‘ഇതുപോലുള്ള ശിവരാത്രി എന്റെ കലാജീവിതത്തിലുണ്ടായിട്ടില്ല, കലാകാരന്മാര്‍ക്ക് മാത്രം എന്തിനാണ് വിലക്ക്?’ പൊലീസും ഭരണകൂടവും കരുണകാണിക്കണമെന്ന് മുഹമ്മദ് പേരാമ്പ്ര


പേരാമ്പ്ര: ” ഇന്ന് ശിവരാത്രിയാണ്, മൂന്നാലുവര്‍ഷം മുമ്പുവരെ ശിവരാത്രിയെന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് മൂന്നും നാലും കളികളുള്ള ദിവസമായിരുന്നു. പക്ഷേ ഇന്ന് നോക്കൂ, ഈയടുത്തെങ്ങും ഒരു നാടകം പോലും കളിക്കുന്നതായി അറിയില്ല.’ കോവിഡാനന്തരം നാടക കലാകാരന്മാര്‍ അനുഭവങ്ങള്‍ പ്രയാസങ്ങള്‍ മുഴുവന്‍ നാടകകലാകാരനായ മുഹമ്മദ് പേരാമ്പ്രയുടെ ഈ വാക്കുകളിലുണ്ട്.

കോവിഡുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും മറ്റെല്ലാ മേഖലയെയും കരകയറാന്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കലാകാരന്മാരോട് മാത്രം എന്തിനാണ് ഭരണകൂടവും പൊലീസും വിവേചനം കാണിക്കുന്നത് എന്ന് ചോദിക്കുകയാണ് അദ്ദേഹം. നിപയും പ്രളയവുമുണ്ടാക്കിയ പ്രതിസന്ധിയ്ക്കു പിന്നാലെ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി കോവിഡും സൃഷ്ടിച്ച ബുദ്ധിമുട്ടുകളും കൂടിയായപ്പോള്‍ നാടകം പോലെയുള്ള കലകളെ ഉപജീവനമാര്‍ഗമായി കണ്ടിരുന്ന കലാകാരന്മാരെല്ലാം പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയാണെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മറ്റെല്ലാ മേഖലയും പഴയതുപോലെ പ്രവര്‍ത്തിക്കുമ്പോള്‍ കലാകാരന്മാര്‍ ഇപ്പോഴും കോവിഡ് മാനദണ്ഡങ്ങളില്‍ പെട്ടുപോകുകയാണ്. ഉത്സവ സീസണായിട്ടും പൊലീസ് അനുമതി നിഷേധിക്കുന്നതിനാല്‍ പലയിടങ്ങളിലും നാടകം കളിക്കാനാവുന്നില്ല. രണ്ടുവര്‍ഷത്തിനിപ്പുറം ‘ഉന്തുവണ്ടി’ എന്ന നാടകവുമായി ഞങ്ങള്‍ മുന്നോട്ടുവന്നെങ്കിലും രണ്ടോ മൂന്നോ വേദികളില്‍ മാത്രമാണ് കളിക്കാനായത്. പേരാമ്പ്ര പാണ്ടിക്കോട് അമ്പലത്തിലും കൂത്താളിയുള്ള ക്ഷേത്രത്തിലും നാടകം കളിക്കാന്‍ കരാറായെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അത് മുടങ്ങുകയാണുണ്ടായത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാടകം നടത്താമെന്നാണ് മന്ത്രി സജി ചെറിയാന്‍ അടക്കം ഉറപ്പു നല്‍കിയിട്ടുള്ളത്. എന്നാല്‍ പലയിടത്തും നാടകം നടത്താന്‍ പൊലീസ് അനുമതി നിഷേധിക്കുകയാണ്. ആരില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പൊലീസ് ഇത് ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. മറ്റെല്ലാ പരിപാടികളും പഴയ രീതിയില്‍ നടത്തുമ്പോള്‍ നാടകങ്ങള്‍ക്കും കലാപരിപാടികള്‍ക്കും മാത്രമായി എന്തിനാണ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

‘മലയാള നാടകരംഗത്തെ എല്ലാ ആളുകളെയും ഇത് ബാധിച്ചിട്ടുണ്ട്. പല കലാകാരന്മാരും ആത്മഹത്യയുടെ വക്കിലാണ്. ഞാന്‍ ആത്മഹത്യ ചെയ്യാത്തത് ഞാന്‍ വളര്‍ന്നുവന്ന കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിലൂടെയാണ്്, ആ പ്രസ്ഥാനത്തിന്റെ കരുത്തുള്ളതുകൊണ്ടാണ്. പട്ടിണിയൊന്നുമില്ല. പക്ഷേ അല്ലാത്ത ചില ബുദ്ധിമുട്ടുകളുണ്ട്. പല കലാകാരന്മാരുടെയും അവസ്ഥ ഇതിലും കഷ്ടമാണ്. പലരും വീട്ടാനാവാത്ത കടക്കെണിയില്‍ പെട്ടുപോയിരിക്കുകയാണ്.’ അദ്ദേഹം പറയുന്നു.

നേരത്തെ ഗായകന്‍ കൊല്ലം ഷാഫിയും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഷാഫിയുടെ വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗാനമേള തീരുമാനിച്ചിരുന്നു. ഇതിന് അവസാന നിമിഷം പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു പ്രതിഷേധവുമായി ഷാഫി രംഗത്തുവന്നത്. ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് കലാപരിപാടികള്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് കൊയിലാണ്ടി പൊലീസ് പറഞ്ഞത്.