മൃതദേഹം ദീപക്കിന്റേതാണോയെന്നതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നിട്ടും ഡി.എന്‍.എ ഫലം വരുന്നതിനു മുമ്പ് ദഹിപ്പിച്ചതെന്തിന്? ചോദ്യമുയര്‍ത്തി സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കുടുംബം


പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ മകനെ സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍. ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസര്‍ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാള്‍ മുമ്പ് ഇര്‍ഷാദിനെ തേടി നാട്ടില്‍ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. അറസ്റ്റിലായ സമീര്‍ കബീര്‍, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മൃതദേഹം ദീപക്കിന്റേതാണോയെന്നതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നിട്ടും എന്തുകൊണ്ട് സംസ്‌കരിക്കാനായി വിട്ടുകൊടുത്തുവെന്നും ഇര്‍ഷാദിന്റെ കുടുംബം ചോദിക്കുന്നു. ‘ ദീപക്കിന്റെ വീട്ടുകാരുമായി ഞങ്ങള്‍ പോയിട്ട് ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ എന്റെ മകനല്ലയെന്ന് അമ്മ പറഞ്ഞിക്ക്. എന്റെ മകനല്ലയെന്ന് പറഞ്ഞ സ്ഥിതിക്ക് എന്തുകൊണ്ട് സംസ്‌കരിച്ചു, ഡി.എന്‍.എ ടെസ്റ്റ് നടത്താതെ പൊലീസുകാര്‍ എന്തുകൊണ്ട് മൃതദേഹം വിട്ടുകൊടുത്തു’ എന്നും ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ചോദിക്കുന്നു.

വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. ജൂലൈ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമായിരുന്നു ബന്ധുക്കളുടെ പരാതി. ജൂലൈ 22നാണ് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന്‍ തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.