പറന്നുയർന്ന് കോഴി വില; ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത് അറുപത് രൂപ


കോഴിക്കോട്: കുതിച്ചുയർന്ന് കോഴിവില. വേനൽ കനത്തതോടെ പ്രാദേശിക വളർത്തുകേന്ദ്രങ്ങളിലെ കോഴി ഉൽപ്പാദനം കുത്തനെ കുറഞ്ഞതോടെയാണ് വില കുതിച്ചുയർന്നത്. ഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വർധിച്ചത്. 220 മുതൽ 240 വരെയാണ് പൊതുവിപണിയിൽ കോഴിയിറച്ചി വില.

നോമ്പ് കാലമാരംഭിക്കുമ്പോൾ കോഴി വില ഇടിയുകയാണ് പതിവ്. എന്നാൽ ഇത്തവണ വലിയ നോമ്പ് ആരംഭിച്ചിട്ടും വില കൂടി കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത്‌ കോഴികൾക്ക്‌ രോഗം വരുന്നതിനാൽ പ്രാദേശികമായ ഫാമുകളിൽ നിന്ന് ഉൽപ്പാദനം കുറയുന്ന സമയമാണിത്. അതിനാൽ തമിഴ്‌നാടിനെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ വില വീണ്ടും ഉയർന്നു.

ഒരാഴ്ച മുമ്പ് നഗരത്തിൽ കിലോയ്ക്ക്‌ 180 രൂപയായിരുന്നു ബ്രോയിലർ കോഴിയിറച്ചിയുടെ വില. . ഗ്രാമീണ മേഖലകളിൽ 240 വരെയായിട്ടുണ്ട്‌. ലഗോൺ വില 190 രൂപയും സ്പ്രിങ് ചിക്കന് 210 രൂപയുമായി വർധിച്ചു. കാടയുടെ വിലയും കൂടിയിട്ടുണ്ട്‌.

കോഴി തീറ്റ വില വർദ്ധനവും മറ്റൊരു കാരണമാണ്. കോഴിത്തീറ്റ വില ചാക്കിന് ആറു മാസത്തിനുള്ളിൽ ചാക്കിന് 1300ൽ നിന്ന് 2,250 വരെയായി. ഇതോടെ കോഴികൾക്കായി പൂർണമായും തമിഴ്‌നാട്ടിലെ ഫാമുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌. തമിഴ്‌നാട്ടിലെ ഫാമുകളാണ്‌ ഇപ്പോൾ കോഴിവില തീരുമാനിക്കുന്നത്‌. ഒരുകിലോ കോഴി 191 രൂപയ്ക്കാണ് വിപണിയിലെത്തുന്നത്. ഇതിൽനിന്ന്‌ 600–650 ഗ്രാം ഇറച്ചിയാണ്‌ ലഭിക്കുക. ഇന്ധന വില കൂടിയതും വിലക്കയറ്റത്തിന് കാരണമായി.