‘ഗള്‍ഫില്‍ ആദ്യം കിട്ടിയ ജോലി ഉറുമ്പുകളെ ചവിട്ടിക്കൊല്ലല്‍, നാട്ടിലേക്ക് വന്നത് 44 ദിവസത്തെ ജയില്‍വാസത്തിന് ശേഷം’; പ്രവാസിയായി ആദ്യം ഗള്‍ഫിലെത്തിയ അനുഭവങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിലൂടെ പങ്കുവയ്ക്കുന്നു തറമ്മല്‍ അബ്ദുള്‍ സലാം


തറമ്മല്‍ അബ്ദുള്‍ സലാം

ദ്യമായി ഞാന്‍ ദുബായില്‍ പോകുന്നത് 1982 ലാണ്. ജൂണ്‍ 16 ന് പയ്യോളിയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സിന്റെ ബസ്സിലായിരുന്നു യാത്ര. രണ്ടോ മൂന്നോ ജീപ്പില് ആളുകള്‍ എന്നെ യാത്രയാക്കാനായി എത്തിയിരുന്നു.

പോകുന്നതിന്റെ തലേ ദിവസം സംഭവബഹുലമായിരുന്നു. വീട്ടില് ഒരുപാടാളുകള്‍ വന്നു. ഓരോരുത്തരും അഞ്ചും പത്തും എന്നിങ്ങനെ അവരാല്‍ കഴിയുന്ന തുക എനിക്ക് സമ്മാനിച്ചു. ഇരുപത്തിയഞ്ച് രൂപ വരെ തന്നവരുണ്ട്. ഇരുപത്തിയഞ്ച് രൂപ എന്നാല്‍ അക്കാലത്തെ വലിയ തുകയാണ്. നാട്ടുകാരെല്ലാം കൂടി ആയിരത്തി ചില്ല്വാനം രൂപയാണ് എനിക്ക് അന്ന് തന്നത്.

പോകാനായി ബസ്സില്‍ കയറി. ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം വിട്ട് പോകുന്ന വേളയില്‍ എല്ലാ പ്രവാസികളുടെയുമെന്ന പോലെ എന്റെ കണ്ണും നിറഞ്ഞു. ബസ് വടകര എത്തിയപ്പോഴും എന്റെ കണ്ണീര്‍ തോര്‍ന്നിട്ടില്ലായിരുന്നു. അപ്പോള്‍ ബസ്സില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് സാരമില്ല എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിച്ചു. അദ്ദേഹം നേരത്തേ ഗള്‍ഫില്‍ പോയിരുന്ന പ്രവാസിയായിരുന്നു.

ബസ് ബോംബെയിലെത്തി. അവിടെ മുഹമ്മദലി റോഡില്‍ അക്ബര്‍ ട്രാവല്‍സിന്റെ റൂമിലാണ് മൂന്നാല് ദിവസം താമസിച്ചത്. അന്ന് ‘ചവിട്ടിക്കേറ്റുക’ എന്നൊരു പരിപാടിയുണ്ട്. പത്താം ക്ലാസ് പാസായില്ലെങ്കില്‍ ഗള്‍ഫില്‍ പോകാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടില്ല. അപ്പൊ പൈസ കെട്ടിവെച്ച് കയറിപ്പോകാം. അതാണ് ചവിട്ടിക്കേറ്റല്‍.

അങ്ങനെ ഒടുവില്‍ ഞാന്‍ ദുബായിലെത്തി. ഇരിങ്ങത്തുള്ള പി.എ.നായരുടെ അടുത്താണ് എത്തിയത്. അവിടെ വന്ന് എന്റെ അറബി എന്നെ കൂട്ടിക്കൊണ്ടുപോയി. ഖലീല്‍ അല്‍ സുവൈദി എന്നായിരുന്നു അറബിയുടെ പേര്. തുറന്ന ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര.

അറബിയുടെ വീട്ടിലെത്തി. അവിടെ എന്നെ ആദ്യം ഏല്‍പ്പിച്ച പണി വളരെ വിചിത്രമായിരുന്നു. വരിവരിയായി പോകുന്ന ഉറുമ്പുകളെ ചവിട്ടിക്കൊല്ലാനാണ് എന്നോട് പറഞ്ഞത്. ഉറുമ്പുകളെ ചവിട്ടിക്കൊന്നുകൊണ്ട് ‘ഇങ്ങനെ, ഇങ്ങനെ’ എന്ന് എനിക്ക് അയാള്‍ കാണിച്ച് തന്നു. ഇതെന്ത് തരം മനുഷ്യനാണ് പടച്ചോനേ എന്ന് വിചാരിച്ചു ഞാന്‍.

കെ.ടി.അമ്മദ് എന്നയാളാണ് എനിക്ക് വിസ തന്നത്. നാട്ടില്‍ കോഴിക്കോട് എനിക്ക് കൊപ്രുടെ പണിയായിരുന്നു. 1500 രൂപയായിരുന്നു നാട്ടിലെ ശമ്പളം. ഗള്‍ഫിലെത്തിയപ്പോള്‍ 750 രൂപ അഥവാ 300 ദിര്‍ഹമായിരുന്നു ശമ്പളം. അത് ഇപ്പഴത്തെ കണക്കില്‍ ഏകദേശം 6000 രൂപയാണ്. അന്ന് ഇന്ത്യന്‍ രൂപയ്ക്ക് കൂടുതല്‍ മൂല്യമുണ്ടായിരുന്നു.

രണ്ട് പുരുഷന്മാരും പ്രായമായ ഒരാള്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളുമാണ് ആ വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം ഉണ്ടാക്കല്‍, വസ്ത്രം അലക്കല്‍, കക്കൂസ് കഴുകല്‍, വണ്ടി കഴുകല്‍ ഇതെല്ലാമായിരുന്നു അവിടെ എന്റെ ജോലി. അന്ന് ഇന്നത്തെ പോലെ ഓരോ ജോലിക്കും ഓരോ ആളുകളൊന്നും ഇല്ല.

രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റാല്‍ രാത്രി 12 മണി വരെയായിരുന്നു എന്റെ ജോലി. എനിക്ക് അവിടെ ഉറങ്ങാന്‍ നല്ലൊരു സ്ഥലം ഇല്ലായിരുന്നു. കോണിക്കൂടായിരുന്നു എനിക്ക് കിടക്കാന്‍ തന്ന സ്ഥലം. മഞ്ഞ് കൊണ്ടാണ് കിടപ്പ്. അങ്ങനെ ഒരു ദിവസം തണുപ്പ് സഹിക്കാന്‍ വയ്യാതെ ഞാന്‍ അറബിയെ കണ്ട് കാര്യം പറഞ്ഞു.

‘മഞ്ഞ് കൊണ്ട് എനിക്ക് ജലദോഷം പിടിക്കുന്നു. എനിക്ക് കിടക്കാന്‍ താഴെ ഒരു മുറി വേണം.’ ഞാന്‍ പറഞ്ഞു.

പറ്റില്ല എന്നായിരുന്നു അറബിയുടെ മറുപടി.

ഞാന്‍ നേരെ അറബിയുടെ ഉമ്മയുടെ അടുത്ത് പോയി കാര്യം പറഞ്ഞു. അവര്‍ ഒരു നല്ല സ്ത്രീയായിരുന്നു.

‘അബ്ദുള്‍ സലാമേ, ഇഞ്ഞ് താഴെ മജ്‌ലിസില്‍ (സ്വീകരണമുറി) കിടന്നോ.’ ഉമ്മയുടെ മറുപടി കേട്ട് എനിക്ക് സന്തോഷമായി.

അന്ന് രാത്രി ഞാന്‍ മജ്‌ലിസില്‍ കിടന്ന് സുഖമായി ഉറങ്ങി. അറബി പുറത്ത് പോയിട്ട് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഞാന്‍ മജ്‌ലിസില്‍ കിടക്കുന്നത് കണ്ട് അയാള്‍ക്ക് ദേഷ്യം പിടിച്ചു.

‘നിന്നോട് ആര് പറഞ്ഞു ഇവിടെ കിടക്കാന്‍?’

‘മാമ (ഉമ്മ) പറഞ്ഞു.’ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

അറബി അതൊന്നും ചെവിക്കൊള്ളാതെ എന്നെ പിടിച്ച് വീടിന്റെ പുറത്താക്കി വാതിലടച്ചു. എനിക്ക് വല്ലാതെ സങ്കടമായി. ഞാന്‍ നേരം വെളുക്കുന്നത് വരെ ഇരുന്ന് കരഞ്ഞു.

പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. അടുത്ത വീട്ടില്‍ കൊടുങ്ങല്ലൂരുകാരന്‍ ഒരു സുലൈമാന്‍ ഉണ്ടായിരുന്നു. പിറ്റേന്ന് സുലൈമാനോട് ഞാന്‍ കാര്യം പറഞ്ഞു. ഇനി അവിടെ നിക്കണ്ട, വേഗം എങ്ങോട്ടേലും ചാടിക്കോ എന്ന് സുലൈമാന്‍ എന്നോട് പറഞ്ഞു. എനിക്കും അതാണ് നല്ലത് എന്ന് തോന്നി.

വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷമാണ് അവിടെ ആകെയുള്ള ലീവ്. അന്നാണ് സുഹൃത്തുക്കളെ കാണാനും മറ്റുമെല്ലാം പുറത്ത് പോകുക. ആ വെള്ളിയാഴ്ച ഞാനും എനിക്ക് വിസ തന്ന ആളും സുലൈമാനും എല്ലാവരും കൂടെ പ്ലാന്‍ ചെയ്തു. എന്റെ ബാഗും സാധനങ്ങളുമെല്ലാം സുലൈമാന്റെ കയ്യില്‍ കൊടുത്തിട്ട് ഞാന്‍ സാധാരണ പോലെ പുറത്ത് പോയി. പിന്നെ ഞാന്‍ അങ്ങോട്ട് തിരിച്ച് വന്നില്ല. മുങ്ങി!

എന്നെ കാണാനില്ലെന്ന് മനസിലായ അറബി നേരെ നിക്ക് വിസ തന്ന കെ.ടി.അമ്മദിന്റെ അടുത്തേക്ക് പോയി ‘സലാമിനെ കാണാനില്ല’ എന്ന് പറഞ്ഞു. ‘എനിക്ക അറിയില്ല അവനെവിടെ പോയെന്ന്. ഞാന്‍ നിങ്ങളുടെ അടുത്താണ് ആക്കിയത്. എനിക്ക് അവനെ തരണം.’ എന്ന് പറഞ്ഞു.

അങ്ങനെ ആകെ പ്രശ്‌നമായി. അറബിയുടെ വീട്ടില്‍ നിന്ന് മുങ്ങിയ ഞാന്‍ ജുമൈറ എന്ന സ്ഥലത്തെ എന്റെ നാട്ടുകാരനായ സി.പി.ഇബ്രാഹിമിന്റെ (കുനിക്കാട് ഇബ്രാഹിം) അടുത്താണ് എത്തിയത്. അവന്റെ മുറിയില്‍ എല്ലാ സൗകര്യവും എനിക്ക് നല്‍കി, സൗജന്യമായി. ദുബായില്‍ ജോലി ഇല്ലാത്ത ആളുകളൊക്കെ അവന്റെ അടുത്താണ് എത്തിപ്പെടുക.

അവന്‍ വലിയ ഒരു അറബി വീട്ടിലാണ്. അവിടെ വലിയ മുറി അവന് സ്വന്തമായുണ്ട്. ഒരാഴ്ചയോളം ഞാനവിടെ നിന്നു. ജുമൈറയിലെ ഒരു വീട്ടില്‍ എനിക്ക് അവന്‍ ജോലി ശരിയാക്കി തന്നു. അവിടെ ഭക്ഷണം ഉണ്ടാക്കലായിരുന്നു എനിക്ക് ജോലി. ശമ്പളം അറുനൂറ് ദിര്‍ഹവും. ആദ്യം നിന്ന വീട്ടില്‍ കിട്ടിയതിന്റെ ഇരട്ടി.

രണ്ടര വര്‍ഷമാണ് ഞാനവിടെ ജോലി ചെയ്തത്. അതും ഒരു വര്‍ഷത്തെ കാലാവധിയുള്ള വിസയുമായി. പാചക തൊഴിലാളികള്‍ പോലെയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ വിസയാണ് ലഭിക്കുക. വീട്ടുജോലിക്ക് പ്രത്യക വിസയാണ് ഉണ്ടാവുക. വെള്ളപ്പത്താക്ക എന്നാണ് അതിനെ മലയാളികള്‍ വിളിക്കുക.

അങ്ങനെ രണ്ടര വര്‍ഷത്തിന് ശേഷം എനിക്ക് നാട്ടിലേക്ക് പോകാന്‍ പൂതിയായി. പക്ഷേ ഒന്നര വര്‍ഷം ഞാന്‍ അനധികൃതമായാണ് ആ രാജ്യത്ത് കഴിഞ്ഞത്. അതിനാല്‍ നേരിട്ട് ലേബറില്‍ ഹാജരാകേണ്ടി വന്നു. അവര്‍ എന്നെ കോടതിയിലേക്ക് കൊണ്ടുപോയി. ഇത്രയും കാലം അനധികൃതമായി നിന്നതിന് ശിക്ഷയായി അവരെന്നോട് 2400 ദിര്‍ഹം പിഴയടക്കാന്‍ ഉത്തരവിട്ടു.

പടച്ചോനേ… എന്റെ കയ്യില്‍ അതിന്റെ പകുതി പണം പോലുമില്ല. അഞ്ഞൂറ് ദിര്‍ഹമേ കയ്യിലുള്ളൂവെന്ന് ഞാന്‍ അവരോട് പറഞ്ഞു. പിഴയടക്കാത്തതിനാല്‍ ജയിലിലിടാന്‍ കോടതി ഉത്തരവിട്ടു. ഒരു ദിവസം 50 ദിര്‍ഹം എന്ന കണക്കില്‍ 2400 ദിര്‍ഹത്തിന് പകരമായി 44 ദിവസത്തെ ജയില്‍വാസം.

അങ്ങനെ 43 ദിവസങ്ങള്‍ ഞാന്‍ ജയിലില്‍ കഴിഞ്ഞു. 44-ാം ദിവസം പൊലീസുകാര്‍ എന്നെ ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി നാട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങാന്‍ അവസരം നല്‍കി. സാധനങ്ങള്‍ വാങ്ങി ഞാന്‍ വീണ്ടും ജയില്‍മുറിയിലെത്തി. ഒടുവില്‍ 45-ാം ദിവസം എന്നെ അവര്‍ വിമാനത്താവളത്തില്‍ കൊണ്ടുവന്ന് നാട്ടിലേക്കുള്ള വിമാനം കയറ്റി വിട്ടു. നാടുകടത്തല്‍!


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ബോംബെയിലേക്ക് തന്നെയായിരുന്നു മടക്കവിമാനവും. ഗള്‍ഫിലേക്ക് വന്നത് ബോംബെ വഴിയായിരുന്നെങ്കിലും അവിടെ എനിക്ക് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. ജയിലില്‍ നിന്ന് പലരും പറഞ്ഞിരുന്നു, ബോംബെയിലെത്തിയാല്‍ ശ്രദ്ധിക്കണം, അവര് പറ്റിക്കും എന്ന്. വരുന്ന വഴിക്ക് വിമാനത്താവളത്തില്‍ വച്ച് ഒരു തലശ്ശേരിക്കാരനെ പരിചയപ്പെട്ടു. അവന്റെ ഒരു നാട്ടുകാരന്റെ കൂടെയാണ് ബോംബെയിലെത്തിയത്.

ഗള്‍ഫില്‍ നിന്ന് വിമാനം കേറുന്നതിന് മുന്നേ ഒരു വിലാസം തന്നിരുന്നു. ബോംബെയിലെത്തി അവിടേക്കാണ് ഞങ്ങള്‍ പോയത്. അവിടെ രണ്ട് ദിവസം താമസിച്ചു. ഗള്‍ഫില്‍ നിന്ന് കുറേ തുണി വാങ്ങിയിരുന്നു. ബോംബെയില്‍ വില്‍ക്കാന്‍. അതെല്ലാം അവിടെ വിറ്റ ശേഷമാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചത്. വീണ്ടുമൊരു ബസ് യാത്ര. എന്റെ സ്വന്തം നാട്ടിലേക്ക്. ബോംബെയില്‍ നിന്ന് പയ്യോളിക്കുള്ള ബസ്സില്‍ എന്റെ നാടിനെയും സ്വപ്‌നം കണ്ട് കണ്ണടച്ച് ഞാനിരുന്നു…


തറമ്മല്‍ അബ്ദുള്‍ സലാം എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


തറമ്മല്‍ അബ്ദുള്‍ സലാം.

1982 ല്‍ ദുബായില്‍ പ്രവാസജീവിതം തുടങ്ങി. അറബി വീടുകളില്‍ വീട്ട് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്തു. ഇടക്കാലത്ത് നാട്ടില്‍ വന്ന് പലചരക്ക് കട നടത്തി. പിന്നീട് വീണ്ടും പ്രവാസിയായി ബഹ്‌റൈനിലേക്ക്. എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും നാട്ടിലെത്തി. അടുത്ത തവണ ഗള്‍ഫിലെത്തിയത് മലബാര്‍ ഗോള്‍ഡിന്റെ ദുബായ് ശാഖയിലെ ജോലിക്കാരനായി. ദുബായില്‍ നിന്ന് നാട്ടില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മലബാര്‍ ഗോള്‍ഡിലെ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സഹായത്തോടെ നാട്ടില്‍ നിരവധി പേര്‍ക്ക് വീട് നിര്‍മ്മാണം, ചികിത്സ, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്ക് സഹായമെത്തിച്ചു. 2022 ജൂലൈ മാസത്തില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. നാട്ടില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. പ്രവാസി കാരയാടിന്റെ പ്രസിഡന്റ്, പ്രവാസി റിലീഫ് സെല്‍ തറമ്മലിന്റെ രക്ഷാധികാരി, കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റി ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.