‘ ഹാഫ്‌ ഷവായ, മൂന്ന് കുബ്ബൂസ്, പെട്ടെന്നുവേണം’ മീഞ്ചന്തയിലെ ഹോട്ടലാണെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; അബദ്ധം പറ്റിയ പൊലീസുകാരനെ നൈസായി ഡീല്‍ ചെയ്ത് കമ്മീഷണര്‍


കോഴിക്കോട്: ‘ ഹാഫ്‌ ഷവായ, മൂന്ന് കുബ്ബൂസ്, ഒന്ന് പെട്ടെന്ന് വേണം’ ഫോണില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യുന്ന എ.എസ്.ഐ ബല്‍രാജിന്റെ ശബ്ദത്തിലെ തിടുക്കം കേട്ടാല്‍ അറിയാം വിശപ്പുകൊണ്ട് ഒരു രക്ഷയുമില്ലെന്ന്. പക്ഷേ തിടുക്കം കൂടിയപ്പോള്‍ ഹോട്ടലെന്ന് കരുതി അബദ്ധത്തില്‍ വിളിച്ചത് അസിസ്റ്റന്റ് കമ്മീഷണറെയായിപ്പോയി എന്നു മാത്രം.

കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ പന്നിയങ്കര സ്വദേശിയായ എ.എസ്.ഐ ബല്‍രാജിനാണ് അബദ്ധം പറ്റിയത്. മറുവശത്ത് നിന്ന് കോള്‍ എടുത്തതോടെ തന്നെ ബല്‍രാജ് തന്റെ ആവശ്യം അറിയിക്കുകയായിരുന്നു.

തിരികെ കിട്ടിയ മറുപടിയോടെയാണ് തനിക്ക് പിണഞ്ഞ അബദ്ധം മനസിലായത്. ‘ഒരുരക്ഷയും ഇല്ലല്ലോ ഞാന്‍ എ.സി.പിയാണ്” എന്നു പറഞ്ഞ് ഒരു ചിരിയായിരുന്നു അദ്ദേഹം. ‘ സോറി സാര്‍, അയ്യോ നമസ്‌കാരം സാര്‍’ എന്ന് പറഞ്ഞ് ബല്‍രാജ് ഉടനെ ക്ഷമ ചോദിക്കുകയും ചെയ്തു. ‘ കുഴപ്പമില്ല കോമഡിയായി എടുത്താല്‍ മതി, നോ പ്രോബ്ലം’ എന്നായിരുന്നു എ.സി.പിയുടെ പ്രതികരണം.

ഫറൂഖ് എ.സി.പി. എ.എം. സിദ്ധിഖിന്റെ നമ്പറാണെന്നായിരുന്നു മറുപടി. വിളിച്ച പൊലീസുകാരന്‍ മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും എസിപി സൗമ്യമായി വിഷയം കൈകാര്യം ചെയ്തു. അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് എസിപി പൊലീസ് ഉദ്യോഗസ്ഥനെ ആശ്വസിപ്പിച്ചു.

എ.ആര്‍ ക്യമ്പിലെ ക്വിക്ക് റെസ്‌പോന്‍സ് ടീമിലെ എ.എസ്.ഐ ആണ് ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാന്‍ ബല്‍രാജ് ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ അറിയാതെ വീണ്ടും എ.സി.പി സിദ്ധിഖിന് തന്നെ കോള്‍ പോകുകയായിരുന്നു.