കൊയിലാണ്ടിയില്‍ നിന്ന് പോയ ബോട്ട് എഞ്ചിന്‍ തകരാറായി കടലില്‍പ്പെട്ടു; 30 തൊഴിലാളികളെയും സുരക്ഷിതമായി കരകയറ്റി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍പ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയ്ക്കായി സംഭവം. ആലിലക്കണ്ണന്‍ എന്ന ബോട്ടാണ് തകരാറായത്. ബോട്ടില്‍ മുപ്പത് തൊഴിലാളികളുണ്ടായിരുന്നു.

തൊഴിലാളികള്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ബോട്ടും തൊഴിലാളികളെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി.ഷണ്മുഖന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സി.പി.ഒ ജീന്‍ദാസ്, റസ്‌ക്യൂ ഗാര്‍ഡ് സുമേഷ് എന്നിവരും രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്നു.