ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ അനുവദിച്ചില്ല; നടക്കാവ് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു


കോഴിക്കോട്: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കിയതായി പരാതി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് മരിച്ചത്. 19 വയസായിരുന്നു. ചെന്നൈ എസ്ആർഎം കോളജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ചെന്നൈ എസ്ആർഎം കോളജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഈ സെമസ്റ്റർ നഷ്ടപ്പെടുമെന്ന് ഓർത്ത് വിദ്യാർത്ഥി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും സൂചനയുണ്ട്. ഡിസംബർ പകുതിയോടെയാണ് ആനിഖ് കോളജിൽ നിന്ന് കോഴിക്കോട്ടെ വീട്ടിൽ അവധിക്കെത്തിയത്. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നതിനാലാണ് ആനിഖിന് പലപ്പോഴും ക്ലാസിൽ കയറാൻ കഴിയാതിരുന്നതെന്നും നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും പറയുന്നു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Summary: not allowed to write semester exam nadakave native student commited suicide