മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ വിദ്യാഭ്യാസ പ്രദർശനവും ഉൾപ്പെടെ വൈവിധ്യമായ പരിപാടികൾ; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശനിയാഴ്ച കൊയിലാണ്ടിയിൽ


കൊയിലാണ്ടി: നഗരസഭയുടെ സഹകരണത്തോടെ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യമേള ജൂലൈ 16 ശനിയാഴ്ച നടക്കും. പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.എസ് മാളിൽ രാവിലെ ഒമ്പത് മണി മുതലാണ് മേള. ബ്ലോക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം വിവിധ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും മേളയുടെ ലക്ഷ്യമാണ്.

ആരോഗ്യമേളയോടനുബന്ധിച്ച് അലോപ്പതി വിഭാഗത്തിലെ ശിശുരോഗവിദഗ്ധൻ, സ്ത്രീരോഗ വിഭാഗം, ഇഎൻ.ടി, നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്റ്റർമാർ ഉണ്ടായിരിക്കും, ആയുർവേദ-ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ പ്രദർശന സ്റ്റാളുകൾ, ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്ക്, വിവിധ കോവിഡ് വാക്സിനേഷൻ, ടെലി മെഡിസിൻ ഈ സഞ്ജീവനി, നേത്രപരിശോധന, പാലിയേറ്റിവ് സ്റ്റാൾ, തുടങ്ങിയ ഒട്ടനവധി അനുബന്ധ വിവരങ്ങളും, ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ, ചർച്ച, കുട്ടികളുടെ സ്ക്രീനിങ്ങ് തുടങ്ങിയവും മേളയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യമേളയുടെ പ്രചരണാർത്ഥം ഹൈസ്കൂൾ, ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരം, വിളംബര ജാഥ വിവിധ കലാകായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് വിഭാഗത്തിലായി ഏകദേശം ആയിത്തഞ്ഞൂറോളം പേർ മേളയിൽ പങ്കെടുക്കും.

മേളയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹക്കും. പി.ബാബുരാജ് അധ്യക്ഷനാവും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, ഡി.എം.ഒ ഉമ്മർ ഫാറൂക്ക് എന്നിവർ മുഖ്യാതിഥികളാകും.

വാർത്താ സമ്മേളനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.ടി.എം കോയ, ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി.മൊയ്തീൻ കോയ, ചൈത്രാ വിജയൻ, രജില, തിരുവങ്ങൂർ സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ പി.ടി.അനി തുടങ്ങിയവർ പങ്കെടുത്തു.