പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവിന് സാധ്യത; ലിറ്ററിന് 25 രൂപ വരെ ഉയര്‍ന്നേക്കും


കോഴിക്കോട്: അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യത. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനാല്‍ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന് ബാലരിന് 130 ല്‍ എത്തി നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ വര്‍ധനവിന് ആനുപാതികമായ വര്‍ധന രാജ്യത്തുണ്ടാവുമോയെന്നാണ് അറിയാനുള്ളത്.

ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില വര്‍ധന അനുസരിച്ച് എണ്ണ കമ്പനികള്‍ക്കു നഷ്ടമില്ലാതെ ആഭ്യന്തര വില്‍പ്പന നടത്തണമെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 15 രൂപയെങ്കിലും ഉയര്‍ത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ ഇത് ഇരുപതു രൂപയ്ക്കു മുകളിലെന്നും പറയുന്നുണ്ട്. ലിറ്ററിന് രണ്ടു രൂപ ലാഭം കൂടിയാവുമ്പോള്‍ ഉയര്‍ത്തേണ്ട വില പിന്നെയും കൂടും.

ഇന്ധന വില പുനര്‍ നിര്‍ണയം പുനരാംരംഭിക്കുമ്പോള്‍ ഒറ്റയടിക്കു വില കൂടുമോയെന്നതിലും വ്യക്തതയില്ല. വില പുനര്‍നിര്‍ണയം പ്രതിദിനം ആയതിനാല്‍ ചെറിയ ചെറിയ വര്‍ധനയിലൂടെ നഷ്ടം പരിഹരിക്കുന്ന വിധത്തിലേക്ക് എത്തുക എന്ന തന്ത്രം സ്വീകരിക്കാന്‍ സര്‍ക്കാര്‍ കമ്പനികളെ നിര്‍ബന്ധിച്ചേക്കും. അങ്ങനെയെങ്കില്‍ തുടക്കത്തില്‍ രണ്ടോ മൂന്നോ രൂപയുടെ വര്‍ധനയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു രൂപയില്‍ താഴെ വര്‍ധനയും വരുത്തി ഏതാനും ദിവസം കൊണ്ടു നഷ്ടം പരിഹരിക്കാം. ഒറ്റയടിക്കു വന്‍ വര്‍ധന വരുത്തുന്നതിലൂടെ ഉണ്ടാവുന്ന ജനരോഷത്തെയും ഇതുവഴി മറികടക്കാനാവും.

ആദ്യ ലോക്ക് ഡൗണ്‍ കാലത്ത് എണ്ണ വില ഇരുപതു ഡോളറിലേക്കു താഴ്ന്നപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ നികുതി ഉയര്‍ത്തി നേട്ടമുണ്ടാക്കുകയായിരുന്നു സര്‍ക്കാര്‍. അന്നു കൂട്ടിയ നികുതിയില്‍ പിന്നീട് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കുറച്ചിരുന്നു. ഇപ്പോഴത്തെ വന്‍ വര്‍ധന ഒഴിവാക്കാന്‍ നികുതിയില്‍ കൂടുതല്‍ ഇളവിന് സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിക്കുമ്പോള്‍ ബാരലിന് 81.5 ഡോളര്‍ ആയിരുന്നു അസംസ്‌കൃത എണ്ണയുടെ വില. ഇതാണ് ഇന്ന് 130 ഡോളറിനു മുകളില്‍ എത്തിയത്.