സ്മൃതിവനങ്ങൾ, ഉദ്യാനം, വായനാമുറി; ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം പ്രശാന്തി ഗാർഡൻ ഉള്ളിയേരിയിൽ ഒരുങ്ങുന്നു


ഉള്ളിയേരി: പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുകയാണ് പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം. ശ്മശാനത്തിന്റെ അവസാനഘട്ട പ്രവൃത്തികളും പൂര്‍ത്തിയാവുന്നു. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് പ്രശാന്തി ഗാര്‍ഡന്‍ നിർമ്മിക്കുന്നത്.

ഒക്ടോബർ 31 നകം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സച്ചിൻ ദേവ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ഫർണസ്‌, ചിമ്മിനി എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. വൈദ്യുതി, വെള്ളം, ലാൻഡ്സ്‌കേപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഈ സമയത്തിനുള്ളിൽ പൂർത്തിയാക്കും. ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ ഭൂഗര്‍ഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. മറ്റ് ശ്മശാനങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ശ്മശാനം ഒരുങ്ങുന്നത്.

മുൻ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 3.90 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ശ്മശാനം ഒട്ടേറെ പ്രത്യേകതകളോടെയാണ് ഒരുങ്ങുന്നത്. സ്മൃതിവനങ്ങള്‍, പൊതുദര്‍ശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങള്‍, കാരക്കുന്ന് മലയില്‍നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകള്‍ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്.

ഉദ്യാനം, ഇടവഴികള്‍, വായനമുറികള്‍, വിശ്രമ ഇരിപ്പിടങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

ഉള്ളിയേരി സംസ്ഥാനപാതയില്‍ പാലോറയില്‍നിന്ന് ഏകദേശം 700 മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ശ്മശാനത്തില്‍ എത്തിച്ചേരാനാകും. ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഒരുക്കുന്നത്. മരണാനന്തരച്ചടങ്ങുകള്‍ നടത്താനുള്ള വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. കുളിക്കുന്നതിനും കര്‍മങ്ങള്‍ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും. കോവിഡ് കാരണമാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കാലതാമാസം നേരിട്ടത്. ആവശ്യമായിവന്നാല്‍ ഇലക്ട്രിക്കല്‍ ക്രിമറ്റോറിയവും സജ്ജീകരിക്കാന്‍ കഴിയും. യു.എല്‍.സി.സി.എസിനാണ് നിര്‍മാണച്ചുമതല.

summary: Prashanti Garden Crematorium is changing the conventional notions about public cemeteries


Community-verified icon