കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം


കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്.

നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും ചെയർപേഴ്സൺ ചർച്ചയ്ക്കിടുക്കാതെ കൗൺസിൽ യോഗം പിരിച്ചുവിട്ട നടപടിയാണ് യു.ഡി.എഫ്. കൗൺസിലർമാരെ പ്രകോപിപ്പിച്ചത്.

കരാറുകാരനെതിരെ നടപടിയെടുക്കും വരെ യു.ഡി.എഫ് കൺസിലർമാർ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് കൗൺസിൽ പാർട്ടി ലീഡർമാരായ പി.രത്നവല്ലിയും വി.പി.ഇബ്രാഹിം കുട്ടിയും പറഞ്ഞു.