‘മദ്രസേല് പോണ ഈ പുള്ളറെ വയ്യെങ്ങാന്‍ നായ് വന്നാ തോക്ക് വെച്ച് കൊല്ലും’; വിദ്യാർത്ഥികളെ തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ ദൃശ്യം വൈറൽ (വീഡിയോ കാണാം)


കാസർകോട്: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ താഴെ കാണാം.

വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു. സിമന്റ് ലോഡ് ഇറക്കാന്‍ വന്ന ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രക്ഷിതാവ് തോക്കെടുത്ത് നയിച്ച് കൊണ്ട് വിദ്യാര്‍ഥികളെ മദ്റസയിലേക്ക് അയക്കുന്ന വീഡിയോ പുറത്തിവന്നത്.

എയർ ഗണ്ണാണ് തൻറെ കൈവശം ഉള്ളതെന്നും അതിന് ലൈസൻസ് ആവശ്യമില്ലെന്നും സമീർ പറയുന്നു. രക്ഷിതാവെന്ന നിലയിൽ തൻറെ കടമ ചെയ്തതാണെന്നും സമീർ പറയുന്നുണ്ട്. അതേസമയം തെരുവ് നായകളെ കൊല്ലാൻ പാടില്ലെന്നാണ് നിലവിൽ കോടതിയുടെയും സർക്കാരിൻറെയും ഉത്തരവ്.

നേരത്തേ ചക്കിട്ടപാറയില്‍ ഭീതി വിതച്ച പേപ്പട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദ്ദേശ പ്രകാരം ഷൂട്ടര്‍ വെടിവെച്ച് കൊന്നിരുന്നു. ലൈസന്‍സുള്ള തോക്കിന് ഉടമയായ ഷൂട്ടര്‍ മുണ്ടക്കല്‍ ഗംഗാധരനാണ് നായയെ വെടിവെച്ചത്. എന്നാല്‍ നായയെ കൊന്നതിനെതിരെ മൃഗസ്‌നേഹികള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ കെ.സുനിലിന്റെ മൊഴിയെടുത്തിരുന്നു. കേസ് വന്നാല്‍ നേരിടുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

വീഡിയോ കാണാം: