ഇനി ആധാറും വോട്ടർ പട്ടികയും ഓൺലൈനായി ബന്ധിപ്പിക്കാം; എങ്ങനെയെന്ന് അറിയാം


കൊയിലാണ്ടി: എന്തിനും ഏതിനും ആധാർ തന്നെ. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായാകന് ഇനി ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ചീഫ് ഇലക്ഷൻ ഓഫീസറാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടർ പട്ടിക തയ്യാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിലവിൽ എല്ലാവർഷവും ജനുവരി 1ന് യോഗ്യത തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരം ഉണ്ടായിരിക്കുക. 2023 ലെ വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ 2022 ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് മൂന്ന് മാർഗ്ഗങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന്
www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപിലോ, ബൂത്ത്‌ ലെവൽ ഓഫീസർ വഴിയും ആധാർ കാർഡ്‌ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ഇത് കൂടാതെ ഫോം 6ബി യിലും അപേക്ഷിക്കാം.

കുടുതൽ വിവരങ്ങൾ അറിയാനായി www.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.