അക്കൗണ്ടിംഗ്, ഡേറ്റാ എൻട്രി കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ്(20/06/2022)


ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ

സൗജന്യ പരിശീലനം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 60 ദിവസത്തെ സൗജന്യ മൃഗസംരക്ഷണ പരിശീലന പരിപാടിയായ ‘പശുമിത്ര പരിശീലനം ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക് 9447276470, 04952432470

***

അക്കൗണ്ടിങ്, ഡേറ്റാ എൻട്രി കോഴ്‌സുകൾ

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ  കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്,  ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ – ഇംഗ്ലീഷ്, മലയാളം – കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 0495 2720250

***

വാക് ഇൻ ഇന്റർവ്യൂ 28 ന്

സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യുരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ലേബർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച ഉദ്യോഗാർഥികളു്‍ക്ക് പങ്കെടുക്കാം.  താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജൂൺ 28ന് 10  മണി മുതൽ ഉച്ചക്ക് ഒരു  മണിക്കുള്ളിൽ സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്താം

***

റീ- ടെൻഡർ

വാണിമേൽ പഞ്ചായത്തിലെ 26 അങ്കണവാടികളിലെ  പ്രീ-സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം)   പാൽ വിതരണം ചെയ്യുന്നതിന്  റീ- ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു ലിറ്റർ പാലിന് പരമാവധി അൻപത് രൂപ നിരക്കിൽ വിതരണം ചെയ്യാനുള്ള ടെൻഡർ സമർപ്പിക്കാം. ജൂൺ 27 ന് ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോൺ: 0496 2555 225.

***

റീ-ടെൻഡർ

നാദാപുരം പഞ്ചായത്തിലെ 37 അങ്കണവാടികളിലെ പ്രീ-സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേക്ക് ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം)   പാൽ വിതരണം ചെയ്യുന്നതിന് റീ- ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു ലിറ്റർ പാലിന് പരമാവധി അൻപത് രൂപ നിരക്കിൽ കുറയാതെ വിതരണം ചെയ്യുന്നതിനുള്ള റീ- ടെൻഡർ സമർപ്പിക്കാം. ജൂൺ 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0496 -2555 225.

***

ദർഘാസ്

നാദാപുരം പഞ്ചായത്തിലെ 37 അങ്കണവാടികളിലെ പ്രീ-സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം (ചൊവ്വ, വെള്ളി)   കോഴിമുട്ട വിതരണം ചെയ്യുന്നതിന് ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു മുട്ടയ്ക്ക് പരമാവധി ആറ് രൂപ നിരക്കിൽ കുറയാതെ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 27 ഉച്ചക്ക് ഒരു മണി. ഫോൺ: 0496 2555225.

***

ദർഘാസ്

വാണിമേൽ പഞ്ചായത്തിലെ 26 അങ്കണവാടികളിലെ  പ്രീ സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ 2 ദിവസം (ചൊവ്വ, വെള്ളി)   കോഴിമുട്ട വിതരണം ചെയ്യാൻ  താത്പര്യുള്ളവരിൽനിന്നും  ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു മുട്ടയ്ക്ക് പരമാവധി ആറ് രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 27 ഉച്ചക്ക് ഒരു മണി. ഫോൺ: 0496 2555225.

***

റീ- ടെൻഡർ

മുക്കം ഐ.സി.ഡി.എസ് പ്രൊജക്ടിലെ മാവൂർ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും 117 അങ്കണവാടികളിലേക്ക് കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച റീ-ടെൻഡറുകൾ ക്ഷണിച്ചു. ജൂൺ 22ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോൺ: 04952294016.

***

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പി.എസ്.സി അംഗീകൃത കോഴ്‌സായ ഡി.ടി.പി, ബി.സി.എ, ഡേറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, ടൈലറിങ്ങ്കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ടെത്തി പ്രവേശനം നേടാം.  ഫോൺ: 0495 2370026, 8891370026

***

പാലുത്പാദന പരിശീലനം

ബേപ്പൂർ നടുവട്ടത്തുള്ള  കേരള സർക്കാറിന്റെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28,29 തീയതികളിൽ ക്ഷീരകർഷകർക്കായി ശുദ്ധമായ പാലുത്പാദനത്തിൽ പരിശീലനം നൽകും. താത്പര്യമുള്ളവർ ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുൻപ് [email protected] എന്ന ഇ-മെയിൽ മുഖേനയോ 0495-2414579 നമ്പരിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണം.

***

 

സുന്ദരമാകാൻ പൂനൂർ പുഴ; സൗന്ദര്യവത്കരണത്തിന് തുടക്കം

പൂനൂർ പുഴയുടെ സംരക്ഷണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പൂനൂർ പുഴയുടെ പടനിലം ഭാഗം വൃക്ഷതൈകൾ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കുകയാണ് പഞ്ചായത്തും പൂനൂർ പുഴ ജനകീയ ജാഗ്രതാ സമിതിയും. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂനൂർ പുഴയുടെ കരയിടിച്ചിൽ തടയുന്നതിന് പടനിലം പാലത്തിനോട് ചേർന്ന ഭാഗത്ത് കയർ ഭൂവസ്ത്രം സ്ഥാപിച്ചിരുന്നു. ഇത് സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത്. പടനിലം ഗവ. എൽ.പി സ്കൂൾ പരിസരം ഉൾപ്പെടുന്ന പുഴയുടെ ഇടതുകരയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫല വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുകയും മാലിന്യങ്ങൾ നീക്കംചെയ്ത് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും സായാഹ്ന വിശ്രമ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. അനിൽ കുമാർ, ബ്ലോക്ക്  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ എൻ. ഷിയോലാൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

***

പുള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുള്ളന്നൂർ ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 28.6 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

എം.എൽ.എയുടെ മണ്ഡലം ആസ്തി  വികസന പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ ചെലവിൽ ഒരു നിലയിലുള്ള കെട്ടിടം നേരത്തേ നിർമിച്ചിരുന്നു. പുതിയ ക്ലാസ് മുറികളുടെ നിർമാണം പൂർത്തീകരിച്ചതോടെ സ്കൂളിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായിരിക്കുകയാണ്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ടി വസന്ത റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ദിഖ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ, പഞ്ചായത്തംഗം പി.ടി അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡൻ്റ് എ.പി അബ്ദുൽ അസീസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

***

കോളിക്കാംവയൽ സാംസ്കാരിക നിലയം: പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കായണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കോളിക്കാം വയൽ സാംസ്കാരിക നിലയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 27 ലക്ഷംരൂപ ചെലവിലാണ് സാംസ്കാരിക നിലയം നിർമിക്കുന്നത്. വായനശാലയും മിറ്റിങ് ഹാളും ചേർന്ന കെട്ടിടമാണ് നിർമിക്കുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ ടി മനോജ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.കെ നാരായണൻ, പഞ്ചായത്തംഗങ്ങളായ  പി.കെ ഷിജു,  കെ.സി ഗാന, ബിജി സുനിൽകുമാർ, അസി. എൻജിനീയർ നീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

***

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ‘ആയുഷ്ഗ്രാമം’ കുന്നുമ്മൽ ബ്ലോക്കും മൊയ്‌ലോത്തറ ജനകീയ വായനശാലയും സംയുക്തമായി യോഗ പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി യോഗാചാര്യ എൻ.കെ കണാരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്  കെ.ടി രാജൻ അധ്യക്ഷനായി.

‘യോഗയും ആരോഗ്യവും’ എന്ന വിഷയത്തിൽ ഡോ. അരുൺ പി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. യോഗാ ഡെമോൺസ്ട്രഷനും പരിശീലനവും ഡോ. അപർണയുടെ നേതൃത്വത്തിൽ നടന്നു. കാവിലുംപാറ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  കെ.പി ശ്രീധരൻ, ഗ്രന്ഥശാലാ സെക്രട്ടറി കെ.കെ സുനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. രൂപശ്രീ തുടങ്ങിയവർ പങ്കെടുത്തു.

***