ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു; കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മെഡിക്കൽ ഓഫീസർ: അഭിമുഖം 31 ന്

കോഴിക്കോട് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർ ജീവനക്കാരെ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നു. യോഗ്യത- സ്ഥിരമായ ടി.സി.എം.സി രജിസ്‌ട്രേഷനോടു കൂടിയ എം.ബി.ബി.എസ്. പ്രായപരിധി 2022 ജനുവരി 31ന് 60 വയസ്സിന് താഴെ. ഉദ്യോഗാർത്ഥികൾ മാർച്ച് 31ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും, പകർപ്പും (തിരിച്ചറിയൽരേഖ ഉൾപ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുമ്പാകെ ഹാജരാകണം.

ക്യാഷ് അവാർഡ്- അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് 2020-22 അധ്യയനവർഷത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ക്ഷേമനിധി അംഗത്വ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. അവസാന തീയതി മാർച്ച് 31. ഫോൺ: 0495 2372434

ഇ-ടെണ്ടർ

വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നിർവഹണം നടത്തുന്ന പ്രവൃത്തികൾക്ക് ഗവൺമെന്റ് അംഗീകൃത കരാറുകാരിൽ നിന്നും ഇ-ടെണ്ടറുകൾ ക്ഷണിച്ചു. ഏപ്രിൽ നാലിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഇ-ടെണ്ടർ ഏപ്രിൽ എട്ട് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തുറക്കും. ഫോൺ: 0496 2500442

വിമുക്ത ഭടന്മാർക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

ജില്ലാ സൈനികക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ചെയ്ത ശേഷം വിവിധ കാരണങ്ങളാൽ പുതുക്കാതെ സീനിയോറിറ്റി റദ്ദായ വിമുക്തഭടരായ ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അവസരം. 2000 ജനുവരി 1 മുതൽ 2021 ഓഗസ്റ്റ് 31 വരെ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കാണ് അവസരം നൽകിയിരിക്കുന്നത്. 2022 ഏപ്രിൽ 30 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. ഫോൺ: 0495 2771881

പതാകകളുടെ വിൽപ്പന തുക കുടിശ്ശിക ഒടുക്കണം

ജില്ലാതല സായുധ സേനാ പതാകനിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ/ അർദ്ധ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിതരണം ചെയ്ത സായുധസേനാ പതാകകളുടെ വിൽപ്പന തുക കൂടിശ്ശികയാക്കിയ, സർക്കാർ/അർദ്ധ സർക്കാർ ഓഫീസുകളുടെ മേലധികാരികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ/പ്രധാനാധ്യപകർ എന്നിവർ നിലവിലുള്ള മുഴുവൻ കുടിശ്ശിക തുകയും നിലവിലെ സാമ്പത്തിക വർഷം തന്നെ സമാഹരിക്കേണ്ടതിനാൽ, മാർച്ച് 30നകം സർക്കാരിലേക്ക് ഒടുക്കി രശീതി കൈപ്പറ്റണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിറ്റിന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ഏപ്രിൽ ഒമ്പതിലെ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യുട്യൂബ് വീഡിയോ ക്ലാസ് എന്നിവ ചേർന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്കാണ് അവസരം.
രജിസ്‌ട്രേഷൻ ലിങ്ക്: rebrand.ly/CMAT/TEST/SERIES
ഫോൺ: 9548618290

മഠത്തിൽ താഴം – എടവനചാലിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ചീക്കിലോട് മഠത്തിൽ താഴം – എടവനചാലിൽ മുക്ക് റോഡ് ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ സി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സി കെ രാജൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഹരിദാസൻ ഈച്ചരോത്ത്, സ്ഥിരം സമിതി അംഗം കുണ്ടൂർ ബിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഇരുവഴിഞ്ഞി പുഴ ശുചീകരണം നാളെ

ഇരുവഴിഞ്ഞി പുഴ ശുചീകരണത്തിന് വിപുലമായ കർമ്മ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. തെളിനീർ ഒഴുകും നവകേരളം; എന്റെ നദി എന്റെ ജീവൻ എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ (മാർച്ച് 26) പുഴ ശുചീകരിക്കും. ശുചീകരണത്തിന്റെ ഉദ്ഘാടനം തെയ്യത്തും കടവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിക്കും.

പുഴയുടെ സംരക്ഷണം ലക്ഷ്യമിടുന്ന ശുചീകരണ പരിപാടിയിൽ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും ക്ലബുകളും പങ്കെടുക്കും. പുതിയോട്ടിൽ കടവ് മുതൽ ഇടവഴിക്കടവ് വരെ ഒരു ടീമും തെയ്യത്തും കടവ് മുതൽ കാരാട്ട് കടവ് വരെ മറ്റൊരു ടീമും ശുചീകരണത്തിന് നേതൃത്വം നൽകും.

സമ്മാന വിതരണം നടത്തി

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ കോളേജ്, സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ വിവിധയിനം മത്സരങ്ങളുടെ സമ്മാനദാനം വെള്ളിമാടുകുന്ന് ഗവ.ചിൽഡ്രൻസ് ഹോം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രബന്ധരചന, ചിത്രരചന, പ്രസംഗ മത്സരം, ദേശഭക്തി ഗാനം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാന ചടങ്ങും നടന്നു.

ജില്ലാ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജൽ സമ്മാന വിതരണം നടത്തി. ജില്ലാ വനിതാ-ശിശു വികസന ഓഫീസർ അബ്ദുൾ ബാരി, ജൂനിയർ സൂപ്രണ്ട് സുനീഷ്, ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായായ നിഷ മോൾ, റഷീദ്, കൗൺസിലർ മുഹ്‌സിൻ, മഹിളാ ശക്തികേന്ദ്ര ടീം തുടങ്ങിയവർ പങ്കെടുത്തു.

പരിശീലനം നൽകി

വില്ല്യാപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലനം നൽകി. കെ.ഐ.പി. പ്രതിനിധി സുരേഷ് കുന്നത്, നെസ്റ്റ് കൊയിലാണ്ടി പ്രതിനിധി ടി.കെ.യൂനസ് എന്നിവർ ക്ലാസ്സെടുത്തു.

ജില്ലയിൽ ഇന്ന് 45 പേർ കോവിഡ് പോസിറ്റീവ്; 67 പേർക്ക് രോഗമുക്തി

ജില്ലയിൽ ഇന്ന് 45 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 45 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 1,382 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 67 പേർകൂടി രോഗമുക്തി നേടി. നിലവിൽ 409 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു; കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും പദ്ധതി പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടമുണ്ടാക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണംചെയ്ത് നവകേരള സൃഷ്ടി ലക്ഷ്യമാക്കിയാണ് 2022-23 വർഷത്തെ ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

118.16 കോടി രൂപയാണ് ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ പ്രതീക്ഷിത വരുമാനം. തരിശുരഹിത ജില്ല പദ്ധതിയിലുൾപ്പെടുത്തി കാർഷിക മേഖലയ്ക്ക് 6.45 കോടിരൂപ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്ക് 32 ലക്ഷം രൂപയും ക്ഷീരവികസത്തിന് 3.25 കോടിരൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 5.07 കോടിരൂപയും വകയിരുത്തി.

വ്യവസായ മേഖലയ്ക്ക് 3.25 കോടിരൂപയും സൗരോർജ പദ്ധതികൾക്ക് ഒരുകോടി രൂപയും ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും പരിസ്ഥിതി-മണ്ണ്-ജല സംരക്ഷണത്തിനായി 3.9 കോടി രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് 5.25 കോടി, യുവജന ക്ഷമത്തിന് 7 ലക്ഷം, കായിക മേഖലയ്ക്ക് 25 ലക്ഷം, സാംസ്‌കാരിക മേഖലയ്ക്ക് 30 ലക്ഷം രൂപയും വിലയിരുത്തി.

വിവിധ ആരോഗ്യ പദ്ധതികൾക്കായി 20 കോടി രൂപയും കുടിവെള്ള പദ്ധതികൾക്ക് 9.22 കോടിയും ശുചിത്വ പദ്ധതിക്കായി 4.28 കോടി രൂപയും വിലയിരുത്തി. ലൈഫ് ഭവനപദ്ധതിക്ക് 10 കോടിരൂപയും അതിദാരിദ്ര്യ നിർമാർജനത്തിന് 50 ലക്ഷംരൂപയും വകയിരുത്തി. വയോജന ക്ഷേമത്തിനായി 2.5 കോടിയും വനിതാ-ശിശു വികസനത്തിനായി 5.79 കോടി രൂപയും വകയിരുത്തി.

ടൂറിസം പ്രോത്സാഹനത്തിനായി 5 ലക്ഷം, ഇ-ഓഫീസ് സംവിധാനം നടപ്പാക്കാൻ 25 ലക്ഷംരൂപയും വകയിരുത്തി. പട്ടികജാതി ക്ഷേമത്തിനായി 12.74 കോടി, പട്ടികവർഗ്ഗ വിഭാഗത്തിനായി 82.38 ലക്ഷംരൂപയും വകയിരുത്തി. പൊതുമരാമത്തിന് 12.76 കോടിരൂപയും ആസ്തിവികസനത്തിന് 11.59 കോടിരൂപയും വകയിരുത്തി.

2021-22 വർഷത്തെ പരിഷ്‌കരിച്ച ബജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. പോയവർഷത്തെ ആകെ വരവ് 162.63 കോടിരൂപയും ചെലവ് 147 കോടിരൂപയുമാണ്. 2022-23 വർഷം 129.96 കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. 15.62 കോടി രൂപയാണ് നിലവിൽ നീക്കിയിരുപ്പ്.

ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ജില്ലയെ ശിശു സൗഹൃദമാക്കുമെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേകം ഊന്നൽ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. മുക്കം മുഹമ്മദ്, സുരേഷ് മാസ്റ്റർ, രാജീവ് പെരുമൺ പുറ, നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വ. പി. ഗവാസ്, പി.പി.പ്രേമ, സി.എം.യശോദ, ധനീഷ് ലാൽ, സി.വി.എം. നജ്മ, അംബിക മംഗലത്ത്, കെ.പി. ചന്ദ്രി, ഗോപാലൻ നായർ ,ബോസ് ജേക്കബ്, ഷറഫുന്നീസ ടീച്ചർ, ദുൽഖി ഫിൽ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.

ക്ഷേമകാര്യസമിതി ചെയർമാൻ പി. സുരേന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻഎം വിമല, വികസനകാര്യസമിതി ചെയർപേഴ്സൺ വി.പി. ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.

കുറ്റിച്ചിറകുളം നവീകരണ പൈതൃക പദ്ധതിയും ഇബ്ന്‍ബത്തൂത്ത നടപ്പാതയും നാളെ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് കുറ്റിച്ചിറ കുളം നവീകരണ പൈതൃക പദ്ധതിയുടെയും ഇബ്ന്‍ബത്തൂത്ത നടപ്പാതയുടെയും ഉദ്ഘാടനം നാളെ (മാര്‍ച്ച് 26) വൈകിട്ട് 7.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തുറമുഖ മ്യൂസിയ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും.

രണ്ട് കോടി രൂപ ചെലവഴിച്ച് നാല് ഘട്ടങ്ങളായാണ് പൈതൃകപദ്ധതി പൂര്‍ത്തിയാക്കിയത്. കുറ്റിച്ചിറകുളം നവീകരണ പദ്ധതിക്കായി 98,43,506 രൂപയുടെയും ഇബ്ന്‍ബത്തൂത്ത നടപ്പാതയ്ക്ക് 25,00,000 രൂപയുടെയും ഭരണാനുമതിയാണ് വിനോദസഞ്ചാരവകുപ്പ് നല്‍കിയിരുന്നത്. എഴുപത്തഞ്ചുലക്ഷം രൂപ എം.കെ മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും പദ്ധതിക്കായി വിനിയോഗിച്ചു.

ഇബ്ന്‍ബത്തൂത്തയുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച ഇബ്ന്‍ബത്തൂത്ത നടപ്പാത കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃക ചരിത്രം വിളിച്ചോതുന്നതാണ്. സ്വാതന്ത്രസമരസേനാനി ഹസ്സന്‍കോയ മുല്ലയുടെ പേരിലുള്ള കുട്ടികളുടെ പാര്‍ക്ക്, കുളകടവ് നവീകരണം, കുളം ശുചിയാക്കല്‍, നടപ്പാത, ഇരിപ്പിടനവീകരണം, ക്ലാഡിങ് വര്‍ക്ക്, അലങ്കാരവിളക്കുകള്‍, ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ആരും പട്ടിണികിടക്കരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ; ഉദയം ഹോമിലെ അന്തേവാസികൾക്കനുവദിച്ച ഭക്ഷ്യധാന്യ റേഷൻ പെർമിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കിയ ഉദയം ഹോമിലെ അന്തേവാസികൾക്കനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്കുള്ള റേഷൻ പെർമിറ്റ് വിതരണോദ്ഘാടനം ചേവായൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് സമഗ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. തെരുവിൽ കഴിയുന്നവർക്കും ഭക്ഷ്യധാന്യം നൽകാനുള്ള സംവിധാനം സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, മതസ്ഥാപനങ്ങൾ, തുടങ്ങിയ കേന്ദ്രങ്ങൾക്കും റേഷൻ വഴി ഭക്ഷ്യവിതരണം നടത്തി വരുന്നുണ്ട്. കേരളത്തിലെ ഊരുകളിൽ സർക്കാർ ചെലവിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നുണ്ടെന്നും ഏറ്റവും ദുർബലരായവരെ ചേർത്തു നിർത്തി മുന്നോട്ടുപോകുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. അർഹമായ കൈകളിൽ റേഷൻ വിഹിതം എത്തുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, വാർഡ് കൗൺസിലർ ഡോ. പി.എൻ. അജിത, ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി, റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, തുടങ്ങിയവർ പങ്കെടുത്തു.