കാസർകോഡ് ബസ്സിൽ പോക്കറ്റടിക്കവെ രണ്ട് പേരാമ്പ്ര സ്വദേശികൾ പിടിയിൽ; ചോദ്യം ചെയ്തപ്പോൾ 150 ൽ അധികം കേസുകളിൽ പ്രതികൾ


പേരാമ്പ്ര: വിവിധ മോഷണ കേസുകളില്‍ പ്രതികളായ പേരാമ്പ്ര സ്വദേശികളായ രണ്ടു പേരെ കയ്യോടെ പൊക്കി പോലീസ്. പേരാമ്പ്ര സ്വദേശി ഷിജിത്ത്, ചക്കിട്ടപ്പാറക്കാരന്‍ പ്രബീഷ് എന്നിവരെയാണ് കാസര്‍ഗോഡുനിന്ന് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയില്‍ നിന്നും ബസില്‍ പോക്കറ്റടിക്കിടെയാണ് പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് കൂട്ടാളിയായ പേരാമ്പ്ര സ്വദേശി ഷിജിത്തിനെ പിടികൂടിയത്.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസിന് മനസിലായത്. നൂറ്റി അന്‍പതിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയും പിടിക്കപ്പെടാത്തതാണ്. പിടിക്കപ്പെട്ട കേസുകളും അനേകമുണ്ട്. പ്രബീഷിനെതിരെ ബാലുശേരി, കല്‍പ്പറ്റ, പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഷിജിത്തിനെതിരെ കുമ്പള സ്റ്റേഷനില്‍ നേരത്തെ കേസുണ്ട്.