‘ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം’; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്


എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നു. പ്രവര്‍ത്തകരുടെ അക്രമം നടക്കുമ്പോഴും പിന്നീട് ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. അക്രമം നടത്തിയ എസ്.എഫ്.ഐക്കാര്‍ പോയതിനു പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിനുശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പിയെന്ന നിലയില്‍ കാര്യക്ഷമമായ ഇടപെടല്‍ രാഹുല്‍ഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്‍പറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവര്‍ത്തകര്‍ എന്നിവരടക്കം 29 പേര്‍ റിമാന്‍ഡിലാണ്.

എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനല്‍ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.

സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റിയെ ഇന്നലെ പിരിച്ചുവിട്ടിരുന്നു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.