‘താങ്ങിയിരുത്തി ഭക്ഷണം നൽകാൻ, മലമൂത്ര വിസർജ്ജനം ചെയ്യിക്കാൻ, പഴുപ്പും മുറിവുകളും ഡ്രസ്സ് ചെയ്യാൻ, ഒരാൾക്ക് മാത്രം ചെയ്യാൻ എളുപ്പമായ കാര്യങ്ങളല്ല ഇതൊന്നും’; വർഷങ്ങളായി തങ്ങളുടെ ലോകമെല്ലാം നഷ്ട്ടപെട്ട നാലു മുറിക്കുള്ളിലായ അനേകരുണ്ട്; വായിക്കാം മൂടാടി സ്വദേശി നജീബ് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ്


മൂടാടി: വർഷങ്ങളായി ഒരു കല്യാണത്തിനോ, ഉല്ലാസയാത്രയ്ക്കൊ, ഒരു സിനിമയ്ക്കോ പോകാൻ കഴിഞ്ഞിട്ടില്ലാത്ത എത്ര അനവധി പേരുണ്ടാകാം നമ്മുടെ ചുറ്റുവട്ടത്ത്. പലപ്പോഴും നേരാംവണ്ണം ഉറങ്ങാൻ പോലും പറ്റിയിട്ടല്ലാത്തത്. നിങ്ങൾക്കെന്തു വേണം വീട്ടിലിരുന്നാൽ പോരെ എന്ന ചോദ്യവും ഓ ഇത്ര വലിയ പണിയെന്താ എന്ന കാലങ്ങളായി കൈമാറി വരുന്ന പ്രസ്താവനയിലും ഇതിനെയെല്ലാം ഒതുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ ഭാര്യയെയോ, ഭർത്താവിന്റെയോ , മാതാപിതാക്കളെയോ, സഹോദരങ്ങളെയോ, മക്കളെയോ ഒക്കെ നോക്കാൻ വേണ്ടി ജീവിതം മാറ്റി വയ്ക്കുന്ന അനേകർക്കുള്ള സമർപ്പണമാണ് മൂടാടി സ്വദേശി നജീബിന്റെ കുറിപ്പ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്കു ഒരു നേരം കൈ താങ്ങായി കൂടെ നിൽക്കാൻ, അൽപ്പ നേരം വിശ്രമിച്ചോളൂ എന്ന് പറയാൻ ആവില്ലേ നിങ്ങൾക്കും….. വായിക്കാം ഹൃദയ സ്പർശിയായ അർത്ഥവത്തായ ഈ കുറിപ്പ്.

പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:

“നാലു കൊല്ലായി രണ്ടു മാസത്തിൽ ഒരിക്കൽ മുടിവെട്ടിക്കാനല്ലാതെ ഞാൻ പുറത്തു പോവാറില്ല…….മുമ്പ് പണി കഴിഞ്ഞുവന്നാൽ കുളിച്ച് അങ്ങാടിയിലെ ചായപ്പീടികയിൽ പോയിരുന്നൊരു ചായ കുടിച്ച് നാലാളോട് വർത്താനം പറഞ്ഞ്, ഒന്ന് വായനശാലയിൽ കയറി…. എന്തെങ്കിലും പ്രസംഗമോ പൊതുയോഗമോ ഉണ്ടെങ്കിൽ അത് കുറച്ച് നേരം കേട്ട്. അടുത്തുള്ള ബന്ധുവീടുകളിൽ ഒക്കെയൊന്ന് കയറി… ഇടക്ക് ഓളെയും കൂട്ടി ഒരു സിനിമക്ക് പോയി….. ഇപ്പൊ അതൊന്നും ഓർക്കാറില്ല…. ഞാള് രണ്ടാളും മാത്രല്ലേ ഇവ്ട..”

നാലു വർഷമായി ഒരു ഭാഗം തളർന്ന് കിടപ്പിലായിപ്പോയ ഭാര്യയെ പരിചരിച്ചു വീട്ടിൽ തന്നെ ഒതുങ്ങിപ്പോയ അയാൾ പറഞ്ഞതാണ്. ഇങ്ങനെ ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. രോഗമോ അപകടമോ വാർദ്ധക്യമോ ഉറ്റ ഒരാളെ കിടപ്പിലാക്കിക്കളയുമ്പോൾ അതോടൊപ്പം തന്നെ ഇന്നലെ വരെയുള്ള തന്റെ ലോകമെല്ലാം നഷ്ടപ്പെട്ട് വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ടു പോകുന്നവർ. മാതാവ്, പിതാവ്, ജീവിതപങ്കാളി, മക്കൾ ഉറ്റബന്ധു…..പ്രിയപ്പെട്ട ഒരാൾ കിടപ്പിലാവുന്നതോടെ ഇങ്ങനെ ഉറ്റ ഒരാളുടെ ജീവിതവും അയാളിലേക്ക് ഒതുങ്ങിപ്പോവുകയാണ്.

കിടപ്പിലായ ആളോടുള്ള സ്നേഹം കൊണ്ട് ഏറ്റവും ആത്മാർത്ഥതയോടെയാണ് ഉറ്റവർ തങ്ങളുടെ ഊണും ഉറക്കവും വിശ്രമവും സന്തോഷങ്ങളും മാറ്റിവെച്ച് കൂടെ നിൽക്കുന്നതെങ്കിലും അവരും ക്ഷീണവും തളർച്ചയും വേദനയും സങ്കടങ്ങളും ഉള്ള മനുഷ്യരാണ് എന്ന് പലപ്പോഴും മറ്റുള്ളവർ ഓർക്കാറില്ല. തുടക്കത്തിൽ വീട്ടിലെ എല്ലാ അംഗങ്ങളും ചിലപ്പോൾ ബന്ധുക്കളുമൊക്കെ സഹായിക്കാൻ ഉണ്ടാവുമെങ്കിലും ക്രമേണ കിടപ്പിലായ ആളെ പരിചരിക്കാനുള്ള ചുമതല ഏറ്റവും അടുപ്പമുള്ള, അതല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാവുന്ന ഒരാളിലേക്ക് വന്നുചേരും. അത് അമ്മയോ ജീവിതപങ്കാളിയോ മക്കളിൽ ഒരാളോ കൂടിപ്പിറപ്പോ ആവാം. അന്നു മുതൽ അയാളുടെ ജീവിതവും കിടപ്പിലായ ആളോടൊപ്പം തളച്ചിടപ്പെടുകയാണ് എന്നതാണ് വേദനിപ്പിക്കുന്ന സത്യം.

സ്വന്തം കാര്യങ്ങളൊക്കെ സ്വയം ചെയ്യാൻ കഴിയുന്ന ഒരാളെ ശുശ്രൂഷിക്കുന്ന പോലെ എളുപ്പമല്ല തീരെ കിടപ്പിലായ ഒരാളെ പരിചരിക്കുക എന്നത്. താങ്ങിയിരുത്തി ഭക്ഷണം നൽകാൻ, മലമൂത്ര വിസർജ്ജനം ചെയ്യിക്കാൻ, പഴുപ്പും മുറിവുകളും ഡ്രസ്സ് ചെയ്യാൻ, കുളിപ്പിക്കാൻ എപ്പോഴും വെടിപ്പിലും വൃത്തിയിലും കൊണ്ടുനടക്കാൻ…. ഒരാൾക്ക് മാത്രം ചെയ്യാൻ എളുപ്പമായ കാര്യങ്ങളല്ല ഇതൊന്നും. നല്ല ആരോഗ്യവും പരിചയവും വേണ്ട കാര്യമാണ് ഇങ്ങനെ ഒരാളെ പരിചരിക്കുക എന്നത്. കുഴഞ്ഞു പോയ ഒരു ശരീരം എടുക്കാനും പിടിക്കാനും എളുപ്പമല്ല. നാലു ദിവസം അടുപ്പിച്ചു ഇതൊക്കെ ചെയ്യുമ്പോൾ തന്നെ പരിചരിക്കുന്ന ആൾക്ക് നടുവേദന തുടങ്ങും. പെട്ടെന്ന് കിടപ്പിലായിപ്പോകുന്ന ഒരാൾ തന്റെ നിസ്സഹായത ദേഷ്യമായും ശുണ്ഠിയായും ഉറ്റവരോട് പ്രകടിപ്പിക്കുന്നത് സ്വാഭാവികം. അതിനും അപ്പുറം പൊട്ടിത്തെറിയും ശാപവും കുത്തുവാക്കുകളും ചൊരിയുന്നവരും കുറവല്ല. ഇവിടെയൊക്കെ എത്രയോ ക്ഷമയോടെയും സഹനത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഹോം കെയറിന് പോകുന്ന പാലിയേറ്റീവ് പ്രവർത്തകരോട് ചോദിച്ചാൽ അറിയാം. കിടപ്പുരോഗികളിൽ ഏറെപ്പേർക്കും ബെഡ്സോർ വന്ന് പഴുത്തു വലിയ വ്രണമായി മാറിയ കേസുകൾ ആണ് കൂടുതൽ വരാറ് എന്നത്. നിത്യം കുളിപ്പിക്കുകയോ ശരീരം നനച്ചു തുടക്കുകയോ ചെയ്തും പൗഡർ ഇട്ടും ക്രീം പുരട്ടിയും നിത്യം പലവട്ടം രോഗിയെ തിരിച്ചും മറിച്ചും കിടത്തിയും ഒക്കെ ശ്രദ്ധിച്ചാൽ ബെഡ്സോർ വരാനുള്ള സാധ്യത കുറവാണ് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ ഒരു കിടപ്പുരോഗിക്ക് ബെഡ്സോർ വന്നാൽ അതും ഉള്ളിൽ വല്ലാതെ പഴുത്തു വ്രണമായി മാറിയാൽ വീട്ടുകാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് എന്നാണ് പൊതുവെ പറയുക. പക്ഷെ പലവീടുകളിലും പരിചരിക്കുന്നവരുടെ അവസ്ഥ കണ്ടാൽ ഒരിക്കലും കുറ്റപ്പെടുത്താൻ തോന്നില്ല എന്നതാണ് സത്യം. വീട്ടിലെ ജോലികൾക്ക് പുറമെയാണ് പലരും ഇങ്ങനെ കിടപ്പിലായ രോഗിയുടെ കാര്യങ്ങൾ കൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിത്യം പലവട്ടം തിരിച്ചും മറിച്ചും കിടത്താനോ, നന്നായി കുളിപ്പിക്കാനോ ഒന്നും ഒറ്റക്ക് സാധ്യമാവണം എന്നില്ല. എന്നാലും സ്നേഹം കൊണ്ടും മനുഷ്യത്വം കൊണ്ടും ആവുംപോലെയൊക്കെ ചെയ്യുകയാണ് പലരും.

ഇതൊക്കെ ഉറ്റവരുടെ കടമയും ബാധ്യതയുമല്ലേയെന്ന് ചോദിക്കാം. തീർച്ചയായും അതേ. അതിനുമപ്പുറം സ്നേഹവും മനുഷ്യത്വവും നന്മയുമാണ് എത്ര കാലവും ഉറ്റവരെ പരിചരിക്കാൻ ഓരോ മനുഷ്യരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ ഇങ്ങനെ പരിചരിക്കുന്ന മനുഷ്യരെ കുറിച്ച് നാം അറിയാത്ത വേദനിപ്പിക്കുന്ന കുറേ നേരുകളുണ്ട്.

വർഷങ്ങളായി നേരാംവണ്ണം ഒന്ന് ഉറങ്ങാത്ത സ്വസ്ഥമായി ഭക്ഷണം കഴിക്കാത്ത കുടുംബത്തിലെ പോലും വിവാഹങ്ങൾക്കോ മറ്റു സന്തോഷങ്ങൾക്കോ പങ്കെടുക്കാൻ കഴിയാത്ത പുറത്തു പോകുന്നത് പോലും അപൂർവ്വമായവരാണ് ഇവരിൽ ഏറെയും. നടുവേദന ആയും കൈ വേദന ആയും പ്രഷർ കൂടിയും…. ആവുന്നതിലേറെ ഭാരം പേറി പെട്ടെന്ന് രോഗിയായി മാറുന്നവർ.

ഇതൊന്നും അറിയാറില്ലെങ്കിലും കൗതുകക്കാഴ്ച്ച കാണാൻ എന്ന പോലെ രോഗീസന്ദർശനം നടത്തുന്ന ചില ബന്ധുക്കൾ പരിചരണത്തിൽ ഉള്ള കുറ്റവും കുറവും കണ്ടെത്താനും പുറത്തുപോയി നാലാളോട് പറയാനും മറക്കാറില്ല എന്നത് മറ്റൊരു കാര്യം.

എവിടെയോ ഉള്ള ഒരു രോഗിയെ രക്ഷപ്പെടുത്താൻ ലക്ഷങ്ങൾ പിരിവെടുക്കാനും പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെ ഉറ്റവരും ഉടയവരും അല്ലാത്തവർക്കും സാന്ത്വനപരിചരണം നൽകാനും മാത്രം ഉയർന്ന മനസ്സുള്ളവരായി മാറിയ നമ്മുടെ സമൂഹം രോഗികളെ മാത്രമല്ല രോഗികളെ പരിചരിക്കുന്നവരുടെ വേദനകൾ കൂടെ അറിയണം. നമ്മുടെ ബന്ധുക്കളിൽ അയൽക്കാരിൽ സുഹൃത്തുക്കളിൽ ഒക്കെ ഒരുപാട് മനുഷ്യരുടെ ജീവിതം ഇങ്ങനെ കെട്ടിയിടപ്പെട്ടിട്ടുണ്ട്. ഒരേ വീട്ടിൽ തന്നെ ഉള്ളവർ പോലും പലപ്പോഴും ഒരു കൈ സഹായമാവാൻ ശ്രമിക്കാറില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം.

ഇന്ന് രാത്രി സുഖമായി നിങ്ങൾ ഉറങ്ങിക്കോളൂ ഞാൻ കൂടെ നിന്നോളാം എന്ന് പറയാൻ. ആഴ്ചയിൽ ഒരു ദിവസം എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്തു കൊടുത്തോളം നിങ്ങൾ വിശ്രമിക്കൂ എന്ന് പറയാൻ. നിങ്ങളൊന്നു പുറത്തൊക്കെ പോയ്‌ വരൂ കുറച്ചു ദിവസം എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കിക്കോളാം എന്ന് പറയാൻ… ബന്ധുക്കളുടെ അയൽക്കാരുടെ സംഘടനകളുടെ സമൂഹത്തിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു ഇടപെടൽ ഉണ്ടായാൽ എത്രയോ മനുഷ്യർക്ക് അത് വലിയൊരു ആശ്വാസമായിരിക്കും.

കാലങ്ങളായി സ്വസ്ഥമായൊന്ന് ഉറങ്ങാത്ത, വൃത്തിയോടെയും രുചിയോടെയും ആസ്വദിച്ചു ഭക്ഷണം കഴിക്കാത്ത, എത്രയോ നാളായി പുറംലോകം കാണാത്ത നമുക്കറിയാവുന്ന ഒരുപാട് മനുഷ്യരുടെ ഉള്ളിൽ അമർന്നു പോയ സങ്കടങ്ങളാണ്. നാം അറിയുന്ന നമ്മുടെ ഉറ്റവരായ എത്രയോ മനുഷ്യർ ഇങ്ങനെ നമുക്ക് ചുറ്റും ഉണ്ട് എന്നത് നാം കാണാതെ പോവുകയാണ്.

വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കില്ലായിരിക്കാം. പക്ഷെ ശ്രമിച്ചാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളുണ്ട്.

നമ്മുടെ ചുറ്റുവട്ടത്ത് നമ്മുടെ ബന്ധുക്കളിൽ ചിലപ്പോൾ നമ്മുടെ വീട്ടിൽ തന്നെ കിടപ്പിലായ ഉറ്റ ഒരാളിലേക്ക് ഒതുങ്ങിപ്പോയവരെ കാണാൻ കഴിയണം. ഒരു ദിവസമെങ്കിലും അവർക്ക് പകരമായി നിൽക്കാൻ…… അപ്പോഴാണ് ബന്ധങ്ങൾ കൂടുതൽ ഹൃദ്യമാകുന്നത്. ഉയർന്ന സമൂഹമായി നാം മാറുന്നതും.