സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍; പിടിച്ചെടുത്തത് രണ്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവ്


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം സ്വദേശി പൂവരണി കൂനനിക്കല്‍ വീട്ടില്‍ കെ.ടി ജോസഫ് (67) നെയാണ് പിടികൂടിയത്.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് മൂന്നുകിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

കസബ എസ്.ഐ ആന്റണിയാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്ക് ഡി.സി.പി കെ.ഇ.ബൈജു, ജില്ലാ ആന്റി നാര്‍കോട്ടിക് അസി. കമ്മീഷണര്‍ പ്രകാശന്‍ പി.പടന്നയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.