അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ചോർത്തി നൽകി; പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ (വീഡിയോ കാണാം)


EXCLUSIVE NEWS

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷാജിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍. ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിന് മുമ്പാകെ വെയ്ക്കുന്നതിന് മുമ്പ് കുറ്റാരോപിതയായ ജീവനക്കാരിയ്ക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചോര്‍ത്തി നല്‍കിയെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

ശനിയാഴ്ചയാണ് ട്രസ്റ്റി ബോര്‍ഡ് യോഗം നടന്നത്. യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടും കുറ്റാരോപിതയായ ജീവനക്കാരിയ്‌ക്കെതിരായ നടപടിയും. യോഗത്തിന്റെ തലേദിവസം ചെയര്‍മാന്‍ എന്ന നിലയ്ക്ക് താന്‍ റിപ്പോര്‍ട്ട് ചോദിച്ചിരുന്നെന്നും എന്നാല്‍ ട്രസ്റ്റി ബോര്‍ഡ് യോഗത്തിന് മുമ്പ് റിപ്പോര്‍ട്ട് തരാനാവില്ലെന്നും യോഗം നടക്കുമ്പോള്‍ തരാമെന്നുമാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞത്. എന്നാല്‍ ഇതേ റിപ്പോര്‍ട്ട് യോഗത്തിന് മുമ്പ് കുറ്റാരോപിതയ്ക്ക് നല്‍കിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

കൊട്ടിലകത്ത് ബാലന്‍നായരുടെ വാക്കുകള്‍:

”ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്ന സമയത്തെ പണാപഹരണവുമായി ബന്ധപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ നിയമിച്ച അഭിഭാഷകന്റെ റിപ്പോര്‍ട്ട് ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഞാന്‍ ചോദിച്ചിരുന്നു. അത് എനിക്ക് തരാതെ ട്രസ്റ്റി ബോര്‍ഡ് നടക്കുമ്പോള്‍ തരാമെന്ന് പറയുകയും ഇതേ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡ് യോഗത്തിന് മുമ്പ് കുറ്റാരോപിതയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് മനസിലാക്കുന്നത്. ഇത് കുറ്റാരോപിതയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് നാട്ടില്‍ പരക്കെ സംസാരമുയരുന്നത്.”

ശനിയാഴ്ച നടന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ഒരംഗം ഒഴികെ മറ്റെല്ലാവരും അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുകയും ജീവനക്കാരിയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡിലെ ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച് റിപ്പോര്‍ട്ട് തള്ളുകയും ജീവനക്കാരിയ്‌ക്കെതിരെ നടപടിയെടുക്കുകയും ചെയ്യേണ്ട എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇതുസംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കാതെ യോഗം പിരിയുകയാണുണ്ടായത്. ഇത് കുറ്റാരോപിതയ്‌ക്കെതിരായ നടപടി വൈകിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്.

ബോര്‍ഡ് യോഗത്തിന് പിന്നാലെ കുറ്റാരോപിതയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം അറിയിച്ച് പിഷാരികാവിലെ പതിനെട്ട് ജീവനക്കാര്‍ ഒപ്പിട്ട കത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

2021 മാര്‍ച്ച് 18 നാണ് പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചതായി മൂന്ന് ജീവനക്കാരികള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ഇതിനു പിന്നാലെ ജീവനക്കാരിയെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതല്ലാതെ ഒരുവര്‍ഷത്തിനിപ്പുറവും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ഭാഗമായ കമ്മീഷനും ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടറും നടത്തിയ അന്വേഷങ്ങളില്‍ കുറ്റാരോപിതയ്‌ക്കെതിരായ കുറ്റം ബോധ്യപ്പെടുകയും കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒരു അഭിഭാഷക കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു. ഈ അന്വേഷണം പ്രഹസനമാണെന്നും കുറ്റാരോപിതയെ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ നീക്കമാണെന്നുമുള്ള ആക്ഷേപം നിലനില്‍ക്കെയാണ് ശനിയാഴ്ച നടന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ ഭൂരിപക്ഷം പേരും ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വിസമ്മതിച്ചത്.

വീഡിയോ കാണാം: