പെൺകുട്ടികൾക്കായി കരുതാം സമ്പാദ്യം, സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നാളെ മുതൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/02/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവ്

ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി എൻ എം അല്ലെങ്കിൽ ബി.എസ്‌ സി നഴ്സിംഗ് ആണ് യോഗ്യത. കെ എൻ എം സി രജിസ്‌ട്രേഷനും ആവശ്യമാണ്. [email protected] എന്ന ഇ- മെയിലിൽ ബയോഡാറ്റ അയയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് : 9207391138

താൽപ്പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ ക്രാഡിൽ അങ്കണവാടി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ അടങ്കൽ തുക ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്ന 140 അങ്കണവാടികളുടെ ഇന്റീരിയർ നവീകരണ പ്രവർത്തികൾ (ഒരു അങ്കണവാടിക്ക് 1.25 ലക്ഷം) ഏറ്റെടുക്കുന്നതിന് ഗവ:അംഗീകൃത ഏജൻസികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം ഫെബ്രുവരി 23 ന് 5 മണിക്കകം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ :0495 -2370750

റാങ്ക്പട്ടിക റദ്ദാക്കി

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) കാറ്റഗറി നമ്പർ 277/2017 തസ്തികയിലേക്ക് 11-12 -2019 ന് നിലവിൽ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പർ 622/19/SS III ) യുടെ മൂന്നു വർഷ കാലാവധി 12-12-2022 അർദ്ധ രാത്രിയിൽ പൂർത്തിയായതിനാൽ 13.12.2022 മുതൽ പൂർവാഹ്നം പ്രാബല്യത്തിൽ
റാങ്ക്പട്ടിക റദ്ദാക്കിയതായി പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

റാങ്ക്പട്ടിക റദ്ദാക്കി

ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ ലിഫ്റ്റ് ഓപ്പറേറ്റർ പാർട്ട് 1 ഡയറക്റ്റ് തസ്തികയുടെ (കാറ്റഗറി നമ്പർ 422/2015) 10.07.2018 തിയ്യതിയിൽ നിലവിൽ വന്ന 489/18/ഡിഒഡി നമ്പർ റാങ്ക്പട്ടികയുടെ മൂന്നു വർഷ കാലാവധിയിൽ ആരെയും നിയമന ശുപാർശ ചെയ്യത്തതിനെ തുടർന്ന് ദീർഘിപ്പിച്ച ഒരു വർഷത്തെ കാലാവധി 11.07.2022 നു അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 12.07.2022 പൂർവാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

റാങ്ക്പട്ടിക റദ്ദാക്കി

ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ ലിഫ്റ്റ് ഓപ്പറേറ്റർ പാർട്ട് II സൊസൈറ്റി കാറ്റഗറി തസ്തികയുടെ (കാറ്റഗറി നമ്പർ 423/2015)10.07.2018 തിയ്യതിയിൽ നിലവിൽ വന്ന 490/18/ഡിഒഡി നമ്പർ റാങ്ക്പട്ടികയുടെ മൂന്നു വർഷ കാലാവധിയിൽ ആരെയും നിയമന ശുപാർഷ ചെയ്യത്തതിനെ തുടർന്ന് ദീർഘിപ്പിച്ച ഒരു വർഷത്തെ കാലാവധി 11.07.2022 നു അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 12.07.2022 പൂർവാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

ലിസ്റ്റ് പരിശോധിക്കാൻ അവസരം

ജില്ലാ പി എസ്‌ സി ഓഫീസിൽ നിയമപ്രകാരം സൂക്ഷിക്കേണ്ട കാലാവധി കഴിഞ്ഞതിനാൽ നശിപ്പിക്കുവാൻ പാകമായ അപേക്ഷകൾ, തിരിച്ചറിയൽ പത്രികകൾ, ഒപ്പു പട്ടിക തുടങ്ങിയവ നീക്കം ചെയ്യുവാൻ ഉത്തരവായിട്ടുണ്ട്. രേഖകളുടെ വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസിൽ പരിശോധനയ്ക്ക് ലഭ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും ആക്ഷേപമുളളവർ ഇത് സംബന്ധിച്ച വിഞ്ജാപനത്തിന്റെ തിയ്യതി മുതൽ 15 ദിവസത്തിനു മുൻപ് കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസർക്ക് രേഖാമൂലം നൽകേണ്ടതാണെന്ന് പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

യോഗം ചേരുന്നു

കോഴിക്കോട് കോർപ്പറേഷനിലെ 17,18 വാർഡുകൾ ഉൾപ്പെട്ടതായ പ്രദേശം പ്രവർത്തന മേഖലയാക്കി ഒരു ക്ഷീരോൽപാദക സഹകരണസംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നാളെ (ഫെബ്രുവരി 9 ന്) നാല് മണിക്ക് മായനാട് എ.എം.എൽ.പി സ്കൂളിൽ പ്രാരംഭ രൂപീകരണയോഗം ചേരും. തദ്ദേശവാസികളായ ക്ഷീരോൽപാദകർ യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ക്ഷീര വികസന ഓഫീസർ അറിയിച്ചു.

തിയ്യതി മാറ്റി

ജില്ലാ സപ്ലൈ ഓഫീസറുടെ സി എസ് 2-549/2021 തിയ്യതി 10-01-2023 ലെ വിജ്ഞാപനം പ്രകാരം റേഷൻ കട ലൈസൻസി നിയമനത്തിനായുളള അപേക്ഷകൾ തുറന്ന് പരിശോധിക്കുന്നത് ഫെബ്രുവരി 11 ൽ നിന്നും ഫെബ്രുവരി 13 ന് രാവിലെ 10.30 ലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

സൗജന്യ ബീച്ച് അംബ്രല് വിതരണം ചെയ്യുന്നു

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ വഴിയോര ഭാഗ്യക്കുറി വില്പനക്കാർക്ക് സൗജന്യ ബീച്ച് അംബ്രല് വിതരണം ചെയ്യുന്നതിന്റെ കോഴിക്കോട് ജില്ലാതല പരിപാടി ഫെബ്രുവരി 13 ന് വൈകിട്ട് 3 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2378222

അറിയിപ്പ്

പാഠ്യപദ്ധതി പരിഷ്കരണം പാഠപുസ്തക രചന നടത്തുന്നതിനായി അപേക്ഷിച്ച അധ്യാപകർക്കുളള എഴുത്തു പരീക്ഷ എസ്.സി.ആർ.ടി യുടെ നേതൃത്വത്തിൽ ഫെബ്രുവരി 11ന് കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 10 മണി മുതൽ 12.30 മണി വരെ നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അധ്യാപകർ തിരിച്ചറിയൽ രേഖയുമായി രാവിലെ 9.30 നു മുൻപായി പരിക്ഷ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ഡയറ്റ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0496 2524426

സംസ്ഥാന വിവരവകാശ കമ്മീഷണർ 18 കേസുകൾ തീർപ്പാക്കി.

സംസ്ഥാന വിവരവകാശ കമ്മീഷണർ പി.ആർ. ശ്രീലത കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി.
20 കേസുകൾ പരിഗണിച്ചതിൽ 18 കേസുകൾ കമ്മീഷണൻ തീർപ്പാക്കി.

വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ ഹാജരാകാത്ത എസ് പി ഐ ഒമാർക്ക് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകുന്നതിന് നിർദേശം നൽകി. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ കഴിയുന്ന രേഖകൾ നൽകേണ്ടതാണ്. കാലതാമസം കൂടാതെ ഫയലുകൾ തീർപ്പാക്കണമെന്നും കമ്മീഷണർ ഉദ്യോഗസ്ഥന്മാരോട് നിർദേശിച്ചു.

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം’സ്‌മൃതി’ ഫെബ്രുവരി 10 ന്

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം’സ്‌മൃതി’ സംഘടിപ്പിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ ചരമദിനമായ ഫെബ്രുവരി 10 ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്, മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം അങ്കണത്തിൽ നടക്കുന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ ഗാനാഞ്ജലി അർപ്പിക്കും. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കെ.രമേശ് ബാബു പങ്കെടുക്കും.

ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റേയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നോർക്ക- യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേള നാളെ (ഫെബ്രുവരി 9) മുതൽ

നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോൺ മേളയ്ക്ക് നാളെ (ഫെബ്രുവരി 9 ന് ) തുടക്കമാകും. കോഴിക്കോട്, വയനാട് കണ്ണൂർ,കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് മേള. ലോൺ മേളയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം എസ് എം ഇ ഫസറ്റ് ബ്രാഞ്ചിൽ രാവിലെ 10.30 ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും.

യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് റോസലിൻ റോഡ്രിഗസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ബിജിഷ പി.കെ, ഡെപ്യൂട്ടി ബ്രഞ്ച് മാനേജർ ജിതിൻ ആർ.ബി തുടങ്ങിയവർ പങ്കെടുക്കും.
എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയെക്കുറിച്ച് നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരിയും ലോൺ നടപടി ക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജർ ആദർശ് വി.കെ യും വിശദീകരിക്കും.

വേദികൾ: കോഴിക്കോട് : (യൂണിയൻ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച് , പാർകോ കോംപ്ലക്സ് , കല്ലായി റോഡ് ), കണ്ണൂർ: (കണ്ണൂർ മെയിൻ ബ്രാഞ്ച് ,ഫോർട്ട് റോഡ് ), കാസർഗോഡ് 🙁 ജനറൽ ഹോസ്പിറ്റലിന് സമീപമുള്ളബ്രാഞ്ച് ,), വയനാട് (കൽപ്പറ്റ ബ്രാഞ്ച് ,ഡോർ നമ്പർ 9 / 305 / (3)മെയിൻ റോഡ് കൽപ്പറ്റ നാഷണൽ ഹൈവേ ).

മേള നടക്കുന്ന ബ്രാഞ്ചുകളിൽ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്‌പോർട്ട് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും,ആധാർ,പാൻകാർഡ്,ഇലക്ഷൻ തിരിച്ചറിയൽ കാർഡ്,റേഷൻ കാർഡ്,പദ്ധതി വിശദീകരണം,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം അതതു വേദികളിൽ രാവിലെ 10 മണിമുതൽ പങ്കെടുക്കാവുന്നതാണ് .

കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം സൗജന്യമായി പദ്ധതി റിപ്പോർട്ടും തയാറാക്കി നൽകുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്ന പ്രവാസികൾ പുതു സംരംഭങ്ങൾ തുടങ്ങി പുനരധിവാസം യാഥാർഥ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

സുകന്യ സമൃദ്ധി യോജന: അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നാളെ മുതൽ

പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ ചേരാൻ അവസരം ഒരുക്കുന്നു. ഇതിനായി ജില്ലയിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും ഫെബ്രുവരി 9 ,10 തിയ്യതികളിൽ അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നടക്കും. പോസ്‌റ്റൽ ഡയറക്ടറേറ്റ് അമൃത്‌പെക്‌സ്- പ്ലസ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി രക്ഷകർത്താക്കൾക്ക് ഈ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാം. 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതിയിൽ ചേരാവുന്നത് . 250 രൂപയാണ് അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ സംഖ്യ. അക്കൗണ്ട് കാലാവധി 21 വർഷമാണ്.

രാജ്യത്തെ എല്ലാ ഡിപ്പാർട്ട്മെന്റ് പോസ്റ്റ് ഓഫീസുകളിലും പ്രത്യേക സർവീസ് ചാർജ് ഇല്ലാതെ പണം നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. രക്ഷിതാവിന്റെ രണ്ട് ഫോട്ടോ, രക്ഷിതാവിന്റെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും കോപ്പി, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കോപ്പി എന്നിവയാണ് അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ രേഖകൾ. എസ് എസ്‌ വൈ പദ്ധതിയിൽ രക്ഷിതാക്കൾ നടത്തുന്ന നിക്ഷേപം കുട്ടികളുടെ ഭാവി വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമയബന്ധിതമായി സഹായിക്കും.

ഡി സി ഐ പി: സർട്ടിഫിക്കറ്റ് വിതരണം നടത്തി

ഡിസ്ട്രിക്ട് കലക്ടർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ (ഡി സി ഐ പി ) ഇരുപത്തിമൂന്നാം ബാച്ചിലെ ഇന്റേൺസിന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്‌ഡി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 4 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ13 പേർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ചാണ് ഇവർ സർട്ടിഫിക്കറ്റിന് അർഹരായത്.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

സ്വകാര്യ വഴികൾക്ക് കുറുകെ വൈദ്യുതലൈൻ വലിക്കുമ്പോൾ ചട്ടങ്ങൾ പാലിച്ച രേഖ സൂക്ഷിക്കണം: വിവരാവകാശ കമ്മിഷൻ

സ്വകാര്യ വ്യക്തികളുടെ നടവഴികൾ, റോഡുകൾ തുടങ്ങിയവയ്ക്ക് കുറുകെ വൈദ്യുതലൈൻ വലിക്കുമ്പോൾ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും അതിൻ്റെ രേഖകൾ ഫയലിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതി ബോഡ് മാനേജിംഗ് ഡയറക്ടറോട് സംസ്ഥാന വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. കോഴിക്കോട് കോവൂർ ഇലക്ട്രിക്കൽ സെക്ഷനിൽ പി.ദീപ്തി രാജ് സമർപ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗിൽ തീർപ്പാക്കവേ കമ്മിഷണർ എ.അബ്ദുൽ ഹക്കിമാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതി തേടാതെ ലൈൻ വലിച്ചത് സംബന്ധിച്ച് ദീപ്തി രാജിൻ്റെ പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തി മാർച്ച് 31നകം കമ്മീഷന് രേഖ ലഭ്യമാക്കാനും നിർദ്ദേശിച്ചു.

നടുവണ്ണൂർ ഹയർ സെക്കഡറി സ്‌കൂളിൽ 2021 ജൂൺ 30 ന് നടന്ന ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷയിലെ ഉത്തരകടലാസുകൾ മുദ്രവച്ച കവറിൽ കമ്മിഷൻ ആസ്ഥാനത്ത് മാർച്ച് ഏഴിന് ഹാജരാക്കണo.

പത്തനംതിട്ട സ്വദേശി പി.ശശിധരൻ ആവശ്യപ്പെട്ട വിവരങ്ങൾ നല്കാനായി മാനന്തവാടി ഡി വൈ എസ് പി, സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ തെളിവെടുപ്പിനായി ഹാജരാകാത്തതിനെ തുടർന്ന് കമ്മിഷൻ ആസ്ഥാനത്തേക്ക് സമൻസ് അയച്ച് മാർച്ച് ഏഴിന് ഹാജരാകാൻ ഉത്തരവിട്ടു. ക്ഷീര വികസന വകുപ്പിൽ വിവരാവകാശ ഓഫീസറായി ഫീഡർ കാറ്റഗറിക്കാരെ നിയമിച്ചത് പുന:പരിശോധിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ അഡ്വ.പാലത്ത് ഇമ്പിച്ചിക്കോയ ആവശ്യപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരമുള്ള തുക മാത്രം ഈടാക്കി ഫെബ്രുവരി 28 നകം നല്കണമെന്നും കമ്മിഷണർ ഹക്കിം ഉത്തരവായി.

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ 2020ലെ പ്രകൃതിദുരന്ത നിവാരണ അപേക്ഷയിൽ വിവരം ലഭ്യമാക്കാതിരുന്ന ഓഫീസർക്കെതിരെ നിയമം 20 (1) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നല്കും. സിറ്റിംഗിൽ 18 രണ്ടാം അപ്പീൽ പരാതികൾ കമ്മിഷൻ തീർപ്പാക്കി.

പി.ആർ.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ഫെബ്രുവരി 15

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് താത്കാലിക പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനൽ തയാറാക്കുക. അപേക്ഷകൾ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം.

ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനൽ രൂപീകരിക്കുന്നത്. ഒരാൾക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റർ പാനലിലേക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളുടെ പി.ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവർക്ക് കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങിൽ പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന ലഭിക്കും. ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളുടെ പി.ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 01-01-2023ൽ 35 വയസ്.

എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഒരു വർഷമാണു പാനലിന്റെ കാലാവധി. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കിൽ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം www.prd.kerala.gov.in, careers.cdit.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.