പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം, ഒപ്പം കുരുന്നുകളുടെ കലാപരിപാടികളും ഗാനമേളയും; മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അങ്കണവാടി സെന്റർ ദിനാഘോഷം ശ്രദ്ധേയമായി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 116-ാം നമ്പർ അങ്കണവാടി സെന്റർ ദിനാഘോഷവും ആദരിക്കലും അനുമോദനവും ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജുല ടി.എം അധ്യക്ഷയായി. ബാലൻ അമ്പാടി ചടങ്ങിലെ മുഖ്യാതിഥിയായി.

86 വയസ് കഴിഞ്ഞ ചെണ്ടവാദ്യം, തെയ്യം, അനുഷ്ടാന കലാകാരനായ കേളു പണിക്കരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ +2 പരീക്ഷയിൽ മുഴുവനും എ പ്ലസ് കരസ്ഥമാക്കിയ ഫാത്തിമ സന, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ദേവനന്ദ കെ.കെ, ധ്യാന ശ്രീനിവാസ്, അനീന നിഷാദ്, ജിനിൻ ജാസ് പി.കെ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

അങ്കണവാടി ടീച്ചറായ രജില എം, താൽക്കാലിക വർക്കർമാരായ സ്മിത ജനാർദ്ദനൻ, സുലേഖ എന്നിവരെ ബാലൻ അമ്പാടി സ്വന്തം ചിലവിൽ മൊമൻ്റോ നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, പന്തലായനി ബ്ലോക്ക് മെമ്പർ സുഹറ, നാലാം വാർഡ് മെമ്പർ വി.കെ.രവീന്ദ്രൻ, എ.എൽ.എം.എസ്.സി അംഗമായ ഗോവിന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ച ചടങ്ങിന് അങ്കണവാടി ടീച്ചറും, സംഘാടക സമിതി കൺവീനറുമായ രജില എം സ്വാഗതവും സംഘാടക സമിതി ജോയിന്റ് കൺവീനർ ജനാർദ്ദനൻ പി.കെ നന്ദിയും പറഞ്ഞു.

തുടർന്ന് അങ്കണവാടി കുരുന്നുകളുടെയും പ്രദേശത്തെ യുവതികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കരോക്കെ ഗാനമേളയും അരങ്ങേറി.

ചിത്രങ്ങൾ: