പഠനത്തില്‍ മിടുക്കന്‍, നാട്ടുകാര്യങ്ങളില്‍ നിറസാന്നിദ്ധ്യം; മേപ്പയ്യൂരില്‍ മരണമടഞ്ഞ അമല്‍ കൃഷ്ണ അപകടത്തില്‍പെട്ടത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി, യാത്രാമൊഴിയേകി നാട്


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ നാട്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും എല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അമലിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

നാളെ ആരംഭിക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായി രാത്രി മുഴുവന്‍ പഠിച്ച് ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ് മേപ്പയ്യൂര്‍ ടൗണിനു അടുത്ത് വച്ച് അമല്‍ കൃഷ്ണ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെടുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമല്‍ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. എസ്എഫ്‌ഐ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയും മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി വൈസ്.പ്രസിഡന്റുമാണ്. ഈ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് അമല്‍ വിജയിച്ചത്.

പ്രായത്തില്‍ കവിഞ്ഞ പക്വതയും കാര്യ ബോധവും കാണിക്കുന്ന അമല്‍ നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. കല്യാണ വീടുകളിലും നാട്ടിലെ മറ്റ് സാംസ്‌കാരിക പരിപാടികളിലും എല്ലാം തന്നെ അമലിന്റെ നിറ സാനിധ്യം ഉണ്ടാവുമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്ര വച്ച് നടന്ന എസ്എഫ്‌ഐ ഏരിയ സമ്മേളനം വിജയിപ്പിക്കാന്‍ വേണ്ടി തന്റെ പ്രദേശത്തെ മുഴുവന്‍ വീടുകളും കയറാന്‍ മുന്‍കൈ എടുത്തതും അമല്‍ തന്നെയായിരുന്നെന്നും അറിയിച്ചു.

മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകനാണ്. അഞ്ജന സഹോദരിയാണ്.