‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം


ന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍ പറയുന്നത്.meerodu mala

മേപ്പയ്യൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മീറോട് മല. സൂര്യോദയവും അസ്തമയക്കാഴ്ചയും കൂടാതെ കടലിന്റെ മനോഹര ദൂരക്കാഴ്ചയും ഇവിടുത്തെ വ്യൂപോയിന്റിന്റെ പ്രത്യേകതയാണ്. ഇടയ്ക്കിടെ പെയ്തിറങ്ങുന്ന കോടമഞ്ഞും മഴക്കാലങ്ങളിലെ പ്രത്യേക പ്രകൃതി ഭംഗിയും ചേര്‍ന്ന് മീറോട് മലയെ ഒരു ഹൃദയഹാരിയായ അനുഭവമാക്കുന്നു.

മീറോട് മല പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. പരിസ്ഥിതി പഠന കേന്ദ്രം, വീക്ഷണഗോപുരങ്ങള്‍, വാനനിരീക്ഷണ കേന്ദ്രം, ട്രക്കിംങ്, റോപ് വേ, റോപ് ക്ലൈമ്പിംങ്, ഇളനീര്‍ കുടിലുകള്‍, കുട്ടികള്‍ക്കുള്ള പ്ലേ ഗാര്‍ഡന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുകയും മലയിലേക്കുള്ള റോഡുകള്‍ നവീകരിക്കുകയും ചെയ്തുകൊണ്ട് പ്രകൃതി കനിഞ്ഞു നല്‍കിയ ഈ മനോഹര പ്രദേശം സഞ്ചാരി സൗഹൃദമാക്കാന്‍ ടൂറിസം വകുപ്പ് തയാറാവണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ദേശീയപാതയില്‍ നിന്നും, കൊയിലാണ്ടി, വടകര റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വളരെ അടുത്തുകിടക്കുന്ന മീറോട് മല, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന ദൂരത്തിലാണ്. ഇത് മീറോട് മലയെ എളുപ്പം സഞ്ചാരികളുടെ ഭൂപടത്തിലേക്ക് എത്തിക്കാവുന്ന അനുകൂല ഘടകങ്ങളാണ്. മിച്ചഭൂമി സമര ചരിത്രവും, കീഴരിയൂര്‍ ബോംബ് കേസിന്റെ ഓര്‍മ്മകളും, ഗ്രാമീണ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും മീറോട് മലയെ സാംസ്‌കാരിക-പൈതൃക ഇടം കൂടിയാക്കുന്നു. അപൂര്‍വ ഇനം സസ്യങ്ങളും ചിത്രശലഭങ്ങളും മൃഗങ്ങളും മയിലുകളടക്കമുള്ള പക്ഷികളും കൊണ്ട് സമ്പന്നവുമാണ് ഇവിടം.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ വാര്‍ത്താവിനിമയ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയുടെ മുകളില്‍ മൈക്രോവേവ് റിപ്പീറ്റിംങ് സ്റ്റേഷന്‍ സ്ഥാപിച്ചതോടെ മീറോട് മല മൈക്രോവേവ് മല എന്നും അറിയപ്പെടാന്‍ തുടങ്ങി. മലയില്‍ കാലങ്ങള്‍ക്ക് മുന്‍പ് നടന്ന ഇഞ്ചപ്പുല്‍ കൃഷിയുടെ ബാക്കിയെന്നോണം ഉയര്‍ന്നുവളരുന്ന ഇഞ്ചപ്പുല്ലുകളും, ചെറിയ കളരിയും, വലിയ കളരിയും, നീരുറവകളും, കോടമഞ്ഞും, കുന്നിനുമുകളില്‍ നിന്നും ദൃശ്യമാകുന്ന നയന മനോഹരമായ കാഴ്ചകളും പ്രഭാതങ്ങളിലും സായന്തനങ്ങളിലും ആളുകളെ കുന്നിനുമുകളിലേക്ക് ആകര്‍ഷിക്കുന്നു.

മൈക്രവേവ് സ്റ്റേഷനിലേക്കുള്ള ചെമ്മണ്‍ പാതയാണ് സഞ്ചാരികള്‍ മീറോട് മലയുടെ മുകളിലെത്താന്‍ നിലവില്‍ ആശ്രയിക്കുന്നത്. ഈ പാത നവീകരിച്ച് മെച്ചപ്പെട്ട ഗതാഗതം സാധ്യമാക്കണമെന്നതാണ് യാത്രികരുടെ പ്രധാന ആവശ്യം.