ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് കൊയിലാണ്ടിയിൽ വീണ്ടും അപകടം; ഡിവൈഡർ തെറിച്ചു പോയി

കൊയിലാണ്ടി: തുടർകഥയായി കൊയിലാണ്ടിയിലെ ഡിവൈഡർ ഇടിച്ച് അപകടം. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന് മുൻപിലുള്ള ഡിവൈഡറിലിടിച്ച് ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്.

ഇന്ന് വെളുപ്പിനെ ഒരു മണിയോടെ ആയിരുന്നു സംഭവം. വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച് റോഡിൻറെ മറുവശത്ത് പോവുകയും ലോറി ഡിവൈഡറിൽ കയറി നിൽക്കുകയും ചെയ്തു.

വിവരമറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടിഅഗ്‌നിരക്ഷ സേന സംഭവ സ്ഥലത്തെത്തുകയും ഡിവൈഡർ റോഡിൽ നിന്നും നീക്കി ഗതാഗതം തടസ്സം ഒഴിവാക്കി. അശാസ്ത്രീയമായ രീതിയിൽ ഉള്ള ഡിവൈഡർ സ്ഥാപിച്ചതിനാൽ ഇപ്പോൾ അപകടങ്ങൾ പതിവായിരിക്കുകയാണ് എന്ന് അഗ്നി ശമന സേന അഭിപ്രായപ്പെട്ടു.

ഡിവൈഡറിൽ ഇടിച്ചുള്ള അപകടങ്ങൾ ഇവിടെ സ്ഥിരമായിരിക്കുകയാണ്. മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതെന്ന് ആരോപണവുമുണ്ട്.  വെളിച്ചക്കുറവും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഈ സ്ഥലം പരിചയമില്ലാത്തവരാണ് കൂടുതലായി അപകടത്തിൽ പെടുന്നതുമെന്നാണ് നാട്ടുകാരുടെ പ്രതികരണം.

ഫെബ്രുവരി ആദ്യമാണ് കൊയിലാണ്ടി നഗരഹൃദയത്തിലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കോടതിക്ക് മുന്നിലുള്ള ഭാഗത്താണ് ഇവ സ്ഥാപിച്ചത്.

നേരത്തേ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.