തീരദേശമേഖലയിലെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല, തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കാതെ പിന്നോട്ടില്ല; സമരപ്പന്തല്‍ രൂപീകരിച്ച് ജനകീയ സമരവുമായി പ്രദേശവാസികള്‍


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ച് ജനകീയ സമരവുമായി തിക്കോടി നിവാസികള്‍. സമരംശക്തമാക്കുന്നതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി സ്ഥാപിച്ച സ്ഥിരം സമരപ്പന്തല്‍ തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.

അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ സമരപ്പന്തലില്‍ ജനകീയ സമരം തുടരുമെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ അറിയിച്ചു. ആവശ്യമായാല്‍ ഈ മേഖലയിലെ ജോലി തടസപ്പെടുത്തുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കുന്നു.

മേഖലയിലെ പ്രധാന സ്‌കൂളുകളായ സി.കെ.ജി സ്‌കൂളുകളിലേക്കും പയ്യോളി ഹൈസ്‌കൂളിലേക്കും തീരദേശമേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ പോകുന്നുണ്ട്. അടിപ്പാത ഇല്ലാതായാല്‍ ഇവരുടെ യാത്ര ബുദ്ധിമുട്ടിലാകുമെന്ന് സമരസമിതി ചെയര്‍മാന്‍ വി.കെ.അബ്ദുല്‍ മജീദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇതിനു പുറമേ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, ജില്ലാ തലത്തിലുള്ള കൃഷി ഭവന്‍, തിക്കോടി റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുകയെന്നത് റോഡിന്റെ മറുഭാഗത്തുള്ളവരെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. കൊങ്ങന്നൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പാലൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പോകാറുണ്ട്. ഈ ചടങ്ങ് നടത്താന്‍ പറ്റാത്ത അവസ്ഥ വരും. കൂടാതെ പ്രദേശത്തെ പള്ളികളിലും മറുഭാഗത്തുള്ളവര്‍ക്ക് പോകാനാവാത്ത സ്ഥിതിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രണ്ടര കിലോമീറ്റര്‍ അകലെ നന്തിയിലും മറുഭാഗത്ത് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പഞ്ചായത്ത് സ്റ്റോപ്പിലുമാണ് അടിപ്പാതയുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും എന്‍.എച്ച്. അധികൃതര്‍ക്കും പലതവണ നിവേദനം സമര്‍പ്പിക്കുകയും നേരില്‍ കാണാവുന്നവരെ കണ്ട് ആശങ്ക അറിയിക്കുകയും ചെയ്‌തെങ്കിലും അനുകൂലമായ നടപടിയില്ലാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് സമരസമിതി അറിയിച്ചു.

ചടങ്ങില്‍ ചെയര്‍മാന്‍ വി.കെഅബ്ദുല്‍ മജീദ് അധ്യക്ഷനായിരുന്നു. ആര്‍.വിശ്വന്‍, കെ.പി.ഷക്കീല, സന്തോഷ് തിക്കോടി, എന്‍.എം.ടി അബ്ദുള്ളക്കുട്ടി, ശ്രീധരന്‍ ചെമ്പുംചില, ഭാസ്‌കരന്‍ തിക്കോടി, എന്‍.കെ.കുഞ്ഞബ്ദുള്ള, കെ.വി.സുരേഷ്, ശിവപ്രസാദ് തിക്കോടി എന്നിവര്‍ പ്രസംഗിച്ചു.