കൃത്രിമ തിരക്കുണ്ടാക്കും, സ്ത്രീകളെ പ്രത്യേക രീതിയില്‍ വളഞ്ഞശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മാലപൊട്ടിക്കും; കോഴിക്കോട് ജില്ലയില്‍ മുപ്പതോളം മോഷണക്കേസില്‍ പ്രതിയായ അഞ്ചംഗസംഘം ചേവായൂര്‍ പൊലീസിന്റെ പിടിയില്‍


കോഴിക്കോട്: പൊതുയിടങ്ങളില്‍ കൃത്രിമ തിരക്കുണ്ടാക്കി കവര്‍ച്ച നടത്തിവന്ന ദക്ഷിണേന്ത്യന്‍ കവര്‍ച്ചാസംഘം ചേവായൂര്‍ പൊലീസിന്റെ പിടിയില്‍. ഇതോടെ കോഴിക്കോട് ജില്ലയില്‍ നടന്ന മുപ്പതോളം മോഷണ, കവര്‍ച്ച കേസുകളില്‍ തുമ്പുണ്ടായതായും പൊലീസ് അറിയിച്ചു.

തമിഴ്‌നാട് മധുര പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ നാരായണ (44), മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മുരളി (37), കോലാര്‍ മൂള്‍ബാബില്‍ സ്വദേശിനികളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരെയാണ് പൂളകടവില്‍ നടത്തിയ വാഹന പരിശോധനയില്‍ പോലീസ് പിടികൂടിയത്.

കര്‍ണാടക, കേരളം, തമിഴ്‌നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്.

തിരക്കേറിയ ബസില്‍ കയറി സ്ത്രീകളെ പ്രത്യേക രീതിയില്‍ വളഞ്ഞശേഷം മൂര്‍ച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്‌സും ഇവര്‍ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധവും ഇവരില്‍ നിന്നും കണ്ടെടുത്തു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുന്ദമംഗലം ബസ്സ്റ്റാന്റില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇവരെ കണ്ടെത്തുന്നതിനു വഴിവെച്ചത്. ദൃശ്യങ്ങളില്‍ മൂന്ന് സ്ത്രീകള്‍ ബസില്‍ കയറുന്ന സമയത്ത് കവര്‍ച്ച ചെയ്യുന്നതും കൂടെവന്ന ഒരാള്‍ നിരീക്ഷിക്കുന്നതും പിന്നീട് എല്ലാവരും കര്‍ണാടക രജിസ്‌ട്രേഷന്‍ ടവേരയില്‍ കയറിപോകുന്നതും പതിഞ്ഞിരുന്നു.

ജില്ലയുടെ വിവിധഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ കളവ് നടക്കുന്നതായി മനസിലാക്കിയ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അന്വേഷണം കര്‍ണ്ണാടയിലേക്കും, തമിഴ്‌നാടിലേക്കും വ്യാപിപ്പിച്ചു. ഓരോ ഭാഗങ്ങളിലും കവര്‍ച്ച നടത്തുന്നത് വ്യത്യസ്ത രീതിയിലുള്ള, മാന്യമായ വേഷവിധാനത്തോടെ ആയതിനാല്‍ ആരുംതന്നെ ഇവരെ സംശയിക്കാറില്ല.

കഴിഞ്ഞ ദിവസം കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനം ജില്ലയിലേക്ക് പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളില്‍ പട്രോളിങ് നടത്തി. വാഹനം ചേവായൂര്‍ ഭാഗത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചേവായൂര്‍ പോലീസ് പ്രതികളെ പൂളക്കടവില്‍ നിന്ന് പിടികൂടുകയായിരുന്നു. സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ബിജുവിന്റെ കീഴിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

നിരവധി സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തതായും മെഡിക്കല്‍ കോളേജ് അസി. കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.