‘മണ്ണിട്ട് നികത്തുന്നത് ഞങ്ങളുടെ നാടിന്റെ ദാഹശമനി, ഇതിലൂടെ ദുരിതത്തിലാകുന്നത് ഈ കിണറിനെ ആശ്രയിക്കുന്ന അൻപതോളം കുടുംബങ്ങൾ’; പനിച്ചിക്കുന്ന് പൊതുകിണർ നികത്തുന്നതിൽ ആശങ്കയോടെ നാട്ടുകാർ; പ്രതിഷേധ സമരക്കാർക്ക് പിന്തുണയുമായി എം.എൽ.എ


കൊയിലാണ്ടി: ദേശീയപാത ബൈപ്പാസ് കടന്നുപോകുന്നതിന്റെ ഭാഗമായി മൺമറഞ്ഞ കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും ലിസ്റ്റിലേക്ക് പനിച്ചിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പൊതു കിണറും. കടുത്ത വേനലെത്തുമ്പോൾ ഒരു നാടിനു മുഴുവൻ ആശ്രയമായി മാറുന്ന കിണർ നഷ്ട്ടപെടുന്നതിൽ ശക്തമായി പ്രതിഷേധവുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്. സംഭവം അറിഞ്ഞ് കാനത്തിൽ ജമീല എം.എൽ.എ സ്ഥലം സന്ദർശിക്കുകയും വിവരങ്ങളന്വേഷിച്ച് സമരക്കാർക്കു പൂർണ്ണമായ പിന്തുണയും നൽകുകയുമുണ്ടായി.

മണ്ണിട്ട് നികത്തുന്നതിലൂടെ ഒരു നാടിന്റെ തന്നെ വെള്ളം കൂടിയാണ് മുട്ടിക്കുന്നത് എന്ന് നാട്ടുകാരിലൊരാളായ ഭാരതി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘അൻപതോളം കുടുംബങ്ങളാണ് ഈ കിണറിനെ ആശ്രയിച്ചു ജീവിക്കുന്നത്. ഇത് നികത്തിയാൽ എന്താകുമെന്ന് ഞങ്ങൾക്കറിയില്ല. വെള്ളമെടുക്കണമെങ്കിൽ അനേക ദൂരം നടന്നാൽ മാത്രമേ സാധിക്കുകയുള്ളു. അധികൃതർക്ക് അപേക്ഷ നൽകാനാണ് തീരുമാനം. സ്ഥിരമായി ഈ കിണറിനെ ആശ്രയിക്കുന്ന നാല്പത്തിയഞ്ചോളം വീടുകളുണ്ട്. ഇത് കൂടാതെ പുതുതായി ചില വീടുകൾ വന്നിട്ടുണ്ട്. വേനൽകാലമാകുന്നതോടെ ഇവിടെ നിന്ന് വെള്ളമെടുക്കുന്നവരുടെ എണ്ണം കൂടും. ഭാരതി കൂട്ടിച്ചേർത്തു.

 

കിണർ മൂടപ്പെട്ടാൽ പനച്ചിക്കുന്നിലെ അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടുക. കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പനച്ചിക്കുന്ന് നിവാസികൾക്കായി കനാലിന് സമീപം ഇരുപത്തിയഞ്ച് വർഷം മുൻപ് നഗരസഭ കുഴിച്ച കിണറാണിത്.

ജില്ല കളക്ടർ ഉൾപ്പെടെയുള്ള അധികാരികളുടെ ശ്രദ്ധയിൽ വിഷയം എത്തിക്കാമെന്നാണ് എം.എൽ.എ സമര സമിതിക്കു നൽകിയിരിക്കുന്ന വാഗ്‌ദാനം. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രവൃത്തി തടയുന്നതുൾപ്പടെയുള്ള സമരമാർഗ്ഗങ്ങളിലേക്ക് വരും ദിവസങ്ങളിൽ കടക്കുമെന്നാണ് സമര സമിതിയുടെ പ്രഖ്യാപനം.

റോഡിനു വേണ്ടി ഈ കിണർ മണ്ണിട്ട് നികത്തുന്നതിനുള്ള പദ്ധതിയാണ് അധികൃതർ ഒരുക്കിയത്. എന്നാൽ തങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന ഈ പ്രവർത്തീക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ ഒത്തുകൂടി പൊതുകിണറിന് ചുറ്റും സമരവലയം തീർത്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.