ചക്കിട്ട പാറ സ്വദേശി ജിന്റോ തിരക്കഥയെഴുതി; അവാർഡ് തിളക്കത്തിൽ കാടകലം


ചക്കിട്ടപാറ: ചക്കിട്ടപാറ സ്വദേശിയുടെ തിരക്കഥയിൽ വിരിഞ്ഞ കാടകലത്തിനു അവാർഡ് നേട്ടം. ഡയറക്ടർ ജയരാജിന്റെ നേതൃത്വത്തിൽ നടന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള പ്രത്യേക പരാമർശം കാടകലം നേടിയത്. കാടിന്റെ നന്മയും നിലനിൽപും പ്രമേയമാക്കിയാണ് ജിന്റോ തോമസ് തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ ഇതിനോടകം തന്നെ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും ജയരാജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിലാണ് കാടകലത്തിനു പ്രത്യേക പരാമർശം ലഭിച്ചത്. പെരിയാർ വാലി ക്രീയേഷൻസ്ന്റെ ബാനറിൽ ഡോക്ടർ സഗിൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കാടകലം.

ട്രാവൻകൂർ ഇന്റർനാഷനൽ ഫിലിം അവാർഡ്, ബ്രിട്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ്, ധൻബാദ് ഇന്റർനാഷനൽ ഫിലിം അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ കാടകലം ഇതിനോടകം തന്നെ നേടിയെടുത്തു. ഇതിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ഡാവിഞ്ചി സതീഷും, സതീഷ് കുന്നോത്തുമാണ്.

ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിധനെജ്, ഡോക്ടർ കാലിദ് ലഅലി, ഡയറക്ടർ ബിജയ ജന എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ആമസോൺ യുകെ, യുഎസ് പ്ലാറ്റുഫോമുകളിലും നീസ്ട്രീം, റൂട്ട്സ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് കാടകലം പ്രേക്ഷകരിലേക്കെത്തിയത്.