ഏറാമലയിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനെ കുത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


വടകര : ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ ആളെ തിരിച്ചറിഞ്ഞു. ആഗ് ഓപറേഷനില്‍ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചയാളാണ് പ്രതി.

നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് പൊലീസുകാരനെ കുത്തി വീഴ്ത്തിയത്. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

നാദാപുരം, വളയം, തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് കേസുകളിലും, തീവെപ്പ്, അടിപിടി കേസുകളിലും പ്രതിയാണ് ഷൈജു. 2021ല്‍ നാദാപുരം പൊലീസ് ഗുണ്ട ലിസ്റ്റില്‍ പെടുത്തിയതിനെ തുടര്‍ന്ന് നല്ല നടപ്പ് നിര്‍ദേശിച്ച്‌ ആര്‍.ഡി.ഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കായപ്പനച്ചി ഇരിങ്ങണ്ണൂര്‍ റോഡില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തീ വെച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ഗുണ്ട-മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ ആഗില്‍ ഷൈജുവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പുതിയ കേസുകളില്‍ ഉള്‍പ്പെടാത്തതിനാലും പഴയ കേസുകളില്‍ ജാമ്യത്തില്‍ ആയതിനാലുമാണ് വിട്ടയച്ചത്.

എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ നടുവണ്ണൂര്‍ സ്വദേശി അഖിലേഷിനായിരുന്നു കുത്തേറ്റത്. പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കാലിന്റെ തുടയില്‍ ആഴത്തില്‍ മുറിവേറ്റ പൊലീസുകാരന്‍ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ചുവരുകയാണ്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ്‌ ഏറാമല ക്ഷേത്രോത്സവത്തിനിടെ പണം വെച്ച്‌ ചീട്ടുകളിയും, ചട്ടികളിയും നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസിന്റ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയതോടെ ചൂതാട്ടത്തിനെത്തിയവര്‍ ചിതറി ഓടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

ഇതിനിടെ, പൊലീസുകാരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. വടകര ഡിവൈ.എസ്.പി ആര്‍. ഹരിപ്രസാദിന്റെ മേല്‍നോട്ടത്തില്‍ എടച്ചേരി സി.ഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എടച്ചേരി പൊലീസ് കേസെടുത്തത്.