വാക്‌സിനേറ്റ് ചെയ്തു. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായാണ് പ്രതിരോധ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷിബു, വാര്‍ഡ് മെമ്പര്‍ ബാബു പോലുകുന്ന്, വെറ്ററിനറി ഡോക്ടര്‍ നബീല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ആധാര്‍ – വോട്ടര്‍ ഐ.ഡി കാര്‍ഡ് ബന്ധിപ്പിക്കല്‍: ബി.എല്‍.ഒ മാരെ ആദരിച്ചു

ജില്ലയില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ ബി.എല്‍.ഒ മാരെ ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്തിപത്രവും ഫലകവും നല്‍കിയാണ് ബി.എല്‍.ഒ മാരെ ആദരിച്ചത്. എല്‍.എ.സി 31 കൊടുവള്ളി ബൂത്ത് നമ്പര്‍ 30 ലെ ബി.എല്‍.ഒ പി. എസ്. ജിഷ, എല്‍.എ.സി 24 പേരാമ്പ്ര ബൂത്ത് നമ്പര്‍ 141 ലെ ബി.എല്‍.ഒ പി. ജി.രാമചന്ദ്രന്‍, എല്‍.എ.സി 27 കോഴിക്കോട് നോര്‍ത്ത് ബൂത്ത് നമ്പര്‍ മൂന്നിലെ ബി.എല്‍.ഒ പി.ധന്‍രാജ് എന്നിവരാണ് 100 ശതമാനം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്.
ചടങ്ങിൽ എഡിഎം സി.മുഹമ്മദ് റഫീഖ്, സബ് കലക്ടർ വി. ചെൽസാസിനി, ഡെപ്യൂട്ടി കലക്ടർമാരായ കെ.ഹിമ ഇ.അനിതകുമാരി, പുരുഷോത്തമൻ, വടകര ആർഡിഒ സി. ബിജു തുടങ്ങിയവർ പങ്കെടുത്തു.

തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും

എകരൂല്‍-കക്കയം ഡാം സൈറ്റ് റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും. പാലം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പ്രവൃത്തിയുടെ നിര്‍മ്മാണ കാലാവധി 12 മാസമാണ്.

നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 12.90 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാനില്‍ ആണ് പാലം. 7.50 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 11മീറ്റര്‍ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിട്ടുള്ളത്.

കക്കയം ഭാഗത്തേക്ക് 70 മീറ്റര്‍ അപ്രോച്ച് റോഡും എകരൂല്‍ ഭാഗത്തേക്ക് 50 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നുണ്ട്. പ്രവൃത്തി പുരോഗതി കെ. എം സച്ചിന്‍ ദേവ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

പ്ലാൻ ഫണ്ട് വിനിയോഗം: മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഉദ്യോഗസ്ഥരെ ആദരിച്ചു

പ്ലാൻ ഫണ്ടിന്റെ 99.9 ശതമാനം വിനിയോഗിച്ച് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആദരിച്ചു. ജൂനിയർ സൂപ്രണ്ട് എ.സിസ്സി, ക്ലാർക്കുമാരായ ദീപിക, എം.ബി അഞ്ജലി, കെ. പ്രശാന്ത് എന്നിവരെയാണ് ആദരിച്ചത്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എഡിഎം സി. മുഹമ്മദ് റഫീഖ്, സബ് കലക്ടർ വി. ചെൽസാസിനി, ഡെപ്യൂട്ടി കലക്ടർമാരായ കെ. ഹിമ, ഇ.അനിതകുമാരി, പുരുഷോത്തമൻ, വടകര ആർ.ഡി.ഒ സി.ബിജു തുടങ്ങിയവർ പങ്കെടുത്തു.

പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

പേവിഷ ബാധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടക്കും. ഒന്നാം ഘട്ടത്തില്‍ കമ്മ്യൂണിറ്റി നായകള്‍ക്കും തെരുവ് നായകള്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുക. തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വിവിധ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപനത്തോടെയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക.

തെരുവ് നായകളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് ആവശ്യമായ ഓരോ വാഹനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനം തെരഞ്ഞെടുത്ത് മൃഗസംരക്ഷണ വകുപ്പ് പരിശീലനം ലഭ്യമാക്കിയ രണ്ട് നായ പിടുത്തക്കാര്‍, ഒരു വാക്‌സിനേറ്റര്‍, സന്നദ്ധ സംഘടനാ പ്രതിനിധിയായ ഒരു ഡോക്യുമന്ററ് എന്നിവരെ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് മുന്‍കൂട്ടി വാക്‌സിനേഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനമായി.

നായയുടെ ഭീഷണി നേരിടുന്ന പ്രദേശങ്ങളെ തിരിച്ചറിയല്‍, നായപിടുത്തക്കാരെ കണ്ടെത്തല്‍, പരിശീലനം നല്‍കല്‍, മൃഗസ്‌നേഹികളുടെ യോഗങ്ങള്‍, കമ്മ്യൂണിറ്റി നായകളുടെ വാക്‌സിനേഷന്‍, തെരുവ് നായകളുടെ വാക്‌സിനേഷന്‍ എന്നിവയെല്ലാം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതിനായി തദ്ദേശ സ്വയംഭരണ മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും.

വാക്‌സിനേഷന് ആവശ്യമായ മരുന്നുകള്‍ അടിയന്തരമായി ലഭ്യമാക്കാനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എ.ബി.സി സെന്റര്‍ ഒക്ടോബര്‍ 30 നകം പ്രവര്‍ത്തനക്ഷമമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ ഉദ്യോഗസ്ഥരെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കും. ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് ദിവസേന 20 തെരുവ് നായകളെ കേന്ദ്രത്തില്‍ എത്തിച്ചു വന്ധ്യംകരിച്ചു ആവാസകേന്ദ്രങ്ങളിലേക്ക് തിരിച്ച് എത്തിക്കും.

നായകള്‍ കടിക്കാതിരിക്കാന്‍ ചെയ്യേണ്ടതും, നായകള്‍ കടിച്ചാല്‍ ചെയ്യേണ്ടതുമായ മുന്‍കരുതലുകള്‍ സംബന്ധിച്ച് വലിയ തോതിലുള്ള ബോധവത്ക്കരണ പ്രചരണ പരിപാടികള്‍, സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ എന്നിവ ജില്ലാതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ജില്ലാ അനിമല്‍ ഹസ്ബന്ററി ഓഫീസര്‍ ഡോ. എ. ഗോപകുമാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വടകരക്ക് നവ്യാനുഭവമായി ഔഷധസസ്യ സന്ദേശ യാത്ര

തൊഴുകണ്ണിയും ശതാവരിയും വാതം കൊല്ലിയും നീല അമരിയും കൂട്ടുകാരും എല്ലാം വടകര നഗരം നടന്നു കണ്ടു. മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധസസ്യ യാത്രയിലാണ് മുളം തണ്ടിൽ പാകി വളർത്തിയെടുത്ത ഔഷധസസ്യങ്ങൾ നഗരം ചുറ്റിയത്.

കടത്തനാടൻ കളരി ചികിത്സയുടെ ആസ്ഥാനമായ വടകരയിൽ കളരി മർമ്മാണി ഔഷധങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വളർത്തിയെടുക്കാനുള്ള പദ്ധതിയാണ് മർമ്മാണിത്തോപ്പ് പദ്ധതി. പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഔഷധസസ്യ യാത്ര നടത്തിയത്. ഔഷധസസ്യങ്ങൾ കയ്യിലേന്തി നഗരസഭ കൗൺസിലർമാരും കളരി ഗുരുക്കന്മാരും ശിഷ്യന്മാരുമെല്ലാം യാത്രയുടെ ഭാഗമായി.

അഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. കെ വനജ അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.പി പ്രജിത സിന്ധു പ്രേമൻ, പി സജീവ് കുമാർ, എം ബിജു, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ്, നഗരസഭ ഉദ്യോഗസ്ഥർ, കളരി ഗുരുക്കന്മാരായ മുഹമ്മദ് ഗുരുക്കൾ പ്രേമൻ ഗുരുക്കൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ സന്ദേശ യാത്രയിൽ പങ്കെടുത്തു.

‘ഗുഡ് സമരിത്തൻ കാഷ് അവാർഡ്’ ജില്ലാതല അപ്രൈസൽ കമ്മിറ്റി രൂപീകരിച്ചു; അപകടത്തിൽ പെട്ടവരെ രക്ഷിച്ചാൽ കാഷ് അവാർഡ്

മരണം സംഭവിക്കാമായിരുന്ന അപകടങ്ങളിൽ പെട്ടവരെ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിൽ(ഗോൾഡൻ അവർ) അടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5,000 രൂപയുടെ ‘ഗുഡ് സമരിത്തൻ കാഷ് അവാർഡ്’ നൽകാൻ പദ്ധതി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സഹായിച്ചവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവർ കമ്മിറ്റിക്ക് ശുപാർശ ചെയ്യണം. ഇത് ജില്ലാ കലക്ടർ ചെയർമാനും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർ അംഗങ്ങളായ ജില്ലാതല ഗുഡ് സമരിത്തൻ
അപ്രൈസൽ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാന തലത്തിലേക്ക് നൽകുകയും 5,000 രൂപ കാഷ് അവാർഡ് ഓൺലൈനായി അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് ദേശീയതലത്തിൽ ഒരു ലക്ഷം രൂപ വീതം നൽകും.

ഇങ്ങനെ സഹായിക്കുന്നവരെ കേസിൽ സാക്ഷികളാക്കുവാൻ പാടില്ല എന്ന് നിയമത്തിൽ നിർദ്ദേശമുണ്ട്.
അപകടത്തിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട് മരണപ്പെടുന്നവരുടെ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ജില്ലയിൽ ഗുഡ് സമരിത്തൻ കാഷ് അവാർഡു’കൾ ശുപാർശ ചെയ്യുന്നതിനായി കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ചെയർമാനായ ജില്ലാതല അപ്രൈസൽ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ എ. ഡി. എം മുഹമ്മദ് റഫീഖ്, ഡി.എം.ഒ ഉമ്മർ ഫാറൂഖ്, ട്രാഫിക്ക് എ.സി.പി പി.കെ സന്തോഷ്, ആർ. ടി.ഒ സുമേഷ് പി. ആർ തുടങ്ങിയവർ പങ്കെടുത്തു.

നാദാപുരത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് വീടുകളിലെത്തിക്കും

നാദാപുരത്ത് വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചാല്‍ പഞ്ചായത്ത് മുഖേന ലൈസന്‍സ് വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് വീടുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.

വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ ഉടമകള്‍ വെറ്ററിനറി ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം പഞ്ചായത്തില്‍ അറിയിച്ചാല്‍ അപേക്ഷ സമര്‍പ്പണവും 10 രൂപ ലൈസന്‍ഫീസ് അടക്കലും ഓണ്‍ലൈനിലൂടെ നടത്തി ലൈസന്‍സ് വീടുകളില്‍ എത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 9846558202 എന്ന നമ്പറില്‍ ബന്ധപ്പെടാം. പഞ്ചായത്തില്‍ ഇതുവരെ 27 വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ എ ദിലീപ് കുമാറിന്റെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു എന്നിവര്‍ സന്നിഹിതരായി.

ഇല്ലിക്കാട് പാലം അറ്റകുറ്റ പ്രവൃത്തികള്‍- ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും

ദേശീയപാത 766 ല്‍ ഇല്ലിക്കാട് പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഇല്ലിക്കാട് പാലം അപകടാവസ്ഥയിലായതിനാല്‍ അടിയന്തരമായി പാലം ജാക്കി വെച്ച് ഉയര്‍ത്തും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് റോഡ് പ്രവൃത്തി നടക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി ദീര്‍ഘദൂര യാത്രാബസുകള്‍, ട്രക്ക് ഉള്‍പ്പെടെയുള്ള ഹെവി വെഹിക്കിള്‍സ് എന്നിവ കുറ്റ്യാടി ചുരം വഴി തിരിച്ചു വിടാന്‍ ലിന്റോ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

നിയന്ത്രണത്തിന്റെ ഭാഗമായി ചെറുവാഹനങ്ങള്‍ക്ക് അടിവാരം ഭാഗത്തു നിന്നും പോത്തുണ്ടി പാലം വഴി നൂറാംതോട് നോളേജ് സിറ്റി റോഡിലൂടെ കൈതപ്പൊയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. വാഹനങ്ങള്‍ വെസ്റ്റ് കൈതപ്പൊയില്‍, വള്ള്യാട് വഴി അടിവാരത്തേയ്ക്ക് തിരിച്ചു വിടേണ്ടി വരുമെന്നും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.

ചിപ്പിലിത്തോട് – തുഷാരഗിരി – കോടഞ്ചേരി വഴി താമരശ്ശേരി – കോഴിക്കോട് ഭാഗങ്ങളിലേക്ക് വലിയ കണ്ടെയ്നര്‍ വാഹനങ്ങള്‍, തടി ലോറികള്‍, വലിയ ചരക്കു വാഹനങ്ങള്‍ എന്നിവയൊഴിച്ച് മറ്റ് എല്ലാ വാഹനങ്ങള്‍ക്കും യാത്ര ചെയ്യാമെന്ന് താമരശ്ശേരി എസ്.എച്ച്.ഒ അറിയിച്ചു. താമരശ്ശേരി ഭാഗത്തു നിന്നും കൈതപ്പൊയില്‍ – കക്കാട് – വള്ള്യാട്ട് റൂട്ടില്‍ പാല്‍ സൊസൈറ്റി വഴി അടിവാരം ഭാഗത്തേയ്ക്ക് ചെറു വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് തീരുമാനിച്ചു.

യോഗത്തില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചന്‍, വാര്‍ഡ് മെംബര്‍ ഷിജു ഐസക്, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ആര്‍.സുമേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെനി പി. മാത്യു, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫാത്തിമ ബീവി.എ.എം താമരശ്ശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പുരുഷോത്തമന്‍, സി.പി മുഹമ്മദ് ഹനീഫ എന്നിവര്‍ പങ്കെടുത്തു.