ക്ഷേത്രത്തിലെ ആഘോഷങ്ങളിലെല്ലാം ആദ്യാവസാനക്കാരൻ, കരുണാകരൻ നായരുടെ മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിന് വിട; മുചുകുന്ന് ദേവസ്വത്തിന് ഇനി പുതിയ മാനേജർ


കൊയിലാണ്ടി: മുചുകുന്ന് ശ്രീകോട്ടയിൽ ക്ഷേത്രത്തിലെ പുതിയ മാനേജറായി വഴങ്ങോട്ട് സോമശേഖരൻ സ്ഥാനമേറ്റു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ദേവസ്വം മാനേജർ എ.കെ കരുണാകരൻ നായരിൽ നിന്നാണ് സോമശേഖരൻ നായർക്ക് ചാർജ് ഏറ്റുവാങ്ങിയത്. മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് കരുണാകരൻ നായർ സ്ഥാനമൊഴിയുന്നത്.

കേരളാ ഹൈക്കോടതി നിർദ്ദേശ പ്രകാരം മുചുകുന്ന് ദേവസ്വം മാനേജരായി എ.കെ കരുണാകരൻ നായർ 28 വർഷം മുമ്പാണ് നിയമിതനായത്. ക്ഷേത്ര കാര്യങ്ങൾ ചിട്ടയോടെയും ആചാരപ്പൊലിമയോടെയും നടത്താൻ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. മാത്രവുമല്ല ക്ഷേത്ര ജീവനക്കാർ, ഊരാളൻമാർ, ക്ഷേത്ര അവകാശികൾ, ഭക്തജനങ്ങൾ, നാട്ടുകാർ എന്നിവരുടെ വിശ്വാസമാർജിക്കാനും അദ്ദേഹത്തിനായി.

ക്ഷേത്രത്തിലെ നവരാത്രി, പാട്ട്, ആറാട്ട് ഉത്സവം, സ്വർണ പ്രശ്നം തുടങ്ങിയവയ്ക്കെല്ലാം ആദ്യാവസാനക്കാരനായി കരുണാകരൻ മാഷ് നിറഞ്ഞു നിന്നിരുന്നു. ക്ഷേത്ര ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കോവിലകത്തെ ദേവസ്വം ഓഫീസ്, സ്ട്രോങ് റൂം, കോട്ടയിലെ തന്ത്രി മഠം തുടങ്ങിയവ പഴമ ഒട്ടും ചോരാതെ നിർമ്മിച്ച കെട്ടിടങ്ങളാണ്. കേരള വനം വന്യജീവി വകുപ്പുമായി ചേർന്ന് ഹരിത സുകൃതം കാവ് സംരക്ഷണ പദ്ധതി കോട്ടയിക്ഷേത്രത്തിൽ നടപ്പാക്കുന്നതിനും മാഷ് നേതൃത്വം നൽകി.

ക്ഷേത്രത്തിന് പുറമേ തന്നാൽ കഴിയുന്ന ഇടങ്ങളിലെല്ലാം സഹായ ഹസ്തവുമായി അദ്ദേഹം നിറഞ്ഞു നിന്നു. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം മൂന്ന് പതിറ്റാണ്ട് കാലം വിവിധ കർമ്മരംഗത്തെ നിറ സാന്നിധ്യമാണ് കരുണാകരൻ. വിരമിച്ച അധ്യാപകന് സ്കൂൾ മേളകളിലെന്ത് കാര്യമെന്ന് സംശയവും വരാം, അത്തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ജില്ലാ – സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെയും ശാസ്ത്രമേളകളുടേയും സംഘാടകരിൽ പ്രധാനിയായി അദ്ദേഹമുണ്ടായിരുന്നു. കൂടാതെ സംസ്ഥാന പോലീസ് കാലാമേളയുടെ സംഘാടകനുമായിരുന്നു.

കൃത്യതയോടെ, ചിട്ടയോടെ, സഹകരണ മനോഭാവത്തോടെയുള്ള പ്രവർത്തന രീതിയാണ് മാഷിന്റെ പ്രത്യേകത. ഒപ്പം വിനയാന്വിതമായ പെരുമാറ്റവും. 1958 -ൽ കണ്ണൂർ കൂടാളി ഹൈസ്കൂളിൽ അധ്യാപകനായാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പേരാമ്പ്ര ഹൈസ്കൂളിലും പ്രവർത്തിച്ചു. ഒടുവിൽ കൂത്താളി ഹൈസ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെയാണ് 1992 – ൽ ഒദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. ഇതിനിടയിൽ 1990 – ൽ സംസ്ഥാന അധ്യാപക അവാർഡും 1991 – ൽ കെ.പി.എസ്.എച്ച്.എ യുടെ അധ്യാപക അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ദേവസ്വം മാനേജരായാണ് അദ്ദേഹം മുചുകുന്നിലെത്തുന്നത്. ക്ഷേത്രത്തിലെയും ഒപ്പം പ്രദേശത്തെയും പ്രവർത്തനങ്ങളിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുചുകുന്നിലേയും പരിസരപ്രദേശങ്ങളിലേയും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റുന്ന കരുണാകരൻ മാഷ് മുചുകുന്നുകാരനായി മാറിയെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നീണ്ട വർഷത്തെ സേവനത്തിന് ക്ഷേണമാണ് അദ്ദേഹം ദേവസ്വം മാനേജർ സ്ഥാനം ഒഴിയുന്നത്.

ചടങ്ങിൽ ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് മൂലിക്കര ബാലകൃഷ്ണൻ അധ്യക്ഷ്ത വഹിച്ചു. ദേവസ്വം ചെയർമാൻ എം.ഉണ്ണി നായർ, ഊരാളൻ മങ്കൂട്ടിൽ അശോകൻ , സംസാരിച്ചു. എം.പി സുരേഷ് സ്വാഗതവും അരയങ്ങാട്ട് സുധാകരൻ നന്ദിയും പറഞ്ഞു. എ.കെ.കരുണാകരൻ നായരുടെ സഹധർമിണി രാധ തമ്പുരാട്ടിയെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര ജീവനക്കാർ, ക്ഷേമസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ പങ്കെടുത്തു.