നരക്കോട് പുലപ്രക്കുന്നുകാർക്ക് ആശ്വാസം; മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിച്ച് ഹെെക്കോടതി


മേപ്പയ്യൂർ: പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ സ്റ്റേ അനുവദിച്ച് ഹെെക്കോടതി. അശാസ്ത്രീയവും അനധികൃതവുമായാണ് മണ്ണ് ഖനനം നടത്തുന്നതെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് ഹെെക്കോടതി സ്റ്റേ അനുവദിച്ചത്. കോൺ​ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.പി സുഹനാദാണ് ഹർജി നൽകിയത്.

പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പല നിബന്ധനകളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സ്വകാര്യ കമ്പനിയായ വാഗാഡിന്റെ നേതൃത്വത്തില്‍ മണ്ണ് ഖനനം നടത്തുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഹെെ കോടതി സ്റ്റേ അനുവദിച്ചത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി.

ജിയോളജി നിര്‍ദേശം നടപ്പാക്കാതെ ചെങ്കുത്തായ മല ഇടിച്ചാണ് മണ്ണുഖനനം നടത്തുന്നതെന്നാണ് ആരോപണം. മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗം കൂടെ ഇടിച്ച് മണ്ണെടുക്കുന്നതിനാല്‍ കുന്നിന് ബലക്കുറവ് സംഭവിക്കുമെന്നും ഇത് കുന്നിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നും നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. കൂടാതെ ജല ക്ഷാമമുള്ള പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ പ്രതികൂലമായി ബാധിക്കുമെന്നും വർഷ കാലത്ത് മണ്ണിടിച്ചിലിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണമായേക്കുമെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.