‘കുരബഹുഭീകരം, ശുനകസമ്മേളനം, പഥികമനോഭയദായക രാഗം…’; നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതം മതിയെന്ന വാര്‍ത്തയെ ട്രോളുന്ന പാരഡി ഗാനം വൈറലാവുന്നു (വീഡിയോ കാണാം)


കൊയിലാണ്ടി: ഇടഞ്ഞ് നില്‍ക്കുന്ന നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതത്തിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇത്. തെരുവുനായ്ക്കളുടെ ആക്രമണം വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ നായ്ക്കള്‍ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാലിന്റെ ആറാം തമ്പുരാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ‘ഹരിമുരളീരവം’ എന്ന ഗാനത്തിന്റെ പാരഡിയായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

സ്വിറ്റ്സർലാന്റിലെ ജനീവയിൽ അഭിഭാഷകനും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ ശ്രദ്ധേയനുമായ ദീപക് രാജുവാണ് ഈ പാട്ടിന് വരികളെഴുതിയത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന് ദീപക് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ദീപക് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

‘തെരുവുപട്ടി ഓടിച്ചാല്‍ പാടേണ്ട ശാസ്ത്രീയ സംഗീതം ഇതാണ്’ എന്ന കുറിപ്പിനൊപ്പമാണ് പാട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി പേരാണ് ഈ പാട്ട് കേള്‍ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.

നേരത്തേ ഈ പാരഡി ഗാനത്തിന്റെ വരികള്‍ ദീപക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായ ഈ പാരഡി ഗാനം പാടിയത് ആരാണെന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്.

വീഡിയോ കാണാം:


ഈ പാരഡി ഗാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം വാട്ട്സ്ആപ്പിലൂടെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


പാരഡി പാട്ടിന്റെ ചിരിയുണർത്തുന്ന വരികൾ വായിക്കാം:
(ട്യൂൺ: ഹരിമുരളീരവം)

കുരബഹുഭീകരം …
ശുനക സമ്മേളനം …
പഥിക മനോഭയ ദായക രാഗം
രുചി നുകരാനൊരു പൃഷ്ഠം തേടി…
രുചി നുകരാനൊരു പൃഷ്ഠം തേടി…
അലയുകയാണൊരു ശ്വാനസമൂഹം
വാഴുകയായീ അവരീ വഴികൾ
പ്രാണഭയത്താൽ കുതിരും കളസം
എന്നുടെ ചന്തിയിലൊന്ന് കടിക്കാൻ
നാളുകളായവരോങ്ങുകയല്ലോ
എന്നുടെ ഷഡ്ജമതുള്ളിലൊതുക്കും
സംഗതിയും ഇനി സേഫല്ലല്ലോ.
കുരബഹുഭീകരം …
ശുനക സമ്മേളനം …
പഥിക മനോഭയ ദായക രാഗം