”ഇടിച്ച കാറോ ആ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരനോ കരുണ കാണിച്ചിരുന്നെങ്കില്‍ ആ ജീവന്‍ ബാക്കിയുണ്ടാകുമായിരുന്നു” മുക്കത്തെ വാഹനാപകടത്തില്‍ ഒരുജീവന്‍ നഷ്ടമാകാനിടയാക്കിയത് ചിലരുടെ മനുഷ്യത്വമില്ലായ്മ


മുക്കം: ഇടിച്ച കാറോ ബസ് ജീവനക്കാരോ ആരെങ്കിലും അല്പം മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ മുക്കത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ ബേബിയ്ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് പറയുകയാണ് ബേബിയെ ആശുപത്രിയിലെത്തിച്ചവര്‍. സിവില്‍ ഡിഫന്‍സ് അംഗമായ ഓമശ്ശേരി പൂതാടത്തുംകണ്ടി പ്രജീഷും സുഹൃത്തുക്കളായ അഖില്‍ ചന്ദ്രനും ജംഷീര്‍ മേലേമ്പ്രയും കയിച്ചുകൊട്ടിച്ചാലില്‍ ശിവനുമാണ് റോഡില്‍ രക്തംവാര്‍ന്നുനിലയില്‍ കണ്ട ബേബിയെ ആശുപത്രിയിലെത്തിച്ചത്.

മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങുകയായിരുന്നു പ്രജീഷും സുഹൃത്തുക്കളും. മുക്കത്തേക്ക് വരുമ്പോള്‍ അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ട ഒരാള്‍ റോഡരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ബസില്‍ നിന്ന് ഇറങ്ങി.” അയാള്‍ക്ക് അല്പമെങ്കിലും ജീവനുണ്ടെങ്കില്‍ ഈ ബസില്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം. ജനങ്ങളുടെ ലഗേജ് ബസില്‍ തന്നെ ഇരുന്നോട്ടെ” എന്നു പറഞ്ഞാണ് ബസില്‍ നിന്നിറങ്ങിയത്.

നാലുപേരും ഓടിച്ചെന്ന് നോക്കുമ്പോള്‍ കാലിന് ഗുരുതരമായി പരിക്കേറ്റ് വേദനകൊണ്ട് പുളയുകയായിരുന്നു ബേബി. ഇതിനിടയില്‍ ഇവരെ കാത്തുനില്‍ക്കാതെ ആ കെ.എസ്.ആര്‍.ടി.സി ബസ് പോയി.

തുടര്‍ന്ന് പ്രജീഷ് ആംബുലന്‍സ് വിളിക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയത്. മണാശേരിയിലെ സ്വകാര്യ ആആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തംവാര്‍ന്നുപോയതായും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പ്രജീഷിനെ അറിയിച്ചു. അധികം വൈകാതെ ബേബി മരണത്തിനു കീഴടങ്ങുകയും ചെയ്തു. ബേബിയുടെ ബന്ധുക്കളെ വിവരം അറിയിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കയറ്റിവിട്ടശേഷമാണ് പ്രജീഷും സംഘവും ആശുപത്രി വിട്ടത്. അപ്പോഴേക്കും സമയം പുലര്‍ച്ചെ അഞ്ചായിരുന്നു.

കെ.എസ്.ആര്‍.ടി. തിരുനമ്പാടി ഡിപ്പോയിലേക്ക് വിളിച്ചപ്പോള്‍ അവര്‍ വന്ന ബസ് ഏഴരയ്ക്ക് തിരുവമ്പാടിയിലെത്തുമെന്ന് അറിഞ്ഞു. പ്രജീഷും സംഘവും ആശുപത്രിയില്‍ നിന്ന് നേരെ പോയത് തിരുവമ്പാടി ഡിപ്പോയിലേക്കാണ്. ബസിലെ ഡ്രൈവറെ കണ്ട് കാരണം തിരക്കിയപ്പോള്‍ പരിക്കേറ്റയാളെ ബസില്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നായിരുന്നു മറുപടിയെന്ന് യുവാക്കള്‍ പറഞ്ഞു.

Summary: man lost life in manasseri mukkam accident