പ്രകൃതി ഒരുക്കിയ മനോഹരമായ തീരവും അതിനടുത്തായി ഒരു കാവും, മൂടാടി ഉരുപുണ്യകാവിനെക്കുറിച്ച്


കോഴിക്കോട്ടു നിന്ന് എതാണ്ട് 36 കി.മീ അകലെ മൂടാടി എന്ന സ്ഥലത്താണ് ഉരുപുണ്യകാവ് എന്ന ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വായ്‌മൊഴിയില്‍ ഉരുണ്യാവ് എന്നാണ് അറിയപ്പെടുന്നത്. ദേശീയപാത 17 ലൂടെ പോകുമ്പോള്‍ കൊയിലാണ്ടി കഴിഞ്ഞാല്‍ പ്രശസ്തമായ പിഷാരികാവിനു മുന്നിലുള്ള മനോഹരമായ കൊല്ലം ചിറ നമ്മുടെ ഇടതുഭാഗത്തായി കാണാം. പിന്നീട് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ കൂടി പോയാല്‍ ഉരുണ്യാവിലേക്കുള്ള ചൂണ്ടുപലക പ്രത്യക്ഷപ്പെടുകയായി.
ഇവിടെ അതിമനോഹരമായ ഒരു ഗ്രാമത്തിലേക്കാണു നാം പ്രവേശിക്കുന്നത്. മാവും പ്ലാവും വാഴയും ചേമ്പും തഴച്ചു നില്‍ക്കുന്നു. കോഴിവാലന്‍ ചെമ്പരത്തി മതിലിനു മുകളിലൂടെ എത്തിനോക്കുന്നു. വീതി കുറഞ്ഞ നിരത്തായതിനാല്‍ വളരെ ശ്രദ്ധിച്ചു പോകണം. ക്ഷേത്രത്തെ സമീപിക്കുമ്പോള്‍ ആദ്യം തന്നെ കാണുന്നത് ഒരു ഷെഡ്ഡാണ്.

കാറില്‍ നിന്നിറങ്ങിയാല്‍ നേരെ അമ്പലമുറ്റത്തേക്ക്. വളരെ ചെറിയൊരു ക്ഷേത്രം. ദുര്‍ഗ്ഗയാണ് പ്രധാനപ്രതിഷ്ഠ. ഉപദേവനായി അയ്യപ്പനുമുണ്ട്. ക്ഷേത്രത്തിന് തൊട്ടടുത്തായി അതിമനോഹരമായ തീരം. കടലിനെ ഒരകലത്തില്‍ നിര്‍ത്തിയാല്‍ മതി എന്ന് തീരുമാനിച്ചുറച്ച കരിമ്പാറകള്‍. അലകടലിനു മുകളില്‍ നീലാകാശത്തിന്റെ പട്ടുമേലാപ്പ്. ദൂരെ ചക്രവാളം.

വലതുഭാഗത്ത് തിക്കോടി ലൈറ്റ് ഹൗസില്‍ നിന്നുള്ള പ്രകാശം ചുറ്റിക്കറങ്ങുന്നു. വെള്ള കീറിത്തുടങ്ങിയപ്പോഴേക്കും ഒന്ന് രണ്ട് മത്സ്യ ബന്ധന ബോട്ടുകള്‍ നീറ്റിലേക്കിറങ്ങിക്കഴിഞ്ഞു. പണ്ട് കാലത്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല വിദേശങ്ങളില്‍ നിന്നു പോലും ഉരുക്കളില്‍ സാധനങ്ങള്‍ കയറ്റിറക്കുമതി ചെയ്തിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണത്രെ ഉരുപുണ്യകാവ് എന്ന പേര് വന്നത്.

അത്തരമൊരു തുറമുഖം അവിടെയുണ്ടായിരുന്നതായി ഇപ്പോള്‍ തെളിവൊന്നുമില്ല. ക്ഷേത്രപരിസരത്തിന്റെ അനുപമഭംഗിയാണിവിടത്തെ പ്രധാന ആകര്‍ഷണം. പരശുരാമന്‍ പ്രതിഷ്ഠ ചെയ്ത നൂറ്റെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണ് ഉരുപുണ്യകാവ് എന്നാണ് വിശ്വാസം. കടലില്‍ ദേവിയുടെ നോട്ടം വീഴുന്ന സ്ഥലത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്നാണ് സങ്കല്പം.

പിതൃകര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ഭക്തജനങ്ങള്‍ ഇവിടെ വരുന്നത്. ആരും ഇവിടെ കടലില്‍ മുങ്ങിക്കുളിക്കാറില്ല. പ്ലാസ്റ്റിക്കോ തുണികളോ മനുഷ്യനിര്‍മ്മിതമായ മറ്റു സാധനങ്ങളോ കടലില്‍ ഒഴുക്കാറുമില്ല.

ബലിയിടുന്നതിനു മുന്‍പും പിന്‍പും കുളിക്കുന്നതിനായി അമ്പലത്തിനോട് തൊട്ടു തന്നെ നല്ലൊരു കുളമുണ്ട്. കടല്‍ വെള്ളത്തില്‍ നിന്നും ഏതാനും വാര അകലെ പാറക്കെട്ടില്‍ വെട്ടിയുണ്ടാക്കിയ ഈ കുളത്തില്‍ ഉപ്പുരസം ഒട്ടുംതന്നെയില്ല. പാറയുടെ വിള്ളലില്‍ക്കൂടി ജലം ഒഴുകുന്നിടത്ത് കൈക്കുടന്ന പോലെ ഒരു കൊത്തുപണി ചെയ്തു വെച്ചിരിക്കുന്നു. ഭക്തര്‍ ഈ ജലം കുടിക്കുകയും മേല്‍ തളിക്കുകയും പാത്രങ്ങളിലാക്കി വീടുകളിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു.