പാട്ടുംകഥകളുമായി കുട്ടികളുടെ മനസുകീഴടക്കിയ ഈ അംഗനവാടി ജീവനക്കാര്‍ ഇനി വിശ്രമജീവിതത്തിലേക്ക്; യാത്രയയപ്പ് നല്‍കി പന്തലായനി ഐ.സി.ഡി.എസ്


ചേമഞ്ചേരി: പിഞ്ചുകുട്ടികള്‍ക്കൊപ്പമുള്ള നീണ്ടകാലത്തെ സേവനത്തിനുശേഷം ചേമഞ്ചേരിയിലെ 59ാം നമ്പര്‍ അംഗനവാടിയിലെ കെ.ഗീത ടീച്ചര്‍ വിശ്രമജീവിതത്തിലേക്ക് മടങ്ങുകയാണ്. ഗീത ടീച്ചര്‍ മാത്രമല്ല, പന്തലായനി ബ്ലോക്കിന്റെ വിവിധ അംഗനവാടികളില്‍ നിന്നുള്ള 11 ജീവനക്കാരാണ് ഈ വര്‍ഷം വിരമിക്കുന്നത്. പന്തലായനിയുടെ പലഭാഗങ്ങളിലുള്ള നിരവധിപേര്‍ ആദ്യമായി ടീച്ചറേയെന്ന് വിളിച്ചിട്ടുണ്ടാവുക ഇവരെയായിരിക്കും. പാട്ടിലൂടെയും കളിയിലൂടെയും ഒരുപാട് കുട്ടികളെ അക്ഷരവെളിച്ചത്തിലേക്ക് ആകര്‍ഷിക്കാനെന്ന അഭിമാനത്തോടെയാണ് ഇവര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്.

അത്തോളിയിലെ എന്‍.ടി.സുമതി, എം.പി.ശോഭന, മൂടാടിയിലെ കെ.ഗീത, ഒ.ജാനകി സി.ടി.കെ.ഉഷ എന്നീ അംഗനവാടി വര്‍ക്കര്‍മാരും അരിക്കുളത്തെ വി.വത്സല, കെ.ശാരദ, ചേമഞ്ചേരിയിലെ കെ.പുഷ്പ, മൂടാടിയിലെ എം.വത്സല, ഇ.രതി എന്നീ ഹെല്‍പ്പര്‍മാരുമാണ് ഏപ്രില്‍ 30ഓടെ ജോലിയില്‍ നിന്നും വിരമിച്ചത്.

പന്തലായനി ഐ.സി.ഡി.എസ്. പദ്ധതിയുടെ കീഴില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ഠിച്ച വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി. എല്ലാവര്‍ക്കും ഉപഹാരങ്ങളും സമ്മാനിച്ചു. ഏപ്രില്‍ 16നു ചേമഞ്ചേരി എ.എ ഹാളില്‍ നടന്ന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സ.ഡി.പി.ഒ ധന്യ ടി.എന്‍ യോഗത്തില്‍ സ്വാഗതം പറഞ്ഞു.

ചേമഞ്ചേരി വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍ യോഗത്തില്‍ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്‍സിലര്‍മാര്‍. എന്‍.എം.എം, സി.ഡബ്ല്യു.എഫ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ എന്നിവര്‍ ആശംസ അറിയിച്ചു. ചടങ്ങില്‍ യാത്രയയപ്പ് സ്വീകരിച്ചവര്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

Summary: Pantalayani ICDS sends them off