ദേശീയപാതാ വികസനം: വടകരയിലെ ആദ്യ മേല്‍പ്പാലം കരിമ്പനപ്പാലത്ത് ഉയരുന്നു; നിര്‍മ്മിക്കുന്നത് അഞ്ച് മേല്‍പ്പാലങ്ങള്‍


വടകര: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര നഗരത്തിലെ ആദ്യ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം കരിമ്പനപ്പാലത്ത് പുരോഗമിക്കുന്നു. കരിമ്പനപ്പാലത്തെ മേല്‍പ്പാലത്തിന്റെ പൈലിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ആകെ അഞ്ച് മേല്‍പ്പാലങ്ങളാണ് വടകരയില്‍ നിര്‍മ്മിക്കുന്നത്. ഒമ്പത് മീറ്റര്‍ ഉയരമാണ് മേല്‍പ്പാലത്തിന് ഉണ്ടാവുക.

കരിമ്പനപ്പാലത്തിന് പുറമെ പുതിയ ബസ് സ്റ്റാന്റ്. ലിങ്ക് റോഡ്, അടയ്ക്കാ തെരു, പെരുവാട്ടിന്‍ താഴെ എന്നിവിടങ്ങളിലും ദേശീയപാതയ്ക്ക് മേല്‍പ്പാലം ഉയരും. ബാക്കി ഇടങ്ങളില്‍ അടിപ്പാതയാണ് നിര്‍മ്മിക്കുക. മേല്‍പ്പാലത്തോട് ചേര്‍ന്നുള്ള മറ്റ് ഭാഗങ്ങളില്‍ അരിക് കുടുക്കി മണ്ണിട്ട് നികത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്.

ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നത് പലയിടത്തും നിലവിലുള്ള റോഡ് ഭാഗത്തെ രണ്ടായി മുറിക്കുമെന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്. അഴിയൂര്‍-മാഹി ബൈപ്പാസ് തുടങ്ങുന്ന ഭാഗത്ത് ഇത് പോലെ പ്രദേശത്തെ രണ്ടായി മുറിച്ച നിലയിലാണ് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.

ജില്ലയിൽ എല്ലായിടത്തും ദേശീയപാതാ വികസന പ്രവൃത്തി ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പയ്യോളി അയനിക്കാട് ഭാഗത്ത് സര്‍വ്വീസ് റോഡ് ഉള്‍പ്പെടെയാണ് ആറുവരിപ്പാതാ നിര്‍മ്മാണം നടക്കുന്നത്. നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ പുതുതായി നിർമ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസിന്റെ നിർമ്മാണവും അതിവേഗം നടക്കുന്നുണ്ട്. കോഴിക്കോട് ബൈപ്പാസിൽ പലയിടത്തും പ്രവൃത്തി ടാറിങ് ഘട്ടത്തിലേക്ക് കടന്നു.

വടകരയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് ശേഷമേ റോഡ് നിര്‍മ്മാണം തുടങ്ങൂ. കരിമ്പനപ്പാലത്തെ പൈലിങ് ജോലി കഴിഞ്ഞാല്‍ മറ്റ് നാല് സ്ഥലങ്ങളിലും ഒരേ സമയം പൈലിങ് നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്.