ചേമഞ്ചേരിയിൽ ഗോവ ഗവർണ്ണറുടെ കാറിൽ പൊലീസ് ജീപ്പ് ഇടിച്ചു


കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയിൽ വച്ച് ഗവർണ്ണറുടെ വാഹനത്തിൽ പൊലീസ് ജീപ്പ് ഇടിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗോവ ഗവർണ്ണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടെ കാറിന് പിന്നിലാണ് പൊലീസ് ജീപ്പ് ഇടിച്ചത്.

ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് സംഭവം ഉണ്ടായത്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു ഗോവ ഗവർണ്ണർ. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം അപ്രതീക്ഷിതമായി തിരിച്ചപ്പോൾ ഗവർണ്ണറുടെ കാർ പെട്ടെന്ന് നിർത്തി. കാറിന് പിന്നിലുണ്ടായിരുന്ന പൊലീസിന്റെ എസ്കോർട്ട് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിൻ്റെ ബമ്പർ തകർന്നു. എന്നാൽ ഗവർണ്ണർ കാറിൽ നിന്നും ഇറങ്ങിയില്ല. യാത്ര ഉടൻ തന്നെ പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിൽ പരാതി നൽകിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷണത്തിൽ പരിശോധിക്കും.