ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി അഗ്നിരക്ഷാ സേന, ഒപ്പം പോലീസും നാട്ടുകാരും; പകുതിയോളം ഭാഗത്തെ തീ അണച്ചു, തീപിടുത്തത്തിൽ സ്തംഭിച്ച് കോഴിക്കോട് നഗരം
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിലെ തീപിടുത്തത്തിന് പിന്നാലെ നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക്. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്ന് നീങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ടെക്സ്‌റ്റൈല്‍സ് പൂർണമായും കത്തി നശിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സും ഏതാണ്ട് പൂർണമായി കത്തി.
ആദ്യം തീപിടിച്ച മെഡിക്കൽ സ്റ്റോറിൽ നിന്ന് കൂടുതൽ കടകളിലേക്ക് തീ പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം മാറ്റി. ആദ്യ സമയത്ത് തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാൽ യൂണിഫോം തുണിത്തരങ്ങളുടെ വൻ ശേഖരമടക്കം കടയിലുണ്ടായിരുന്നു. തീ ഇതിലേക്ക്
പടർന്ന് ആളിക്കത്തിയതോടെ സമീപത്തെ കടകളിലുള്ളവരും ഒഴിഞ്ഞു. കടകളിലേറെയും എസി ആയതിനാൽ അടച്ചുമൂടിയ നിലയിലാണ്. അതും തീപിടിത്തം നിയന്ത്രിക്കുന്നതിന് തടസ്സമായി.
മൂന്ന് മണിക്കൂറിന് ശേഷവും തീയണയ്ക്കാനുള്ള ഫയർ ഫോഴ്സ് ശ്രമം തുടരുകയാണ്. നിലവിൽ കോഴിക്കോട് നഗരത്തെയാകെ മൂടി പുക പടർന്നിട്ടുണ്ട്. തീ കെടുത്താനായി അഗ്നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തി. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങി. ഇതിനിടയിലാണ് തീ വ്യാപകമായി പടർന്നത്. നിലവിൽ ഇരുപതോളം അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകള്‍ പ്രദേശത്തുണ്ട്.