ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിലൂടെ തൊഴിലവസരം, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് അതാത് മേഖലകളിൽ നിയമനം നൽകും. തൃശൂരിൽ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും. ഫോൺ: 9288006404, 9288006425.

ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് : കൂടിക്കാഴ്ച ജൂൺ 25ന്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 25ന് രാവിലെ 10 മണിക്ക് നടക്കും. എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ-0496 2524920

ദർഘാസുകൾ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സിസി യ്ക്ക് താഴെയുളള ടൂറിസ്റ്റ് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. നിലവിലുള്ള സർക്കാർ നിരക്കോ അതിൽ കുറവോ രേഖപ്പെടുത്താം. ജൂലൈ അഞ്ചിന് വൈകീട്ട് മൂന്ന് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0495 2959779

പ്രവേശന പരീക്ഷ ജൂലൈ 17 ന്

സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആർ-ൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ ജൂലൈ 17 ന് നടക്കും. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് (റ്റി.ഡി.സി) അപേക്ഷിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 10.30 മുതൽ 11.30 വരെയും, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിന് (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 12 മുതൽ ഒരു മണി വരെയും, ദ്വിവർഷ പ്രിലിംസ് കം മെയിൻസ് (ടൂ ഇയർ പി.സി.എം) കോഴ്‌സിന് അപേക്ഷിച്ച ബിരുദ വിദ്യാർത്ഥികൾക്ക് ഉച്ചക്ക് രണ്ട് മുതൽ മൂന്ന് മണി വരെയുമാണ് പ്രവേശന പരീക്ഷ. പരീക്ഷാർത്ഥികൾ പരീക്ഷയുടെ അര മണിക്കൂർ മുമ്പ് ഐ.സി.എസ്.ആറിൽ റിപ്പോർട്ട് ചെയ്യണം. അവസാന തീയതി ജൂലൈ ഒമ്പത്. ഫോൺ: 0494- 2665489, 8848346005, 9846715386, 9645988778, 9746007504

ഭാരത് പെട്രോളിയം ഔട്ട്ലെറ്റുകൾ നടത്താൻ അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം കോർപറേഷന്റെ കീഴിൽ ഏറണാകുളം, നെടുമ്പാശേരി, ഗോശ്രീപാലം എന്നിവിടങ്ങളിലുള്ള ഔട്ട്ലെറ്റുകൾ നടത്തുവാൻ താത്പര്യമുള്ള സായുധസേനയിൽനിന്നും വിരമിച്ച ഓഫീസർ/ ജെ.സി.ഒ എന്നിവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദേശങ്ങളും അപേക്ഷഫോറവും www.bharatpetroleum.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495 2771881.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലെ 18 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനമായ ഗവ. ചിൽഡ്രൻസ് ഹോം ബോയ്‌സ് സ്ഥാപനത്തിലെ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28ന് വൈകീട്ട് അഞ്ച് മണി. ജൂൺ 30ന് രാവിലെ 10 മണിക്ക് സാമൂഹ്യ നീതി കോംപ്ലക്‌സിലെ ഗവ. ചിൽഡ്രൻസ് ഹോം ബോയ്‌സിൽ അഭിമുഖം നടക്കും. ഇ-മെയിൽ: [email protected] ഫോൺ: 9539170460, 9446646304.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ (ജെൻഡർപാർക്ക്) ഗവ. ആഫ്റ്റർകെയർ ഹോമിലെ 18 മുതൽ 21 വയസ്സുവരെയുളള പെൺകുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ. പ്രായം – 45 വയസ്സിൽ താഴെ. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 11 മണിക്ക് ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ്) നടക്കും.. ഫോൺ: 0495 2731454

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ : അപേക്ഷ ക്ഷണിച്ചു

വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ ഗവ. ചിൽഡ്രൻസ് ഫോം ഫോർ ഗേൾസിലേക്ക് ആറ് വയസ് മുതൽ 18 വയസ്സുവരെയുളള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ അപേക്ഷിക്കുക. പ്രായം – 45 വയസ്സിൽ താഴെ. അപേക്ഷ, ബയോഡാറ്റ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ ജൂൺ 30 രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തും. ഫോൺ: 0495 2730459.

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് ജൂൺ 27 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കുടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre ഫേയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0495- 2370176

ജല- പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

ജല- പരിസ്ഥിതി പരിപാലനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് കുന്ദമംഗലം ജലവിഭവവികസന വിനിയോഗ കേന്ദത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) തുടക്കമായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ മൂന്നുദിവസങ്ങളിലായാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സമഗ്രമായ ജല പരിപാലനത്തിനായി ആഗോളതലത്തിൽ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങൾ പങ്കുവെക്കാനുള്ള വേദിയായിരിക്കുമിത്. ജലവിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ, ഭൂഗർഗ ജല പരിപാലനം, തണ്ണീർ തടങ്ങൾ, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങൾ തുടങ്ങിയ പത്ത് വിഷയങ്ങളിൽ ചർച്ചകൾ നടക്കും. വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, നീതി ആയോഗ് സീനിയർ അഡ്വൈസർ ഡോ. നീലം പട്ടേൽ, പ്രശസ്ത ജല ശാസ്ത്രഞ്ജൻ പ്രൊഫ. വിജയ് പി. സിംഗ്, കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, സി.ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.

ജൂൺ 24ലെ സമാപന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീനാ ഫിലിപ്പ്, പി.ടി.എ. റഹിം എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

പെരിങ്ങളം ജംഗ്ഷനിൽ ബൈപാസ് നിർമ്മാണത്തിന് പദ്ധതി

അഞ്ച് റോഡുകളുടെ സംഗമ സ്ഥാനമായ പെരിങ്ങളം ജംഗ്ഷനിൽ ബൈപാസ് നിർമ്മാണത്തിന് പദ്ധതി. കുന്ദമംഗലം, സി.ഡബ്ല്യു.ആർ.ഡി.എം, കുറ്റിക്കാട്ടൂർ, ചെത്തുകടവ്, വരട്ട്യാക്ക് എന്നിവിടങ്ങളിൽനിന്നുള്ള റോഡുകൾ പരിഷ്കരിച്ചതോടെ പെരിങ്ങളം ജംഗ്ഷനിൽ ഉണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒരു റിംഗ് റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.

വീതി കുറഞ്ഞ പെരിങ്ങളം ടൗൺ നവീകരണവും റിംഗ് റോഡ് നിർമാണവും നടത്തുന്നതിനുള്ള പരിശോധനകൾക്കായി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

ഔഷധസസ്യ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചക്കിട്ടപ്പാറ പഞ്ചായത്ത് നിവാസികൾക്കായി ഔഷധസസ്യ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും അധിക വരുമാന മാർഗങ്ങൾ ഉറപ്പ് വരുത്താൻ ആരംഭിച്ച വിവിധ പദ്ധതികളിൽ ഏറ്റവും പ്രാമുഖ്യം നൽകുന്ന പദ്ധതിയാണ് ഔഷധസസ്യ കൃഷിയെന്ന് പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തിൽ നിർമിത ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ 100 ഏക്കർ സ്ഥലവും പ്ലാന്റേഷൻ കോർപറേഷന്റെ 50 ഏക്കർ സ്ഥലവും ഉൾപ്പെടെ 150 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, വിപണനം എന്നിവയിൽ പരിശീലനത്തിലൂടെ കർഷകർക്ക് മികച്ച നേട്ടം കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി കെ ശശി, ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം അംഗം കെ.എ ജോസൂട്ടി തുടങ്ങിയവർ സംസാരിച്ചു.

വാതിൽപ്പടി സേവനം: മേപ്പയ്യൂരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അരികിലെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം നിർവഹിച്ചു.

വയോജനങ്ങൾ കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, അതിദരിദ്രർ തുടങ്ങി സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനതയ്ക്കും അവർക്കാവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചുനൽകുന്ന സന്നദ്ധസേവന സംവിധാനമാണ് വാതിൽപ്പടി സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവൻരക്ഷാ മരുന്ന്, ആശ്രയക്കിറ്റ്, നിയമ സേവനം, ആധാർ ലഭ്യമാക്കൽ തുടങ്ങിയ എല്ലാകാര്യങ്ങളും അർഹരായ പൗരന്റെ അടുത്ത് എത്തിക്കും.

വൈസ് പ്രസിഡന്റ് എൻ.പി ശോഭ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാാരായ വി.സുനിൽ, വി.പി.രമ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് സെക്രട്ടറി എസ്.മനു, അസി.സെക്രട്ടറി എ.സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ആശാ വർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കാരശ്ശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം; നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

യാത്രക്കാർക്ക് ആശ്വാസമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ ഓടതെരുവ് മാടാമ്പുറത്താണ് വിശ്രമ കേന്ദ്രം നിർമിക്കുന്നത്.

സ്ത്രീകൾ, കുട്ടികൾ,തീർഥാടകർ തുടങ്ങി ഏവർക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും വിശ്രമകേന്ദ്രം ഉപയോഗിക്കാം. എല്ലാ ശുചിമുറികളിലും സാനിറ്ററി നാപ്കിൻ, ഡിസ്ട്രോയർ, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനശീകരണികൾ എന്നിവ സജ്ജീകരിക്കും. ഹരിത കേരള മിഷന്റെയും , ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ 43 ലക്ഷംരൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.

വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സൗദ ടീച്ചർ, ശുചിത്വ മിഷൻ കോ-ഓഡിനേറ്റർമാരായ രാജേഷ്, റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.

മുക്കം കൃഷിഭവനിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

മുക്കം നഗരസഭയും കൃഷിഭവനും കാർഷിക കർമസേനയും ചേർന്ന് നടത്തുന്ന ഞാറ്റുവേലച്ചന്തക്ക് തുടക്കമായി. 24 വരെ നടക്കുന്ന ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, കുറ്റ്യാടി തെങ്ങിൻ തൈകൾ, പച്ചക്കറിതൈകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്. കുരുമുളക് , കുറ്റികരുമുളക് എന്നിവ സബ്സിഡിയിൽ ലഭിക്കും.

ഞാറ്റുവേലച്ചന്തയോടൊപ്പം പി എം കിസാൻ ലാൻഡ് വെരിഫിക്കേഷൻ ഈ ദിവസങ്ങളിൽ സൗജന്യമായി കൃഷിഭവൻ പരിസരത്ത് നടത്തും. പി എം കിസാൻ ആനുകൂല്യം ലഭിക്കുന്ന കർഷകർ അടിയന്തരമായി ലാൻഡ് വെരിഫിക്കേഷൻ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മുക്കം കൃഷിഭവനിൽ നേരിട്ടോ 0495 2294546 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.

ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷയായി. കൗൺസിലർമാരായ കല്ലാണികുട്ടി, ജോഷില, വസന്തകുമാരി, അശ്വതി, കാർഷിക വികസന സമിതി അംഗങ്ങൾ, പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.