പ്രിയപ്പെട്ട ഷാമിൽ, നമ്മുടെ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസ് മുറിയിലെ ശൂന്യത നീ അറിയുന്നില്ലല്ലോ; മുങ്ങിപ്പോയാൽ മൂന്ന് മിനുട്ട് കൊണ്ട് മുട്ടിത്തീരുന്ന ശ്വാസമേ മനുഷ്യനുള്ളൂ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം; കഴിഞ്ഞ ദിവസം മുങ്ങി മരിച്ച കീഴരിയൂർ സ്വദേശി മുഹമ്മദ് ഷാമിലിന്റെ അധ്യാപകൻ എഴുതുന്നു


കീഴരിയൂർ: ‘എപ്പോഴും പുഞ്ചിരി നിറച്ച നീ എല്ലാവരുടെയും പുഞ്ചിരി മായ്ച്ച് കടന്നു പോയല്ലൊ. നഷ്ടത്തിൻ്റെ ആഴവും ദു:ഖത്തിൻ്റെ കനവും നീ അറിയുന്നില്ലല്ലോ. നിന്നോടിനി എന്തു പറയാൻ. നോവു നിറയും ഓർമ്മപ്പൂവായ് നെഞ്ചോടു ചേർക്കുകയല്ലാതെ. ഉറ്റവരുടെ ദു:ഖത്തിൽ ഒപ്പം നിൽക്കുകയല്ലാതെ.’ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച കീഴരിയൂർ സ്വദേശി മുഹമ്മദ് ഷാമിലിന്റെ അധ്യാപകൻ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പിൽ നിന്നുള്ള ഭാഗമാണിത്. ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചത്. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസ്സായിരുന്നു.

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീന്തല്‍ പഠിക്കുന്നതിനിടെ ചളിയില്‍ താണുപോയതാവാം മുഹമ്മദ് ഷാമിലിന്റെ മരണ കാരണമെന്ന് നാട്ടുകാർ പറയുന്നു. നീന്തൽ ഒരു കായിക കായിക ഇനമാണെന്നും അതറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. എന്നാൽ മുങ്ങി മരണം ഒരു കായിക ഇനമോ, കലാവിരുന്നോ അല്ല എന്നും അധ്യാപകൻ പറയുന്നു. കുളത്തിലിറങ്ങുന്നതിന് മുൻപ് ഏറെ ശ്രദ്ധിക്കണമെന്നും മാഷ് ഓർമിപ്പിക്കുന്നു. ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റിന്റെപൂർണ്ണ രൂപം:

പറയാനുണ്ട്, വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും. ഇതെഴുതുമ്പോൾ ഇന്ന് രാവിലെ മുങ്ങി മരിച്ച എൻ്റെ പ്രിയ ദിദ്യാർത്ഥിയുടെ ഖബറടക്കം കഴിഞ്ഞിരിക്കുന്നു.

ഷാമിൽ…

എപ്പോഴും പുഞ്ചിരി നിറച്ച നീ എല്ലാവരുടെയും പുഞ്ചിരി മായ്ച്ച് കടന്നു പോയല്ലൊ. നഷ്ടത്തിൻ്റെ ആഴവും ദു:ഖത്തിൻ്റെ കനവും നീ അറിയുന്നില്ലല്ലോ. നിന്നോടിനി എന്തു പറയാൻ. നോവു നിറയും ഓർമ്മപ്പൂവായ് നെഞ്ചോടു ചേർക്കുകയല്ലാതെ. ഉറ്റവരുടെ ദു:ഖത്തിൽ ഒപ്പം നിൽക്കുകയല്ലാതെ.

പറയാനുള്ളത് നിൻ്റെ കൂട്ടുകാരോടും രക്ഷിതാക്കളോടുമാണ്..

നീന്തൽ ഒരു കായിക ഇനമാണ്. അതറിയേണ്ടത് ജീവിതത്തിൽ പ്രധാനവുമാണ്. പക്ഷെ മുങ്ങി മരണം ഒരു കായിക ഇനമോ, കലാവിരുന്നോ അല്ല. കുളത്തിലിറങ്ങുന്നതിന് മുൻപ് പിന്നീട് ആരും കരയാതിരിക്കാൻ കരയിലിരുന്ന് നന്നായി ആലോചിക്കണം. എന്തു സുരക്ഷയുടെ അകമ്പടിയിലാണ് പടവുകളിറങ്ങുന്നത് എന്ന്. കുളങ്ങളുടെ കമ്മറ്റികളും ആലോചിക്കണം എന്തു മുന്നറിയിപ്പാണ് പതിച്ചിരിക്കുന്നത് എന്ന് ഏതു ദൗത്യ വോളന്റിയർമാരാണ് അപകട നിമിഷങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന്.

മുങ്ങിപ്പോയാൽ മൂന്ന് മിനുട്ട് കൊണ്ട് മുട്ടിത്തീരുന്ന ശ്വാസമേ മനുഷ്യനുള്ളൂ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഒപ്പമുള്ളവർ കണ്ടെന്ന് വരില്ല, കണ്ടാലും രക്ഷിക്കാൻ പറ്റണമെന്നില്ല…

പ്രിയപ്പെട്ട ഷാമിൽ..

നമ്മുടെ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി ക്ലാസുകളിലെ ശൂന്യത നീ അറിയുന്നില്ലല്ലോ. അറിയാം ഈ മുങ്ങിമരണം ആദ്യത്തെതല്ല എന്ന്. അവസാനത്തെതാവണം എന്ന് ആഗ്രഹിക്കാമല്ലൊ. ചെടിയുടെ വേരിളക്കിക്കൊണ്ടു തന്നെയാണ് ഓർക്കാപ്പുറത്തുള്ള ഓരോ പൂവിൻ്റെയും കൊഴിഞ്ഞുപോക്ക്.

മക്കളെ, നിങ്ങൾ അകാലത്തിൽ പൊലിഞ്ഞാൽ ഉറ്റവരുടെ കണ്ണീർ നിലക്കില്ല. മഴയത്ത് തളിർക്കാനും വെയിലത്ത് വാടാനും കഴിയാത്ത മരവിപ്പാകും അവർ. മണ്ണോടു ചേരും വരെ നെഞ്ചോടു ചേർത്ത് കഴിയും നിങ്ങളുടെ ഓർമ്മകളെ. മുന്നറിയിപ്പാവട്ടെ ഇത് മുങ്ങിപ്പോവാതെ മുന്നോട്ട് നടക്കാൻ.

സ്നേഹപൂർവ്വം’
കണ്ണീർ കൂട്ടങ്ങളുടെ നടുവിൽ നിന്ന്…

നിൻ്റെ ക്ലാസ് ടീച്ചർ
ഷാജി മാഷ്