ദേശീയപാത വികസിച്ചാല്‍ സ്‌കൂളിലെത്താന്‍ ഈ കുട്ടികള്‍ ഇനിയെത്രദൂരം താണ്ടണം? പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പി.ടി.എ


പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയപാതയില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് സ്‌കൂള്‍ പി.ടി.എ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കി.

പി.ടി.എ പ്രസിഡണ്ട് ബിജു കളത്തില്‍, എച്ച്.എം കെ.എന്‍.ബിനോയ്കുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നിവേദനം സമര്‍പ്പിച്ചത്. അടിയന്തര ഇടപെടല്‍ നടത്താമെന്ന് മന്ത്രി അറിയിച്ചു.

തിക്കോടി പഞ്ചായത്ത് എന്‍.എച്ച് അടിപ്പാത ആക്ഷന്‍ കമ്മിറ്റിയും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു. ഈ ആവശ്യമുന്നയിച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കാനത്തില്‍ ജമീല എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഈ വിഷയത്തില്‍പ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി ഇടപെടാമെന്ന് എം.എല്‍.എ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.